തൊടുപുഴ: നഗരമധ്യത്തില്‍ ആധാര എഴുത്താഫീസില് ആക്രമണം നടത്തി രേഖകള്‍ കവര്‍ന്നു. തൊടുപുഴ പ്രസ്സ് ക്ലബിന് എതിര്‍വശത്തായി പ്രവര്‍ത്തിക്കുന്ന വേമ്പന്സ് ആധാരം എഴുത്താഫിസില് ആണ് ഇന്നലെ 4 മണിയോടെ ആധാരം വാങ്ങുവാനായി എത്തിയ യുവാവ് ആക്രമണം നടത്തിയത്. വി റ്റി സന്തോഷ് കുമാര്‍ എന്ന ആളുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് ആധാരം എഴുത്താഫീസ്. സന്തോഷിന്റെ ഭാര്യ ഇടയ്ക്കാട്ട്കയറ്റം വേമ്പന്കോട്ട് ബിന്ദുവിനെ ആക്രമിച്ചാണ് യുവാവ് ആധാരം കൈക്കലാക്കിയത്. ആക്രമണത്തില്‍ ബിന്ദുവിന് പരിക്കേല്‍ക്കുകയും ആഫീസിലെ ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. പൂമാല സ്വദേശിയുടെ പേരിലുള്ള ആധാരം വേണമെന്ന് ആവശ്യപ്പെട്ടാണ് ഇവിടെ എത്തിയത്. രണ്ടു പേരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത ആധാരം ഒരാള്‍ക്കായി നല്കാന് സാധിക്കില്ലെന്ന് ബിന്ദു അറിയിച്ചു. ഇതിനെ തുടര്‍ന്ന് കുപിതനായ യുവാവ് ബലമായി ആധാരം ബിന്ദുവിന്റെ കയ്യില്‍ നിന്ന് പിടിച്ചുവാങ്ങിക്കുകയായിരുന്നു. ഇതിനിടയിലാണ് ഉപകരണങ്ങള്‍ നശിപ്പിക്കപ്പെട്ടത്. ആഫീസില്‍ ഇതേ സമയം വൃദ്ധനായ ഒരു ഇടപാടുകാരനാണ് ഉണ്ടായിരുന്നത്. ബിന്ദു ഒച്ചയെടുത്തതിനെ തുടന്നാണ് വൃദ്ധന് ഇടപ്പെട്ട് യുവാവിനെ പിന്തിരിപ്പിച്ചത്. ആളുകള്‍ ഓടികൂടുന്നത് കണ്ട് യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ പ്രിന്‍സിപ്പല്‍ എസ്ഐ വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ബിന്ദുവിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തു. പ്രതിയെ ഉടന്‍ പിടികൂടുമെന്ന് എസ്ഐ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: