തിരുവല്ല: ഓട്ടത്തിന് ഇടയി ല്‍ മുന്‍ചക്രം വെടിതീര്ന്ന് ചൊവ്വാഴ്ച വഴിയില്‍ കിടന്ന തിരുവല്ല-മാങ്കുളം സര്‍വ്വീസ് ഇന്നലെയും ബ്രേക്ക്ഡൗണായി. മാങ്കുളത്തുനിന്നും തിരുവല്ലയ്ക്ക് തിരിച്ച് വരുന്നതിനിടയില്‍ കിടങ്ങുരിനും ഏറ്റുമാനൂരിനും ഇടയിലുമുള്ള കിസ്മത്ത് പടിയില്‍വച്ചാണ് ബസ്സിന്റെ മുന്‍ചക്രം വെടിതീര്‍ന്നത്. എഴുപതോളം യാത്രക്കാരുമായി അതിവേഗത്തിലെത്തിയ ബസ്സിന്റെ മുന്‍ചക്രം വെടിതീര്ന്നതോടെ റോഡില്‍നിന്നും തെന്നിമാറിയുണ്ടായ അപകടത്തില്‍ വന്‍ദുരന്തമാണ് ഒഴിവായത്. കുന്നുകളും കൊടും വളവുകളും കൊക്കകളും നിറഞ്ഞ നേര്യമംഗലം അടിമാലി ഭാഗത്ത് എവിടെയെങ്കിലുമാണ് അപകടം ഉണ്ടായിരുന്നതെങ്കില്‍ വന്‍ദുരന്തത്തിന് ഇത് വഴിയൊരുക്കുമായിരുന്നു.
ഇതേ ബസ്സുതന്നെയാണ് ഇന്നലെയും പന്നിക്കുഴി പാലത്തിന് സമീപത്തുവച്ച് വീണ്ടും ബ്രേക്ക് ഡൗണായത്. എന്ജിന് തരാറുമൂലം ബസ്സ് മുന്നോട്ട് പോകാന്‍ കഴിയാതെ വന്നതാണ് ഇന്നലെ സര്‍വ്വീസ് മുടങ്ങാന്‍ ഇടയാക്കിയത്.
കെഎസ്ആര്‍ടിസി ജീവനക്കാരന് നടത്തുന്ന സ്വകാര്യബസ്സ് സര്‍വ്വീസിനെ സഹായിക്കാനാണ് കാലപഴക്കം ചെന്ന ബസ്സ് ഈ റൂട്ടില്‍ ഓടിക്കുന്നതെന്നാണ് ആക്ഷേപം. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് സര്‍വ്വീസ് ആരംഭിക്കുവാന്‍ നല്കിയ ആര്‍പിഎം 97 എന്ന പുതിയബസ്സ് പിന്‍വലിച്ച് പഴയ വേണാട് ബസ്സ് നല്‍കിയത് മുതലാണ് സര്‍വ്വീസിന് പ്രശ്നങ്ങള്‍ ഉടലെടുത്തത്.
ഏതാണ്ട് മൂന്നൂറ്റി അറുപത് കിലോമീറ്ററോളം പോക്കുവരവിന് വേണ്ടിവരുന്ന ദീര്‍ഘദൂര റൂട്ടില്‍ സര്‍വ്വീസിനായി പഴയ ബസ്സുകള്‍ നല്‍കുന്നത് മൂലം സമയം പാലിക്കാന്‍ കഴിയാതെ വരുന്നതായാണ് ആരോപണം. സര്‍വ്വീസിന്റെ തുടക്കത്തില്‍ ഈ ബസ്സിനെ ആശ്രയിച്ചിരുന്ന യാത്രക്കാരില്‍ പലരും സമയം പാലിക്കാതായതോടെ ഇതിനെ കൈവിട്ടതായും പറയപ്പെടുന്നു.
തുടക്കത്തില്‍ എണ്ണായിരം മുതല്‍ 14,000 രൂപവരെ വരുമാനമുണ്ടായിരുന്ന സര്‍വ്വീസ് പിന്നീട് വരുമാനത്തിന്റെ കാര്യത്തില്‍ കൂപ്പുകുത്തി. വരുമാനക്കുറവ് ചൂണ്ടിക്കാട്ടിയാണ് പുതിയ ബസ്സ് വിട്ടുനല്‍കുന്നതിന് അധികൃതര്‍ ഇപ്പോള്‍ വിമുഖത കാട്ടുന്നത്. എന്നാല്‍ സമയംപാലിച്ച് കൃത്യമായി സര്‍വ്വീസ് നടത്തിയാല്‍ ലാഭകരമായി മുന്നോട്ട് കൊണ്ടുപോകുവാന്‍ കഴിയുമെന്ന് തുടക്കത്തില്‍തന്നെ ബോദ്ധ്യപ്പെട്ടതാണ്. ഉച്ചയ്ക്ക് 1.45ന് പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്ക്ക് 12ന് തിരുവല്ലയില്‍ തിരിച്ചെത്തുന്നതാണ് സര്‍വ്വീസിന്റെ സമയക്രമം. എന്നാല്‍ പഴക്കംചെന്ന വേണാട് ബസ്സ് സര്‍വ്വീസിന് നല്‍കിതോടെ സമയം പാലിക്കാന്‍ ജീവനക്കാര്‍ നന്നേ പാടുപെടുകയാണ്.
ഇതുമൂലം 1.45ന് പുറപ്പെടേണ്ട ബസ്സ് 1.15ന് പോയി തുടങ്ങിയെങ്കിലും കാര്യമായ പ്രയോജനമുണ്ടായില്ല. ഉച്ചയ്ക്ക് 12ന് തിരികെയെത്തുന്ന അതേ ബസ്സുതന്നെ വീണ്ടും പുറപ്പെടുന്നതിനാല്‍ അറ്റകുറ്റപ്പണികള്‍ക്ക് സമയം ലഭിക്കാറില്ല. ഇതുമൂലം ബസ്സ് വഴിയില്‍കിടക്കുന്നത് പതിവ് സംഭവമായി.
തിരുവല്ല-പത്തനംതിട്ട, തിരുവല്ല-കൊട്ടാരക്കര തുടങ്ങിയ ഹൃസ്വദൂര സര്‍വ്വീസുകള്‍ക്ക് പുതിയബസ്സുകള് നല്കുന്ന അധികൃതര്‍ ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്ക് പഴകിയതും തകരാര്‍ സംബവിച്ചതുമായ ബസ്സുകള്‍ നല്‍കുന്നതിന് പിന്നില്‍ ഈ സര്‍വ്വീസിനെ തകര്‍ക്കുകയെന്ന ഗൂഡലക്ഷ്യം ഉള്ളതായാണ് ആരോപണം. കൊക്കകളും കൊടുംവളവുകളുമുള്ള അപകടം പതിയിരിക്കുന്ന മലയോര സര്‍വ്വീസിന് പഴകിയ ബസ്സുകള്‍ നല്‍കുന്നതിലൂടെ അധികൃതര്‍ യാത്രക്കാരുടെ ജീവന് വിലപറയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: