എടവണ്ണ: എടവണ്ണ ഗ്രാമപഞ്ചായത്തിലെ പത്തപ്പിരിയം 12-ാം വാര്‍ഡില്‍ മുസ്ലീം ലീഗിന് കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത അവസ്ഥയാണ്. രണ്ട് സ്ഥാനാര്‍ത്ഥികളും കൂടി അണികളെ വെള്ളം കുടിപ്പിക്കുകയാണ്. മുജാഹിദ് സംസ്ഥാന നേതാവും മതപ്രഭാഷകനുമായ ഉസ്മാന് മദനി ത്രാസ്സ് ചിഹ്നത്തിലും എടവണ്ണ പഞ്ചായത്ത് മുന്‍വൈസ് പ്രസിഡന്റും ലീഗ് നേതാവുമായ അഹമ്മദ്കുട്ടി സൈക്കിള്‍ ചിഹ്നത്തിലുമാണ് ജനവിധി തേടുന്നത്.
സംസ്ഥാനത്ത് സലഫി-മുജാഹിദ് പ്രസ്ഥാനത്തിന് ശക്തമായ വേരോട്ടമുള്ള പ്രദേശമാണ് എടവണ്ണ. മുജാഹിദുകളുടെ ഉടമസ്ഥതയിലുള്ള പ്രധാന വിദ്യാഭ്യാസ കേന്ദ്രങ്ങളെല്ലാം തന്നെ എടവണ്ണയിലും പരിസര പ്രദേശങ്ങളിലുമാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെയുള്ള മുജാഹിദ് പണ്ഡിതന്മാരില് മിക്കവരും ലീഗ് നേതാക്കളുമാണ്. എന്നാല്‍ ആദര്‍ശ വൈരുദ്ധ്യമുള്ള മുജാഹിദുകള്‍ക്കെതിരെ ഇത്തവണ ഇ.കെ.സുന്നികള്‍ ശക്തമായ എതിര്‍പ്പുകളുമായി രംഗത്ത് വന്നതോടെ ലീഗില്‍ പൊട്ടിത്തെറി ആരംഭിക്കുകയായിരുന്നു. ഉസ്മാന് മദനിക്കുവേണ്ടി മുജാഹിദുകളും അഹമ്മദ്കുട്ടിക്ക് വേണ്ടി ഇ.കെ.സുന്നികളും വാദിച്ചു. അവസാനം കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നായപ്പോള്‍ നേതൃത്വം ഇടപെട്ടു. അങ്ങനെ ഇരുവിഭാഗത്തെയും വെറുപ്പിക്കാതെ പാണക്കാട് നിന്നും നിര്‍ദ്ദേശിച്ച ഫോര്‍മുലയാണ് സൗഹൃദ മത്സരമെന്ന സംവിധാനം. പി.കെ.ബഷീര്‍ എംഎല്‍എയുടെ വാര്‍ഡാണ് പത്തപ്പിരിയം . ഇദ്ദേഹത്തിന് മുജാഹിദ് പ്രസ്ഥാനങ്ങളുമായി നല്ല അടുപ്പമാണ്. പൊതുധാരണയുടെ അടിസ്ഥാനത്തില്‍ ഇരു സ്ഥാനാര്‍ത്ഥികള്‍ക്കും കോണി ചിഹ്നം അനുവദിച്ചിട്ടുമില്ല.
എന്നാല്‍ ആദര്‍ശ വിജയമായിരിക്കുമെന്നാണ് ഇരുകൂട്ടരുടെയും വാദം. സമുദായത്തിലെ ബദ്ധവൈരികാളായ സുന്നി-മുജാഹിദ് പോരാട്ടം ജില്ലയില്‍ പലയിടത്തും പ്രതിഫലനം സൃഷ്ടിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. മുജാഹിദ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ സുന്നി തീവ്രവിഭാഗമായ കാന്തപുരം ഗ്രൂപ്പ് ഇവിടെ സിപിഎമ്മിനാണ് പിന്തുണ നല്‍കിയിരിക്കുന്നത്. ജനകീയനായ ഹരീഷ് കോട്ടരാണ് ബിജെപി സ്ഥാനാര്‍ത്ഥി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: