വാസ്തുപുരുഷനെപ്പറ്റിയുള്ള പരാമര്‍ശം വരുന്നത് പുരാണത്തിലാണ്. ദേവാസുരയുദ്ധം നടക്കുന്ന സമയം. ദേവന്മാര്ക്കും അസുരന്മാര്ക്കും തുല്യശക്തിയാണ്. അവര്‍ എത്രകാലം യുദ്ധം ചെയ്താലും ആരും തോല്ക്കുകയില്ല, ആരും ജയിക്കുകയുമില്ല. അങ്ങനെ വന്നപ്പോഴാണ് വിഷ്ണുഭഗവാന് ദേവന്മാരോടുകൂടി ചേര്‍ന്നത്. അപ്പോള്‍ ദേവന്മാരുടെ ഭാഗത്ത് ശക്തി കൂടി. അസുരന്മാര് തോറ്റു. അസുരന്മാരുടെ ഗുരുവായ ശുക്രാചാര്യര്‍ക്ക് ഇതത്ര രസിച്ചില്ല. അദ്ദേഹമെന്തു ചെയ്തു? വലിയൊരു ഹോമകുണ്ഡം കൂട്ടി ഹോമം തുടങ്ങി.
ഓരോ വസ്തുക്കളായി ഹോമിച്ചുഹോമിച്ച് ഒരിക്കലൊരു ആടിനെ ഹോമിച്ചു. ആടിനെ ഹോമിക്കുന്നതിനൊപ്പം ഹോമകുണ്ഡത്തിലേക്ക് ഒരു വിയര്‍പ്പുതുള്ളി വീണു. അപ്പോള്‍ ഒരുരാസമാറ്റം സംഭവിച്ചു എന്നും തല്‍ഫലമായി ആ അഗ്നികുണ്ഡത്തില്‍നിന്നൊരു ഭൂതം പുറത്തേക്കു വന്നുവെന്നും പറയുന്നു. ഭൂതത്തിന് ആടിന്റെ മുഖമായിരുന്നത്രെ. അതാണ് വാസ്തുപുരുഷന് എന്നാണ് സങ്കല്പിച്ചിട്ടുള്ളത്.
ശുക്രാചാര്യരുടെ വിയര്‍പ്പില്‍നിന്ന് അവതരിച്ചതിനാലാണ് അതിന് ശുക്രന്റെ മകന്റെ സ്ഥാനമാണുണ്ടായത്. ഒരു തീഗോളം പോലെ പുറത്തുവന്ന ആ രൂപം ശുക്രാചാര്യരോടു ചോദിച്ചു, എന്തിനുവേണ്ടിയാണ് എന്റെ ജന്മം? എന്താണെന്റെ അവതാരോദ്ദേശ്യം? ശുക്രാചാര്യര്‍ക്ക് സംശയമൊന്നുമുണ്ടായില്ല, സകല ദേവന്മാരെയും നിഗ്രഹിച്ചുകൊള്ളാന്‍ പറഞ്ഞു.
കേട്ടപാതി, കേള്‍ക്കാത്തപാതി, ആ രൂപം ദേവന്മാരുടെ അടുത്തേക്ക് പാഞ്ഞു.
ദേവന്മാര് ഭയന്നിരിക്കുകയാണ്. അവര്‍ പരമശിവനെ സമീപിച്ച് മാര്‍ഗമന്വേഷിച്ചു. അദ്ദേഹം പറഞ്ഞു, വിഷമിക്കാനൊന്നുമില്ല, എന്റെ കയ്യിലുമുണ്ടൊരു തീഗോളം. ഇതുപറഞ്ഞ് അദ്ദേഹം മൂന്നാം തൃക്കണ്ണ് തുറന്നു. ഒരു അഗ്നിഗോളം തൃക്കണ്ണില്‍നിന്ന് പുറപ്പെട്ടു. ആദ്യം ശുക്രാചാര്യരെയും പിന്നെ വാസ്തുപുരുഷനെയും നശിപ്പിക്കണം എന്നു പറഞ്ഞിട്ടാണ് വിട്ടത്. ശുക്രാചാര്യര്‍ക്ക് സംഗതിയുടെ ഗൗരവം മനസ്സിലായി. അദ്ദേഹം സ്വയം ചെറുതായിട്ട് പരമശിവന്റെ ചെവിയില്‍ക്കൂടി കയറി വയറ്റിലൊളിച്ചിരുന്നു.
ശിവന് തൊടുത്തുവിട്ടത് ശിവന്റെ വയറിനെ നശിപ്പിച്ചാലേ ശുക്രാചാര്യരെ നശിപ്പിക്കാന്‍ പറ്റുകയുള്ളു. അദ്ദേഹത്തിന് കാര്യം മനസ്സിലായി. പരമശിവന് പറഞ്ഞു: നിന്റെ സൂത്രമെനിക്കു മനസ്സിലായി, ഇനി ഞാനൊന്നും ചെയ്യില്ല, പുറത്തേക്കു വന്നോളൂ, എന്തു വരം വേണമെങ്കിലും തരാം എന്നു പറഞ്ഞു. അപ്പോള്‍ ശുക്രാചാര്യര്‍ പറഞ്ഞു, എനിക്കൊന്നും വേണ്ട. എന്റെ ഒരു സന്തതി അങ്ങ് അയച്ച അഗ്നിഗോളത്തെ ഭയന്ന് ഓടിനടക്കുന്നുണ്ട്. അതിനെയൊന്നു രക്ഷപ്പെടുത്തിയാല്‍ മതി. പരമേശ്വരന് സമ്മതിച്ചു. പേടിയോടെ വാസ്തുപുരുഷന് വന്നു. ശിവന് ചോദിച്ചു: എന്താ നിനക്കു വേണ്ടത്?
എനിക്കൊന്നും വേണ്ട, ഭൂമിയില്‍ പോയിരിക്കാന്‍ അനുവദിച്ചാല്‍ മതി. എന്നെയാരും പൂജിക്കേണ്ട. പക്ഷേ എന്റെ ദേഹത്തില്‍ ബ്രഹ്മാദിദേവന്മാരെല്ലാവരും വന്നിരിക്കണം. അവരെ എല്ലാവരും പൂജിക്കണം. അവരെ പൂജിച്ചുകഴിഞ്ഞാല്‍ ആരും എന്നെ ഉപേക്ഷിക്കില്ലല്ലോ.
ശരി അങ്ങനെയാവട്ടെ എന്ന് പറഞ്ഞ് ശിവന് വാസ്തുപുരുഷനെ ഭൂമിയിലേക്ക് എറിഞ്ഞു. ഇന്ന് ശാസ്ത്രം എന്താണ് നമ്മെ പഠിപ്പിക്കുന്നത്? ഭൂമി സൂര്യനില്‍ നിന്നു പൊട്ടിപ്പോന്ന ഒരു കഷണമാണെന്നാണല്ലോ. അപ്പോള്‍ തീക്കുണ്ഡം എന്നു പറയുന്നത് സൂര്യനാണ്. അതില്‍നിന്നു പൊട്ടിപ്പോന്ന ഒരു കഷ്ണമാണെന്നു പറഞ്ഞാല്‍ അത് വാസ്തുപുരുഷനെന്ന തീഗോളമാണ് എന്നു മനസ്സിലാക്കാം. അത് തപിപ്പിച്ച് നമുക്കുപയോഗയോഗ്യമാക്കിത്തീര്‍ത്തതാണ് ഈ വാസ്തുപുരുഷന്. വാസ്തുപുരുഷപൂജയില്‍, അഥവാ വാസ്തുബലിയില്‍ ബലി കൊടുക്കുന്നത് ഈ ദേവന്മാര്‍ക്കാണ്. ദേവന്മാരെ സന്തോഷിപ്പിച്ചാല്‍ ഈ ദോഷങ്ങളെ അമര്‍ച്ച ചെയ്യാമെന്നര്‍ത്ഥം. കാണിപ്പയ്യൂര്‍ പറയുന്നു.
ഭൂമിയില്‍ എന്തൊക്കെ നമുക്കു വിപരീതമായിട്ടുണ്ടോ അതെല്ലാം നിര്‍വീര്യമാക്കി, നമുക്കുവേണ്ടത് തിരഞ്ഞെടുക്കാനുള്ള ഒരു സംവിധാനമുണ്ടാക്കിയെടുക്കുകയാണ് മറ്റൊരര്‍ത്ഥത്തില്‍ ഈ വാസ്തുബലിയിലൂടെ അര്‍ത്ഥമാക്കുന്നത്.
ഭൂമിയിലെന്തൊക്കെ ദോഷങ്ങളുണ്ടോ അത് തീര്‍ത്ത് നമുക്കുപയോഗയോഗ്യമാക്കിത്തീര്‍ക്കേണ്ട ഒരു ക്രമമാണ് അതിനുള്ളത്. അതുകൊണ്ടാണ് ആദ്യം വാസ്തുബലി നടത്തണമെന്നു പറയുന്നത്. വാസ്തുബലി എന്നു പറയുന്നത് ഒരു കണക്കിനു പറഞ്ഞാല്‍ വാവിനു ബലിയിടുന്നതുപോലെയാണ്. പിതൃക്കളെ പ്രീതിപ്പെടുത്താനാണല്ലോ വാവുബലി. ഇതാവട്ടെ, ഭൂമിയിലുള്ള, നമ്മുടെ സ്ഥലത്ത് അഥവാ വാസ്തുവിലുള്ള, ദേവന്മാരെ പ്രീതിപ്പെടുത്തുകയാണ്. ദോഷമുള്ള സാന്നിധ്യങ്ങളെ അമര്‍ച്ച ചെയ്യുക എന്നര്‍ത്ഥം.
ഭൂമിയെ ഒരു ചൈതന്യ സ്ഥാനമായി കാണുകയും അതില്‍ ചൈതന്യവൃദ്ധിക്കായി കര്‍മങ്ങള്‍ നടത്തുകയും ചെയ്യുന്നു. വാസ്തു പുരുഷപൂജയെന്നാല്‍ ഭൂമിപൂജ തന്നെയായി മാറുന്നു. അപ്പോള്‍ വാസ്തുപുരുഷനെ ഭൂമിയില്‍നിന്ന് വേറിട്ടുകാണാനാവാത്ത സ്ഥിതിയാണിത്. ഭൂമിതന്നെയാണ് വാസ്തുപുരുഷന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: