തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്താണ് ചരിത്രപ്രസിദ്ധമായ കവടിയാര്‍ വാര്‍ഡ്. കവടിയാര്‍ കൊട്ടാരവും വിവേകാനന്ദ പാര്‍ക്കും ഗവര്‍ണറുടെ വസതിയായ രാജ്ഭവനും ഗോള്‍ഫ് ലിംക്സ് ക്ലബ്ബും ടേബിള്‍ ടെന്നീസ് ക്ലബ്ബും സാല്‍വേഷന്‍ ആര്‍മി ടെറിട്ടോറിയല്‍ ഹെഡ്ക്വാര്‍ട്ടേഴ്സും ബിഷപ്പ് ഹൗസും ഒക്കെ സ്ഥിതി ചെയ്യുന്നത് ഈ വാര്‍ഡിലാണ്. പ്രധാനരാജവീഥി ഒഴിച്ചാല്‍ പിന്നെ കവടിയാര്‍ വാര്‍ഡിന്റെ ഇന്നത്തെ അവസ്ഥ വളരെ ശോചനീയമാണെന്ന് ഒരുതവണ പ്രദേശത്തുകൂടെ സഞ്ചരിച്ചാല്‍ മനസ്സിലാകും.
കവടിയാര്‍ വാര്‍ഡിലെ ഏറ്റവും പ്രധാനപ്രശ്നം കുടിവെള്ള ക്ഷാമമാണ്. കുടിവെള്ളക്ഷാമത്തിനുപുറമെ സഞ്ചാരയോഗ്യമായ ഒരു റോഡു പോലും ഇവിടെ ഇല്ല എന്നതാണ് സത്യം.
വാര്‍ഡിന്റെ തെക്കുകിഴക്ക് ലാറ്റക്സിന്റെ ഫാക്ടറിക്ക് പുറകിലായി 50 ഓളം കുടുംബങ്ങള്‍ താമസിക്കുന്ന പട്ടികജാതി കോളനി സ്ഥിതി ചെയ്യുന്നുണ്ട്. ഇതില്‍ 30 ഓളം കുടുംബങ്ങള്‍ കഴിയുന്നത് പ്ലാസ്റ്റിക് കൊണ്ട് നിര്‍മിച്ച വീടുകളിലാണ്. ലാറ്റക്സിലെ മലിനജലം തുറന്നുവിടുന്നത് ഈ കോളനിയിലേക്കാണ്. ഈ കുടുംബങ്ങള്‍ക്കൊന്നിനും കുടിവെള്ളം, പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യം, വിദ്യുച്ഛക്തി തുടങ്ങി അടിസ്ഥാനസൗകര്യങ്ങള്‍ ഒന്നും തന്നെയില്ല. ഇവരുടെ പ്രദേശത്തേക്ക് റോഡ് നിര്‍മിക്കാനായി അനുവദിച്ച 70 ലക്ഷം രൂപയുടെ സ്പെഷ്യല്‍ കമ്പോണന്റ് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയുള്ള പട്ടികജാതി ഫണ്ട് വകമാറ്റി ചെലവഴിക്കുകയാണ് ചെയ്തത്. ആ റോഡാകട്ടെ മറ്റാര്‍ക്കും ഒരു പ്രയോജനവും ചെയ്യാത്തതുമാണ്.
വാര്‍ഡില്‍ താഴ്ന്ന പ്രദേശങ്ങളിലെ മഴവെള്ളം ഒഴുകിയെത്താനായി രണ്ടു കുളങ്ങളാണുള്ളത്, താമരക്കുളവും പൈപ്പ് ലൈന്‍ കുളവും. ഈ കുളങ്ങളുടെ നവീകരണത്തിലും വന്‍ അഴിമതിയാണ് നടന്നതെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. പഴയ തിരുവനന്തപുരം നോര്‍ത്തില്‍ പെടുന്നതാണ് കവടിയാര്‍ വാര്‍ഡ്. ഇവിടെ നിന്ന് ജയിച്ച എം. വിജയകുമാര്‍ സ്പീക്കറായി. ഹരിതവീഥി പദ്ധതിയില്‍പ്പെടുത്തി വാര്‍ഡില്‍ നിരവധി ചെറുകെട്ടിടങ്ങള് നിര്‍മിച്ചു. ഇപ്പോഴിത് തെരുവുനായ്ക്കളുടെയും സാമൂഹ്യവിരുദ്ധരുടെയും വിഹാരകേന്ദ്രമാണ്.
എല്‍ഡിഎഫും യുഡിഎഫും മാറിമാറി ജയിച്ചിട്ടുള്ള കവടിയാറിലെ ദുഃസ്ഥിതിക്ക് പരിഹാരമുണ്ടാക്കാന്‍ കഴിയുന്ന സ്ഥാനാര്‍ഥിയെയാണ് മത്സരിപ്പിക്കുന്നതെന്ന് ബിജെപി പറഞ്ഞു. പാര്‍ട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ പി.പി. വാവയാണ് ഇവിടെ ബിജെപി സ്ഥാനാര്‍ഥി. തലസ്ഥാന നഗര വികസനത്തിന് കേന്ദ്രഫണ്ട് പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം ഉറപ്പുനല്‍കുന്നു. ധാരാളം ചെറുപ്പക്കാരും ഉദ്യോഗസ്ഥരും തിങ്ങിപ്പാര്‍ക്കുന്ന വാര്‍ഡാണ് കവടിയാര്‍. അതിനാല്‍ തന്നെ അനുയോജ്യമായ വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും.മാലിന്യനിര്‍മാര്‍ജനത്തിന് ഏറ്റവും നൂതനമായ പദ്ധതി കൊണ്ടുവരും. വികസനം അന്യമായിരിക്കുന്ന കവടിയാറിന് എന്താണ് വികസനമെന്ന് ബോധ്യപ്പെടുത്തി നല്‍കുമെന്നും അദ്ദേഹം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: