തിരുവനന്തപുരം: നഗരസഭയുടെ പണമുപയോഗിച്ച് രാഷ്ട്രീയ പ്രചാരണം നടത്തി സിപിഎം തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയിരിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ എസ്. സുരേഷ് ആരോപിച്ചു. അമ്പലത്തറയിലെ സംഗീതാ സതീഷിന്റെ തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരസഭയുടെ പേരിലിറക്കിയ എന്റെ നഗരം എന്ന പേരില്‍ 100ലേറെ പേജ് വരുന്ന പുസ്തകം നഗരസഭ നടത്തിയ ധൂര്‍ത്തിന്റെ അവസാന ഉദാഹരണമാണ്. തനത് ഫണ്ടില്‍ നിന്ന് നയാപൈസ പോലും ചെലവഴിച്ച് ഒരു വികസനപ്രവര്ത്തനംപോലും നടത്താത്ത നഗരസഭയാണ് കോടികള്‍ ചെലവഴിച്ച് സിപിഎമ്മിനുവേണ്ടി പ്രചാരണം നടത്തുന്നത്. പുസ്തകത്തില്‍ അര്‍ധസത്യങ്ങളും വസ്തുതാവിരുദ്ധമായ കാര്യങ്ങളും നിരത്തി ജനങ്ങളെ പറ്റിക്കാനാണ് നഗരസഭ ശ്രമിക്കുന്നത്. നഗരത്തെ മാലിന്യ കൂമ്പാരമാക്കി മാറ്റിയ കോര്പ്പറേഷന് മാലിന്യ നിര്‍മാര്‍ജനത്തിനായി പരീക്ഷിച്ച് പരാജയപ്പെട്ടതും കോടികള്‍ തട്ടിപ്പ് നടത്തിയതുമായിട്ടുള്ള കുറെ പദ്ധതികളെക്കുറിച്ച് പറഞ്ഞ് സ്വയം പരിഹാസ്യരാവുകയാണെന്ന് സുരേഷ് പറഞ്ഞു. നാല് ദശാബ്ദത്തോളം നഗരം ഭരിച്ചിട്ടും എഴുപത് ശതമാനത്തിലേറെ പേര്‍ക്ക് ഡ്രെയിനേജ് സംവിധാനം ഒരുക്കാത്തവരും നഗരത്തിലെ ജനങ്ങള്‍ക്ക് ശുദ്ധവായുവും ശുദ്ധജലവും നിഷേധിച്ചവരുമായ ഇടതുഭരണത്തിന് ചുട്ടമറുപടി ജനംനല്കുമെന്ന് സുരേഷ് ഓര്‍മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: