സംഗീത് രവീന്ദ്രന്
ഇടുക്കി: മറയൂര്‍, കാന്തല്ലൂര്‍, മൂന്നാര്‍, എന്നീ പഞ്ചായത്തുകളില്‍ തങ്ങളുടെ ഇഷ്ടക്കാരെ വിജയിപ്പിക്കാന്‍ തമിഴ്നാട് ലോബി രംഗത്ത്. എഐഎഡിഎംകെയുടെ നേതൃത്വത്തിലുള്ള നേതാക്കളാണ് രണ്ടിന് നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൊഴുപ്പിക്കാന്‍ പണവും മറ്റും നല്‍കുന്നതെന്നാണ് രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിരിക്കുന്നത്. ഔദ്യോഗിക വാഹനത്തില്‍ തമിഴ്നാട് മന്ത്രിമാര്‍ വരെ അതിര്‍ത്തി കടന്ന് വന്നിട്ടും പോലീസും വനംവകുപ്പും കൈയും കെട്ടി നോക്കിയിരിക്കുകയാണ്. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ തീവ്രതമിഴ് വികാരമിളക്കിവിടുന്ന സംഘടനകളും രംഗത്തെത്തിയതായാണ് വിവരം. തമിഴ് വംശജരായ വോട്ടര്‍മാരുടെ വീടുകളില്‍ എത്തുന്ന തമിഴ്സംഘം പണവും അരി ഉള്‍പ്പെടെയുള്ള ആഹാര സാധനങ്ങളും നല്‍കുന്നതായി വിവരങ്ങളുണ്ട്. അടുത്ത ദിവസം ഉദുമല്‍പേട്ടയ്ക്ക് സമീപം തമിഴ്നാട് അതിര്‍ത്തിയില്‍ പണവും അരിയും വോട്ടര്‍മാര്‍ക്ക് എത്തിക്കാനായി ഒരു സമ്മേളനം നടത്താനും തമിഴ്സംഘങ്ങള്‍ നീക്കങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ഇതിനെതിരെ എന്ത് നിലപാടെടുക്കണമെന്ന് പോലീസ് ആലോചിച്ചിട്ടുപോലുമില്ല. ചെക്കുപോസ്റ്റുകള്‍ മറികടന്ന് എത്തുന്ന തമിഴ്സംഘങ്ങളില് നിന്ന് ചില വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസുകാരും പാരിതോഷികം പറ്റുന്നതായും ആക്ഷേപങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പണവുമായി എത്തുന്ന തമിഴ്സംഘങ്ങളെ നിയന്ത്രിക്കാന്‍ പോലീസ് തയ്യാറാകണമെന്നാണ് രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: