ജെ.പി.മണ്ണാര്‍ക്കാട്
മണ്ണാര്‍ക്കാട്: അട്ടപ്പാടി മലനിരകളില്‍ ഇനി കഞ്ചാവിന്റെ ലഹരി. സീസണ് ആരംഭിച്ചതോടെ കഞ്ചാവ് മാഫിയകളും ലോബികളും സജീവമായി. മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പോലീസ്, എക്സൈസ്, ഫോറസ്റ്റ് വകുപ്പുകള്‍ വരുമെന്ന യാതൊരു ശങ്കയും വേണ്ട. വിളവെടുപ്പ് അടുത്തതോടെ കഞ്ചാവ് വിപണിയില്‍ എത്തിക്കാന്‍ തകൃതിയായ നീക്കമാണ് നടക്കുന്നത്.
വെട്ടിനശിപ്പിക്കുന്ന കഞ്ചാവിന്റെ ഇരട്ടിയിലധികം കൃഷിചെയ്താണ് ഓരോ റെയ്ഡിനെയും കഞ്ചാവുലോബികള് വെല്ലുവിളിക്കുന്നത്.
ഉള്‍ക്കാടുകള്‍ വെട്ടിത്തെളിച്ച് നാലടി അകലത്തില്‍ കുഴികുഴിച്ച് നല്ലയിനം കഞ്ചാവ് വിത്ത് പാകി മുളപ്പിച്ചാണ് വന്‍തോതില്‍ കൃഷിയിറക്കുന്നത്. മതിയായ വളപ്രയോഗവും ജലസേചനവും നടത്തുന്നതോടെ കോടികള്‍ വിലവരുന്ന ഉല്‍പ്പന്നമാണ് ഉണ്ടാവുന്നത്. അരുവികളില്‍ തടയണകെട്ടി പമ്പ് ചെയ്ത് പൈപ്പുകള്‍ വഴിയാണ് ജലസേചന സൗകര്യമൊരുക്കുന്നത്.
നാലുമുതല്‍ ആറുമാസം വരെയാണ് വിളവെടുപ്പ്കാലം.
കഞ്ചാവിലെ ഏറ്റവും നല്ല ഇനം നീലച്ചടയനാണ്. അന്താരാഷ്ട്ര വിപണിയില്‍ ഇതിന് നല്ല വില ലഭിക്കുന്നുണ്ട്. അട്ടപ്പാടിയില്‍ സമൃദ്ധിയായി വിളയുന്ന മറ്റൊരു കഞ്ചാവാണ് തപസ്യ. ആറുമാസം കൊണ്ട് ഇത് പൂര്‍ണ്ണ വളര്‍ച്ചയിലെത്തുന്നു. ഒരു കഞ്ചാവ് ചെടിയില്‍ നിന്ന് സുമാര്‍ പത്ത് കിലോവരെ കഞ്ചാവ് ലഭിക്കും. തുടര്‍ച്ചയായി മൂന്നുവര്‍ഷം വരെ വിളവെടുക്കാനാവും. ഇതുപ്രകാരം ഒരുചെടിയില്‍ നിന്ന് 50000 മുതല്‍ ഒരു ലക്ഷം രൂപവരെ ലഭിക്കുമെന്ന് പറയുന്നു.
നീലച്ചടയന്‍ എന്ന മുന്തിയ ഇനം കഞ്ചാവിന് ഒരുകിലോക്ക് ആദിവാസികള്‍ക്ക് ലഭിക്കുന്നത് ഏകദേശം 15000 രൂപയാണ്. ഇടനിലക്കാര്‍ അന്താരാഷ്ട്ര വിപണിയില്‍ ഇതിനെലക്ഷകണക്കിന് രൂപയ്ക്ക് വില്‍ക്കുന്നു. ഏറെ ശാസ്ത്രീയമായി കഞ്ചാവ് ചെടികള്‍ വെച്ചുപിടിപ്പിക്കുന്നതിനുള്ള സാമ്പത്തിക സഹായം ചെയ്തുകൊടുക്കുന്നത് മലപ്പുറം, കോഴിക്കോട്, ഇടുക്കി, മൂന്നാര്‍ എന്നിവടങ്ങളിലുള്ള കഞ്ചാവ് ലോബികളാണ്. കഞ്ചാവിന്റെ വിത്തുകളും വളവും ആദിവാസികളുടെ പക്കല്‍ എത്തിച്ചുകൊടുക്കുന്നു. അവ നട്ടുവളര്‍ത്തി വിളവെടുപ്പിന് പാകമാകുന്നതുവരേക്കുമുള്ള പരിചരണം ഇവര്‍ക്കാണ് .
മലപ്പുറം, കൊണ്ടോട്ടി, കുന്ദകുളം , കോട്ടയം എന്നിവിടങ്ങളില്‍ നിന്നുള്ള കാരിയര്‍ മരാണ് കൂടുതലും ഇവിടെ എത്തുന്നത്. സ്ത്രീ കാരിയര്മാരുമുണ്ട്. ടൂറിസ്റ്റുകള്‍ എന്ന വ്യാജേനയാണ് ഇവര്‍ കഞ്ചാവ് കടത്തുന്നത്. അവരുടെ കൂടെ ഡ്യുപ്ലിക്കേറ്റ് ഭര്ത്താക്കന്മാരും ഉണ്ടാവും. അട്ടപ്പാടി ചുറ്റികാണാനെന്ന വ്യാജേന രണ്ടുനാള്‍ ഇവിടെ തങ്ങി കഞ്ചാവ് ശേഖരിച്ച് സ്ഥലം വിടുകയാണ് പതിവ്.
ആഡംബരകാറുകളില്‍ ഇത്തരക്കാര്‍ വന്ന് പോകുമ്പോള്‍ വനപാലകര്‍ പരിശോധിക്കുവാനോ, ചോദ്യം ചെയ്യുവാനോ തയ്യാറാകാത്തത് കഞ്ചാവ് കടത്തിന് ആക്കം കൂട്ടുന്നു. ഇതില്‍ നിന്നും ഉദേ്യാഗസ്ഥരുടെ ഒത്താശ വ്യക്തമാകും. അട്ടപ്പാടിയുടെ വനാന്തരങ്ങള്‍ മാവോയിസ്റ്റുകളുടെയും, മദ്യ, കഞ്ചാവ് മാഫിയകളുടേയും ആവാസ കേന്ദ്രമാണ്.
കഞ്ചാവ് ലോബികള്‍ വന്‍തോതില്‍ കള്ളനോട്ടുകളും വിതരണം ചെയ്യാറുണ്ട്. ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയാത്തവയാണ് ഈനോട്ടുകള്. ആദിവാസികളില്‍ നിന്നും വാങ്ങികൂട്ടുന്ന കഞ്ചാവിനുപ്രതിഫലമായി നല്‍കുന്നത് ഇത്തരം കള്ളനോട്ടുകളാണ്.
അട്ടപ്പാടിയിലെ വിവിധപ്രദേശങ്ങളില്‍ കഞ്ചാവ് തോട്ടത്തില്‍ ചിലര്‍ വന്‍തോതില്‍ ഭൂമിവാങ്ങികൂട്ടുന്നുണ്ട്. മിക്കതും ബിനാമി വഴിയാണ് വാങ്ങുന്നത്. ഇക്കാര്യത്തെകുറിച്ച് അനേ്വഷിക്കാന്‍ അധികൃതര്‍ തയ്യാറുവുന്നില്ല എന്നതാണ് വസ്തുത. അട്ടപ്പാടിയിലെ പാലൂര്, മുള്ളി, ഗലസി, ഇക്കി, മഞ്ചികണ്ടി, സ്വര്‍ണ്ണഗദ്ദ എന്നിവടങ്ങളിലാണ് കഞ്ചാവ് തോട്ടങ്ങള്‍ കൂടുതലും കണ്ടുവരുന്നത്.
ഇവിടെയുള്ള ആദിവാസി ഊരുകളില്‍ വന്ന് ആദിവാസികളെ കല്യാണം കഴിക്കുകയും അവരുടെ ഊരുകളില്‍ വസിക്കുകയുമാണ് പല കഞ്ചാവ് ഇടപാടുകരും ചെയ്യുന്നത്. ഇവര്‍ മുഖാന്തരമാണ് കൊടുക്കല്‍ വാങ്ങല്‍ നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: