ഇതെഴുതാനിരിക്കുന്ന ഒക്ടോബര്‍ 21-ാം തീയതി സ്വതന്ത്രഭാരതത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാനവും അവിസ്മരണീയവും ചിരകാല പ്രസക്തവുമായ ഒരു സംഭവം നടന്നതിന്റെ 64-ാം വാര്‍ഷികദിനമാണ്. അതേ ഇന്നു ഭാരതം കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന സ്വാഭിമാന പൂര്‍ണമായ ഭരണസമ്പ്രദായത്തിന്റെ അടിസ്ഥാനശില സ്ഥാപിച്ചത് 1951 ഒക്ടോബര്‍ 21 നായിരുന്നു. അന്നാണ് ഭാരതത്തിന്റെ എല്ലാ സംസ്ഥാനങ്ങളില്‍നിന്നുമുള്ള 500 ലേറെ പ്രതിനിധികള്‍ ദല്‍ഹിയില്‍ ഡോക്ടര്‍ ശ്യാമപ്രസാദ് മുഖര്‍ജിയുടെ അധ്യക്ഷതയില്‍ സമ്മേളിച്ച് ഭാരതീയ ജനസംഘം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിനു രൂപം നല്‍കിയത്. ഏതാനും മാസക്കാലത്തെ നിരന്തരവും തിരക്കിട്ടതുമായ ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷമാണ് ആ സംഭവം ഉണ്ടായത്. പുതിയ പ്രസ്ഥാനം ഒരുനാള്‍ ഭാരതത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് സാരഥ്യം വഹിക്കുമെന്ന് ഉറച്ചവിശ്വാസമുള്ളവരായിരുന്നു അവരെല്ലാവരും.
1947 ല്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ ഭാരതത്തെ വിഭജിച്ചശേഷവും അവശിഷ്ടഭാരതത്തില്, ഗണ്യമായ ശതമാനം മുസ്ലിങ്ങള്‍ ഉണ്ടായിരുന്നതുമൂലം, ശാശ്വതമായി പരിഹരിക്കപ്പെടുമെന്നു കോണ്‍ഗ്രസ് നേതൃത്വം ആശ്വസിച്ചിരുന്ന ഹിന്ദുമുസ്ലിം പ്രശ്നം അതേപോലെ തുടരുകയാണുണ്ടായത്. അതുപോലെ തന്നെ സ്വതന്ത്രഭാരതത്തിന്റെ രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക വിദ്യാഭ്യാസപരിപാടികളെന്തായിരിക്കണമെന്നതിനെക്കുറിച്ച് വ്യക്തമായ ധാരണ ഭരണനേതൃത്വത്തിനുണ്ടായിരുന്നില്ല. അതേക്കുറിച്ച് ദശാബ്ദങ്ങള്‍ക്കുമുമ്പുതന്നെ ചിന്തിക്കുകയും വ്യക്തമായ ധാരണ വളര്‍ത്തുകയും ചെയ്ത മഹാത്മാഗാന്ധിയുടെ ചിന്തകളെയും പരിപാടികളെയും പണ്ഡിറ്റ് നെഹ്റുവും കൂട്ടരും പഴഞ്ചനെന്നും അപ്രായോഗികമെന്നും മുദ്ര കുത്തി പാടേ നിരാകരിച്ചു.
ജനങ്ങള്‍ക്ക് പരമാധികാരം നല്‍കുന്നതിന്റെ പേരില്‍ പാശ്ചാത്യരാജ്യങ്ങളില്‍ നിലനിന്നിരുന്ന ഭരണ സമ്പ്രദായങ്ങളുടെ ഒരു അവിയല്‍ പരുവത്തിലുള്ള ഭരണഘടനയാണ് സ്വീകരിക്കപ്പെട്ടത്. 65 വര്‍ഷങ്ങള്‍ക്കുള്ളില്‍ 99 തവണ അതില്‍ ഭേദഗതികള്‍ വരുത്തേണ്ടിവന്നുവെന്നതുതന്നെ അടിസ്ഥാനപരമായ വൈകല്യത്തെ കാണിക്കുന്നു (99-ാം ഭേദഗതി കഴിഞ്ഞ ദിവസം സുപ്രീംകോടതി റദ്ദു ചെയ്തു). ‘കാളകിടക്കും കയറോടും’ എന്ന മട്ടില്‍ ബ്രിട്ടീഷുകാര്‍ ഏര്‍പ്പെടുത്തിയ ബ്യൂറോക്രസിയും നീതിവ്യവസ്ഥയും വിദ്യാഭ്യാസ സമ്പ്രദായവും സാമ്പത്തിക വ്യവസ്ഥയും അതേപോലെ നിലനിര്‍ത്തിക്കൊണ്ടാണ് നമ്മുടെ ജനായത്തം മുന്നോട്ടുപൊയ്ക്കൊണ്ടിരിക്കുന്നത്.
1950 ല്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്മേലുണ്ടായിരുന്ന നിരോധം നീങ്ങുകയും പ്രവര്‍ത്തനം പുനരാരംഭിക്കുകയും ചെയ്തപ്പോള്‍ രാജ്യത്തെ പൊതുവായ പരിതസ്ഥിതിയില്‍ വലിയ മാറ്റമുണ്ടായിക്കഴിഞ്ഞിരുന്നു. പുതിയ ഭരണഘടന 1950 ജനുവരി26 ന് നിലവില്‍ വന്നു. താമസിയാതെ പൊതുതെരഞ്ഞെടുപ്പു വരുന്നു. നിരോധനക്കാലത്ത് സംഘത്തോട് കോണ്‍ഗ്രസും ഇടതു സഹയാത്രികരും മറ്റും നടത്തിയ അതിക്രൂരവും നീതിരഹിതവുമായ നീക്കങ്ങളെ അതിജീവിച്ചാണ് സംഘം പത്തരമാറ്റ് ശുദ്ധിയോടെ പുറത്തുവന്നത്.
സംഘത്തോട് അനുഭാവം പുലര്‍ത്തുന്ന വമ്പിച്ചൊരു ജനവിഭാഗവും നേതാക്കളും പുതിയ ഒരു രാഷ്ട്രീയ പ്രസ്ഥാനം ആഗ്രഹിച്ചു. കിഴക്കന്‍ പാക്കിസ്ഥാനിലെ (ഇന്നു ബംഗ്ലാദേശ്) കോടിക്കണക്കിന് ഹിന്ദുക്കളുടെ ജീവിതം ദുരിതമയമാക്കിത്തീര്ത്ത നെഹ്റു-ലിയാക്കത്ത് ആലി കരാറില്‍ പ്രതിഷേധിച്ച് കേന്ദ്രമന്ത്രിസഭയില്‍നിന്നു രാജിവെച്ച ഡോ.ശ്യാമപ്രസാദ് മുഖര്‍ജി സ്വന്തം നിലക്കുപുതിയ രാഷ്ട്രീയ കക്ഷി രൂപീകരിക്കാന്‍ തല്പ്പരനായി. വിഭജനത്തെ തുടര്‍ന്ന് പശ്ചിമപാക്കിസ്ഥാനില്‍ നിന്ന് ഓടിയെത്തിയ ലക്ഷക്കണക്കിന് ഹിന്ദു, സിഖ് വിഭാഗങ്ങളുടെ പ്രശ്നം പഞ്ചാബിലും ദല്‍ഹിയിലും അനുഭവപ്പെട്ടു. അവരെ സഹായിക്കുന്നതിന് സംഘമായിരുന്നു മുന്നില്‍.
സംഘം രാഷ്ട്രീയത്തില്‍ പ്രവേശിക്കണമെന്ന ആവശ്യം പല കേന്ദ്രങ്ങളില്നിന്നുമുയര്ന്നെങ്കിലും സര്‍സംഘചാലക് ശ്രീ ഗുരുജി അതിനെ പൂര്‍ണമായും നിരാകരിച്ചു. അടിസ്ഥാനപരമായ സംഘനിലപാടുകളില് മാറ്റം വരുത്താന്‍ അദ്ദേഹം അനുവദിച്ചില്ല. എന്നാല്‍ ഭരണഘടന നിലവില്‍ വരികയും അതിന്റെ അടിസ്ഥാനത്തില്‍ ജനായത്ത സമ്പ്രദായം രൂപപ്പെടുകയും ചെയ്യുമ്പോള്‍ സംഘപ്രവര്‍ത്തകര്‍ക്ക് സ്വന്തം നിലയില്‍ അതില്‍ ഭാഗഭാക്കുകളാകാന്‍ അദ്ദേഹം തടസ്സമായില്ല. പഞ്ചാബിലും ദല്‍ഹിയിലും യുപിയിലും രാജസ്ഥാനിലും മറ്റും ജനസംഘമെന്നും മറ്റുമുള്ള പേരുകളില്‍ പ്രസ്ഥാനങ്ങള്‍ ആരംഭിച്ചു. അതിനിടയില്‍ ഡോ.മുഖര്‍ജി ബംഗാളില്‍ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് ഇന്ത്യക്ക് രൂപം നല്കി. ഹിന്ദുത്വാഭിമുഖ്യമുള്ള കക്ഷികളെല്ലാം ഒരുമിച്ച് ഒരു വിശാലമായ രാഷ്ട്രീയ പ്രസ്ഥാനമുണ്ടാക്കണമെന്ന ആഗ്രഹവുമായി ഡോ.മുഖര്‍ജി ശ്രീഗുരുജിയെ സമീപിച്ചു.
പൂജനീയ ഡോക്ടര്‍ജിയുടെ കാലം മുതല്‍ മുഖര്‍ജിയുമായി പരിചയവും പരസ്പരാദരവും പുലര്‍ത്തിവന്ന ഗുരുജിയും ഡോ.മുഖര്‍ജിയും സുദീര്‍ഘമായ ആശയവിനിമയം നടത്തി. വര്‍ഷങ്ങള്‍ക്കുശേഷം പാഞ്ചജന്യ വാരികയില്‍ എഴുതിയ ലേഖനത്തിലൂടെ ശ്രീ ഗുരുജി തന്നെ ആ കാര്യങ്ങള്‍ വിവരിച്ചു.” ”… ഇന്നത്തെ ഭാരതഭരണഘടന യഥാര്ത്ഥഭാരത രാഷ്ട്രത്തെ ഉള്‍ക്കൊള്ളുന്നില്ലെന്നും ഹിന്ദുരാഷ്ട്രത്തെ അതിന്റെ പുരാതന മഹിമയോടെ പുനഃപ്രതിഷ്ഠിക്കുക എന്ന തത്വം ആധുനിക പ്രജായത്ത തത്വങ്ങള്ക്കെതിരല്ലെന്നു ഹിന്ദു രാഷ്ട്രത്തില്‍ അഹിന്ദുക്കള്‍ക്ക്, വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാത്തിടത്തോളം പൂര്‍ണ സ്വാതന്ത്ര്യവും ലഭിക്കുന്നതാണെന്ന് (ഡോ.മുഖര്‍ജി) പറഞ്ഞു. ഈ തത്വവും വസ്തുതകളും തന്നെ പുതിയ പാര്‍ട്ടിയുടെ നയലക്ഷ്യങ്ങളില് ഉള്‍ക്കൊള്ളിക്കണമെന്ന അഭിലാഷവും അദ്ദേഹം പ്രകടിപ്പിച്ചു.
”ഇങ്ങനെ പൂര്‍ണ യോജിപ്പു കണ്ടതിനുശേഷം എന്റെ സംഘപ്രവര്ത്തകരില്നിന്ന് ആദര്‍ശനിഷ്ഠയും കര്‍മകുശലതയും ധീരതയും തികഞ്ഞവരും പ്രവര്ത്തനശീലരും നിസ്വാര്‍ത്ഥമായും അചഞ്ചലമായും ശ്യാമപ്രസാദിന്റെ പുതിയകക്ഷിയുടെ വളര്‍ച്ചക്കുള്ള ചുമതല ഏറ്റെടുക്കാന്‍ തയ്യാറുള്ളവരും…… നെഞ്ചൂക്കുള്ളവരുമായ ചിലരെ തെരഞ്ഞെടുത്ത് ശ്യാമപ്രസാദിനു നല്കി. അങ്ങനെ ഭാരതീയ ജനസംഘമെന്ന കക്ഷി രൂപപ്പെട്ടു … അതിനുശേഷം ഞാന്‍ മുമ്പത്തെപ്പോലെ എല്ലാവിഷയങ്ങളില്നിന്നും വിമുക്തനായി ഞാന്‍ സംഘപ്രവര്‍ത്തനത്തില്‍ മുഴുകി. (08.7.56 ലെ കേസരി വാരിക)
അന്ന് ഡോ.മുഖര്‍ജിയെ സഹായിക്കാന്‍ നിയുക്തരായ ദീനദയാല്‍ ഉപാദ്ധ്യായ, അടല്‍ബിഹാരി വാജ്പേയി, നാനാജി ദേശ്മുഖ്, സുന്ദര്‍ സിംഗ് ഭണ്ഡാരി, കുശഭാവു ഠാക്കറെ, ജഗന്നാഥ റാവു ജോഷി, ഡോ.മഹാവീര്‍, യജ്ഞദത്ത ശര്‍മ, ലാല്‍കൃഷ്ണ അദ്വാനി മുതലായവരാണ് ഭാരതീയ ജനസംഘത്തിന്റെ പ്രവര്‍ത്തനത്തെ ദൃഢമായ അടിത്തറയില്‍ ഉറപ്പിക്കുകയും രാജ്യവ്യാപകമായി വളര്‍ത്തുകയും ചെയ്തത്.
ജനസംഘത്തിന്റെ ആദ്യ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഡോ.മുഖര്‍ജി ചെയ്ത നയലക്ഷ്യപ്രഖ്യാപന പ്രസംഗം ഭാരതജനതയുടെ ഒരു മാഗ്നാകാര്‍ട്ട തന്നെയായിരുന്നു. രാജ്യവും ജനതയും നേരിടുന്ന എല്ലാ പ്രശ്നങ്ങളെയും അതിവിദഗ്ദ്ധമായി അദ്ദേഹം വിശകലനം ചെയ്തു. അവ ഇന്നും അന്നത്തേതുപോലെ പ്രസക്തമാണെന്നു കാണാം…” ആചാരങ്ങള്‍, സ്വഭാവം, ഭാഷ, മതം എന്നീ കാര്യങ്ങളില്‍ വൈവിധ്യങ്ങള്‍ നിറഞ്ഞ നാടാണ് ഭാരതം എന്നു ജനസംഘം വിശ്വസിക്കുന്നു. ഇവയെ ഒന്നിച്ച് കൂട്ടിയിണക്കേണ്ടിയിരിക്കുന്നു. മാതൃഭൂമിയോടുള്ള വിട്ടുവീഴ്ചയില്ലാത്ത കൂറും സമര്‍പ്പണമനോഭാവവും എല്ലാവരും സഹോദരങ്ങളാണെന്ന ഭാവനയുടെയും അടിസ്ഥാനത്തിലേ ഈ കൂട്ടിയിണക്കല്‍ നടക്കൂ.
”ജാതി, മതം, വര്‍ഗം, വിഭാഗം എന്നീ അടിസ്ഥാനത്തില്‍ മുദ്രാവാക്യം മുഴക്കുന്ന, പരസ്പരം മത്സരിക്കുന്ന ഒട്ടേറെ പാര്‍ട്ടികള്‍ ഇന്നുണ്ട്… ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ രാഷ്ട്രീയന്യൂനപക്ഷം വളര്‍ന്നുവരുന്നത് അപകടം നിറഞ്ഞകാര്യമാണ്.”
ഉദ്ദേശവും ലക്ഷ്യവും ഉത്തമമാണ്. സംഘടന കെട്ടിപ്പടുക്കുന്നതിലും ജനങ്ങളുടെ മനസ്സില്‍ വിശ്വാസം ജനിപ്പിക്കുന്നതിനുമുള്ള കഴിവിനെ ആശ്രയിച്ചിരിക്കും നമ്മുടെ വിജയം. അതിനു ക്ഷമാപൂര്‍വമായ പ്രവര്‍ത്തനവും സമയവും ആവശ്യമാണ്.
അന്നത്തെ ആ സമ്മേളനം കുറ്റമറ്റ രീതിയില്‍ സംഘടിപ്പിച്ചതിന്റെ പൂര്‍ണചുമതല ദീനദയാല്‍ജിക്കും സഹപ്രവര്‍ത്തകരായി ശ്രീഗുരുജി നിയോഗിച്ചവര്ക്കുമായിരുന്നു. സമ്മേളന വിജയത്തില്‍ ഡോ.മുഖര്‍ജി പരിപൂര്‍ണ തൃപ്തനായിരുന്നു. ദീനദയാല്‍ജിയുടെ കര്തൃത്വശേഷികണ്ട അദ്ദേഹം ”ഇത്തരം രണ്ടു ദീനദയാല്‍മാരെ കൂടി ലഭിച്ചാല്‍ ഭാരതത്തിന്റെ രാഷ്ട്രീയ ഭൂപടം തന്നെ മാറ്റിവരയ്ക്കാന്‍ കഴിയു”മെന്ന് അഭിപ്രായപ്പെട്ടത് പ്രസിദ്ധവും പ്രവചനതുല്യവുമായി.
ഭാരതത്തിനു മാത്രമല്ല, മാനവരാശിക്കു മുഴുവന്‍ വഴിവിളക്കാകാവുന്ന ഏകാത്മമാനവദര്‍ശനമെന്ന പ്രത്യയശാസ്ത്രത്തിന് രൂപം നല്‍കിയശേഷമാണ് ദീനദയാല്‍ജി നമ്മെ വിട്ടുപിരിഞ്ഞത്. ഡോ.മുഖര്‍ജിയാകട്ടെ കശ്മീരിനെ ഭാരതത്തിന്റെ മറ്റു സംസ്ഥാനങ്ങള്ക്കൊപ്പമാക്കുന്നതിനുള്ള സമരത്തില്‍ ബലിദാനിയായി. മുഖര്‍ജിയുടെ പിന്‍ഗാമികള്‍, ഇന്ന് അദ്ദേഹത്തിന്റെ ബലിദാനം സാര്‍ത്ഥകമാക്കുന്ന പ്രക്രിയയില്‍ ഏര്‍പ്പെട്ടുകൊണ്ട് ശ്രീനഗറില്‍ അധികാരത്തിലെത്തിക്കഴിഞ്ഞു. ദീനദയാല്‍ജിയുടെ സഹപ്രവര്‍ത്തകരും പിന്‍ഗാമികളും ഭാരതത്തിന്റെ ഭൂപടം മാറ്റിവരച്ചുകൊണ്ടിരിക്കുകയാണ്. സഹപ്രവര്‍ത്തകരായി അടല്ബിഹാരിയും അദ്വാനിയും ഒന്നരപ്പതിറ്റാണ്ടുമുമ്പു തന്നെ അതിനാരംഭിച്ചതാണ്. ഇന്നും അതു തുടരുന്നു.
ഒക്ടോബര്‍ 21 ഇനിയും
അവസാനിക്കുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: