മറയൂര്‍ : മറയൂരില്‍ നിന്നും ഏഴ് കിലോമീറ്റര്‍ അകലെയായുള്ള ആനക്കോട് പാര്‍ക്ക് ഏറെ ശ്രദ്ധേയമെങ്കിലും അസൗകര്യങ്ങള്‍ക്ക് നടുവില്‍ വീര്‍പ്പുമുട്ടുകയാണ്. വീതി കുറഞ്ഞ റോഡും പാര്‍ക്കിംഗ് സൗകര്യത്തിന്റെ അഭാവവുമാണ് വനംവകുപ്പിന്റെ കീഴിലുള്ള ആനക്കോട് പാര്‍ക്കിനെ ദുരിതത്തിലാഴ്ത്തുന്നത്.
ടിക്കറ്റ് വാങ്ങിയാണ് പാര്‍ക്കിലേക്ക് ആളുകളെ പ്രവേശിപ്പിക്കുന്നതെങ്കിലും വലിയ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനോ തിരിക്കുന്നതിനോ ഉള്ള സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടില്ല. ഇവിടെ എത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്നത് പ്രകൃതി ഒരുക്കിയ വര്‍ണ്ണ ചാരുതയാണ്. ഇതിന് മിഴിവേകി മുനിയറകളും മലനിരകളും തലയെടുപ്പോടെ നില്ക്കുന്നു. മലമുകളില്‍ നിന്നും കോവില്‍ക്കടവ് ടൗണ്‍ ഉള്‍പ്പെടെ ഇവിടെ നിന്നും വ്യക്തമായി കാണാം. മലനിരകളില്‍ നിന്നുള്ള ഈ ദൃശ്യചാരുതയാണ് സഞ്ചാരികളെ ഇങ്ങോട്ട് ആകര്‍ഷിക്കുന്നത്. ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് വേണ്ടുന്ന നിര്‍ദ്ദേശം നല്‍കുന്നതിനായി ഒരു വാച്ചര്‍ മാത്രമാണുള്ളത്. ഇദ്ദേഹത്തിന് ഇംഗ്ലീഷ് പരിജ്ഞാനം ഇല്ലാത്തത് വിദേശ സഞ്ചാരികളെ വലയ്ക്കുന്നു. നൂറുകണക്കിന് സഞ്ചാരികള്‍ എത്തുന്ന ആനക്കൂട് പാര്‍ക്കിനെ അസൗകര്യങ്ങള്‍ക്ക് നടുവില്‍ നിന്നും കരകയറ്റണമെന്നാണ് തദ്ദേശവാസികളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: