തിരുവല്ല: വിലക്കുറവില്‍ മൊബൈല്‍ ഫോണും ആക്സസറീസും കുറഞ്ഞ പലിശ നിരക്കില്‍ വായ്പയും എത്തിച്ചു നല്‍കാമെന്ന വ്യാജേന പണംതട്ടിയെടുത്ത യുവാവിനെ പൊലിസ് പിടികൂടി. കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശിയും കോട്ടയം കുമാരനല്ലൂര്‍ പെരുമ്പായിക്കാട്ടുശ്ശേരി ഇന്ദിരാഭവനില്‍ താമസിക്കുന്നതുമായ റഫീഖ് (36) ആണ് അറസ്റ്റിലായത്.
കുമ്പനാട് ഫോണ്സിറ്റി എന്ന മൊബൈല്‍ ഷോപ്പ് ഉടമ വയലത്തല ചരിവുകാലായില്‍ അനില്‍കുമാറിന്റെ പരാതിയെതുടര്‍ന്നാണ് ഇയാള്‍ അറസ്റ്റിലായത്. മൊബൈല്‍ ഷോപ്പിലെത്തി പരിചയപ്പെട്ട് ഫോണ്‍ ചാര്ജ്ജ്ചെയ്ത് ഇയാള്‍ കടയുടമകളുമായി അടുപ്പമാകും. തുടര്‍ന്ന് ഷോപ്പ് നവീകരിക്കാന്‍ കുറഞ്ഞ പലിശനിരക്കില്‍ വായ്പ നല്‍കാമെന്ന് വാഗ്ദാനം നല്‍കുകയും ഷോപ്പിലേക്ക് ആവശ്യമായ പ്രമുഖ കമ്പനികളുടെ മൊബൈല്‍ഫോണുകള്‍ ചെന്നൈയില്‍നിന്നും എത്തിച്ച് കൊടുക്കാമെന്നും അറിയിച്ച് പണം തട്ടിയെടുക്കുകയാണ് ഇയാളുടെ രീതി.
അനില്‍കുമാറിന്റെ പക്കല്‍ നിന്നും 48,000 രൂപ തട്ടിയെടുത്ത ഇയാള്‍ ഇതിനുശേഷം ചെന്നൈയില്‍ നിന്നെന്ന വ്യാജേന ആകര്‍ഷകമായി സീല്‍ ചെയ്ത പാഴ്സല്‍ തിരുവല്ല കെഎസ്ആര്‍ടിസി ബസ്സ്റ്റേഷനിലെത്തി അനിലിന് കൈമാറിയശേഷം മുങ്ങി. പാഴ്സലില്‍ പൊട്ടിയ ടൈല്‍സുകളും പാഴ് വസ്തുക്കളുമായിരുന്നു. പിന്നീട് ഫോണ്‍വിളിച്ചാല്‍ എടുക്കാതെ ഇയാള്‍ ഒഴിഞ്ഞുമാറിയതിനെ തുടര്‍ന്നാണ് അനില്‍ തിരുവല്ല പൊലിസില്‍ പരാതി നല്‍കിയത്.
റഫീഖിന്റെ മൊബൈല്ഫോ ണ് സിഗ്നല്‍ മനസ്സിലാക്കി നടത്തിയ അന്വേഷണത്തിലാണ് ഇയാളെ ഭാര്യവീടായ കുമാരനല്ലൂരിലെ ഇന്ദിരാഭവനില്നിന്നും എസ്ഐ അശോകന്, സിപിഒ ബിനു, ഷാഡോടീം അംഗങ്ങളായ അജി, വിത്സണ് എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്.
സമാനരീതിയില്‍ തിരുവല്ല റെയില്‍വേ സ്റ്റേഷന് സമീപം പുതുവേല്‍ പുളിമൂട്ടില്‍ അനൂപ് ഡേവിഡിന്റെ പായിപ്പാട് മുക്കാഞ്ഞിരം ഡോകോമോ ഡിസ്ട്രിബ്യൂഷന്‍ സെന്ററില്‍ നിന്നും ഇയാള്‍ പലതവണയായി 41,400 രൂപ തട്ടിയെടുത്തു. കൊല്ലം ആയൂരിലെ ഹെവന്‍ലി മൊബൈല്‍ഷോപ്പ് നടത്തുന്ന സജോ കെ ജോണിനെയും ഇയാള്‍ 11,000 രൂപ വാങ്ങി കബളിപ്പിച്ചു. പരിചയമുള്ള കടയുടമകള്‍ തമ്മില്‍ ബന്ധപ്പെട്ടപ്പോഴാണ് കൂടുതല്‍ തട്ടിപ്പുകള്‍ പുറത്തായതെന്ന് കേസ് അന്വേഷിക്കുന്ന തിരുവല്ല എസ്ഐ വിനോദ് കൃഷ്ണ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: