അഗളി: മാവോയിസ്റ്റുനേതാവ് രൂപേഷിനെ പോലീസിന്റെ കനത്ത സുരക്ഷാവലയത്തില്‍ അട്ടപ്പാടിയുടെ വിവിധ മേഖലകളിലെത്തിച്ച് തെളിവെടുപ്പ് നടത്തി. അഞ്ചുദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയിരുന്ന രൂപേഷിനെ ജില്ലാ പോലീസ് മേധാവി എന്‍. വിജയകുമാര്‍ അഗളി സ്റ്റേഷനില്‍ ചോദ്യം ചെയ്തിരുന്നു. രൂപേഷിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ചാവടിയൂര്‍, പുതൂര്‍, താവളം, മുക്കാലി, പാക്കുളം, കോട്ടത്തറ തുടങ്ങിയ സ്ഥലങ്ങളില്‍ പോലീസ് സംഘം പ്രതിയോടൊപ്പം സഞ്ചരിച്ച് തെളിവുകള്‍ ശേഖരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ വേണ്ടിവരുമെന്നു പോലീസ് പറഞ്ഞു. വിവിധ സ്ഥലങ്ങളിലെത്തിച്ച് തിരിച്ചറിയല്‍ നടപടികളും നടത്തി. ഇന്റലിജന്‍സ് ബ്യൂറോ പ്രത്യേക പരിശീലനം നേടിയ ഉദ്യോഗസ്ഥര്‍ ശാസ്ത്രീയമായി ചോദ്യംചെയ്താണ് തെളിവുകള്‍ ശേഖരിച്ചത്.
മുക്കാലിയില്‍ വനംവകുപ്പിന്റെ വാഹനം കത്തിച്ച സ്ഥലവും തല്ലിതകര്‍ത്ത വനംവകുപ്പിന്റെ ഓഫീസിലും രൂപേഷിനെ എത്തിച്ചു. മാവോയിസ്റ്റ് അനുകൂലമുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് രൂപേഷ് വാഹനത്തില്‍ നിന്നിറങ്ങിയത്. മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകളും നോട്ടീസും അച്ചടിച്ച പ്രസിനെക്കുറിച്ച് വിവരം ല’ിച്ചതായി പോലീസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍ വിലപ്പെട്ട വിവരങ്ങള്‍ ല’ിച്ചതായി പോലീസ് അറിയിച്ചു. പ്രതിക്ക് വ്യാജഏറ്റുമുട്ടലില്‍ അപകടസാധ്യതയുണ്ടെന്നുള്ള പ്രതിഭാഗം വക്കീലിന്റെ വാദത്തെ തുടര്‍ന്നാണ് വന്‍സുരക്ഷാവലയം ഏര്‍പ്പെടുത്തിയത്.
കോയമ്പത്തൂര്‍ ക്യൂ ബ്രഞ്ച് ഹാജരാക്കിയ തെളിവുകളും തെളിവെടുപ്പിന് പരിഗണിച്ചു. ആദിവാസികള്‍ അടക്കമുള്ളവര്‍ രൂപേഷിനെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.
അട്ടപ്പാടിയിലെ ആദിവാസിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിന്റെ തുടരന്വേഷണത്തിന് രൂപേഷിനെ 26 വരെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു. കോയമ്പത്തൂര്‍ ജയിലില്‍ നിന്ന് ചൊവ്വാഴ്ച പാലക്കാട്ടെത്തിച്ച രൂപേഷിനെ ബുധനാഴ്ചയാണ് പോലീസ് കസ്റ്റഡിയില്‍ വിട്ടത്.
വൈദ്യ പരിശോധന നടത്തിയശേഷം 26 ന് ഉച്ചക്ക് 12 മണിക്ക് രൂപേഷിനെ കോടതി മുമ്പാകെ ഹാജരാക്കണമെന്ന് ജില്ലാ ജഡ്ജി ടി.വി. അനില്‍കുമാറാണ് ഉത്തരവിട്ടത്.
പോലീസ് ചോദ്യംചെയ്യുമ്പോള്‍ അഭിഭാഷകനുമായി ആശയവിനിമയം നടത്താന്‍ സൗകര്യം വേണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അനുവദിച്ചിരുന്നില്ല.
2014 ല്‍ മല്ലീശ്വരന് ക്ഷേത്രത്തിലെ ഉത്സവത്തെ കുറിച്ചും ആദിവാസി ഊരുകളിലേക്കുള്ള വഴികളെ കുറിച്ചും ചോദിച്ചാണ് ആദിവാസി യുവാവിനെ ഭീഷണിപ്പെടുത്തിയത്.സംഭവത്തില്‍ രൂപേഷ് ഉള്‍പ്പെടെ 11 പേര്‍ക്കെതിരേയാണ് കേസ്. ഡിവൈഎസ്പി എസ്.ഷാനവാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: