കണ്ണൂര്‍: കഴിഞ്ഞ 67 വര്‍ഷത്തെ ഭരണം കൊണ്ട് ഇടത്-വലത് മുന്നണികള്‍ കേരളത്തെ വൃദ്ധസദനമാക്കി മാറ്റിയെന്ന് ശോഭകരന്തലജെ എംപി പത്രസമ്മേളനത്തില്‍ പറഞ്ഞു. യുവജനങ്ങള്‍ ജോലി തേടിയും വിദ്യാഭ്യാസം തേടിയും മറ്റ് സംസ്ഥാനങ്ങളിലേക്ക് പോവുകയാണ്. പുതുതലമുറ കേരളത്തില്‍ നില്ക്കാന് താല്പര്യം പ്രകടിപ്പിക്കുന്നില്ല. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനോ വ്യാവസായിക വികസനത്തിന് വേണ്ടിയോ കേരളം ഭരിച്ച സര്‍ക്കാരുകള്‍ ഒന്നും ചെയ്യാത്തതുകൊണ്ടാണ് യുവജനത കേരളം വിടുന്നത്. പുതിയ വ്യവസായ സംരംഭകര്‍ മറ്റ് സംസ്ഥാനങ്ങളില്‍ വ്യവസായം ആരംഭിക്കുമ്പോള്‍ കേരളത്തില്‍ വരാന്‍ വിമുഖത കാട്ടുകയാണ്. ഇതിനുള്ള കാരണം ആരാഞ്ഞാല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന്ആവശ്യമായ സഹകരണം ലഭിക്കുന്നില്ലെന്നാണ് പറയുന്നത്. കേരളത്തില്‍ അഴിമതിയുടെ കാര്യത്തില്‍ ഇടത് വലത് മുന്നണികള്‍ പരസ്പര ധാരണയിലാണ്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഏതെങ്കിലും തരത്തിലുള്ള അഴിമതിയുമായി ബന്ധപ്പെട്ട വിഷയം ഉയര്‍ത്തിക്കൊണ്ടുവരുവാന്‍ കേരളത്തില്‍ സിപിഎം തയ്യാറാകാത്തത് ഈ പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ്. മാറിമാറി കേരളം ഭരിച്ച ഇടത് -വലത് മുന്നണി കേരളത്തിന് നല്‍കിയത് വികസന മുരടിപ്പ് മത്രമാണ്. ഇത്തരം സാഹചര്യം മാറാന്‍ വികസനോന്മുഖമായി ചിന്തിക്കുന്ന ബിജെപി കേരളത്തില്‍ ശക്തമാകണമെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ കേന്ദ്രത്തില്‍ മോദിയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ കേരള രാഷ്ട്രീയവും മാറുകയാണ്. ബിജെപിയെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധിയാളുകളാണ് ദിനംപ്രതി ഒഴുകിയെത്തുന്നത്. മോദി സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും വികസനത്തിനാവശ്യമായ സഹായങ്ങള്‍ നല്‍കുന്നുണ്ട്. വികസന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയമായ വേര്‍തിരിവ് കാണിക്കുന്നില്ല. ഗ്രാമങ്ങളുടെ വികസനത്തിന് മോദിസര്‍ക്കാര്‍ കോടിക്കണക്കിന് രൂപയാണ് മാറ്റി വെച്ചിരിക്കുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കും മറ്റ് പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കും മോദി സര്‍ക്കാര്‍ തുല്യ പരിഗണനയാണ് നല്‍കുന്നത്. സ്വച്ഛ് ഭാരത്, പ്രധാന് മന്ത്രി സുരക്ഷാ ഭീമാ യോജന, ജന്‍ധന്‍ യോജന തുടങ്ങി നിരവധി പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ സാധാരണ പൗരന്മാര്ക്കു വേണ്ടി നടപ്പിലാക്കുന്നത്. ഇന്ദിരാഗാന്ധി സര്‍ക്കാര്‍ ബാങ്കുകളെ ദേശസാല്കരിച്ചെങ്കിലും ജന്ധന യോജനാ പദ്ധതി നിലവില്‍ വന്നതോടെയാണ് സാധാരണക്കാര്‍ ബാങ്കിങ് സംവിധാനത്തിന്റെ ഗുണഭോക്താക്കളായത്. രാജ്യത്തിന്റെ സുരക്ഷയും വികസനവുമാണ് ബിജെപി ലക്ഷ്യമിടുന്നത്. പുതുതലമുറയെ ബിജെപിയിലേക്ക് ആകര്‍ഷിക്കുന്നത് പാര്‍ട്ടിയുടെ വികസനോന്മുഖമായ കാഴ്ചപ്പാടുകളാണെന്നും ശോഭകരന്തലജെ പറഞ്ഞു. ജില്ലാ അധ്യക്ഷന്‍ കെ.രഞ്ജിത്ത്, ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ.വേലായുധന് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: