മലപ്പുറം: ആദ്യാക്ഷരത്തിന്റെ മധുരം നുണഞ്ഞ് ജില്ലയില്‍ ആയിരക്കണക്കിന് കുരുന്നുകള്‍ ഇന്നലെ ഹരിശ്രീ കുറിച്ചു. നാവിന് തുമ്പിലെഴുതിയ ആദ്യാക്ഷരങ്ങള്‍ ഇനി ജീവിതകാലം മുഴുവന്‍ തുണയായുണ്ടാകട്ടെയെന്ന് ഹരിശ്രീ കുറിച്ച ഗുരുക്കന്മാര് കുരുന്നുകളെ ആശീര്‍വദിച്ചു. ജില്ലയിലെ പ്രധാനക്ഷേത്രങ്ങളിലെല്ലാം തന്നെ ഇന്നലെ വിദ്യാരംഭത്തിനും വാഹനപൂജയ്ക്കും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. വിശേഷാല്‍ പൂജകള്‍ നടത്തുന്നതിനും ദര്‍ശനത്തിനും ക്ഷേത്രങ്ങളില്‍ പ്രത്യേകം ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. പുലര്‍ച്ചെ മുതല്‍ മിക്ക ക്ഷേത്രങ്ങളിലും ദര്‍ശനത്തിന് എത്തിയവരുടെ നീണ്ട നിര ദൃശ്യമായിരുന്നു. ക്ഷേത്രം തന്ത്രിമാരും മേല്‍ ശാന്തിമാരും കലാസാ മൂഹ്യസാംസ്കാരിക രംഗ ത്തെ പ്രമുഖരും വിവിധ കേന്ദ്രങ്ങളില്‍ കുട്ടികളെ എഴുത്തിനിരുത്തി.
തിരൂര്‍ തുഞ്ചന്‍പറമ്പില്‍ നൂറുകണക്കിന് കുരുന്നുകള്‍ ഹരിശ്രീ കുറിച്ചു. രാവിലെ അഞ്ച് മണി മുതല്‍ കുട്ടികളുടെ വിദ്യാരംഭം ആരംഭിച്ചു. എം.ടി വാസുദേവന്‍ നായര്‍, ആലങ്കോട് ലീലാകൃഷ്ണന്, പി.കെ ഗോപി, മണമ്പൂര്‍ രാജന് ബാബു, കെ.പി രാമനുണ്ണി, പാരമ്പര്യ എഴുത്താശാന്മാരായ വഴുതക്കാട് മുരളി, കെ. പ്രജേഷ് പണിക്കര്‍, തുടങ്ങിയവര്‍ എഴുത്തിനിരുത്തലിന് നേതൃത്വം നല്കി. തുടര്‍ന്ന് കവികളുടെ വിദ്യാരംഭവും നടന്നു. കാടാമ്പുഴ ദേവീക്ഷേത്രത്തില്‍ സരസ്വതി പൂജയ്ക്കുശേഷം നടന്ന വിദ്യാരംഭ ചടങ്ങുകള്‍ നടന്നു. അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ദേവീക്ഷേത്രത്തില്‍ നടന്ന വിദ്യാരംഭത്തിനെത്തിയത് നൂറുകണക്കിന് ആളുകളാണ്.
ജില്ലയിലെ പ്രധാന ക്ഷേത്രങ്ങളായ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം, കാടാമ്പുഴ ഭഗവതി ക്ഷേത്രം വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി വിശേഷാല്‍ പൂജകളും വിദ്യാരംഭവും വാഹനപൂജയും നടന്നു.
മലപ്പുറം താമരക്കുഴി ശ്രീമാരിയമ്മന്‍ കോവിലില്‍ നാളെ രാവിലെ പൂജയെടുപ്പും വിദ്യാരംഭവും ഉണ്ടായിരിക്കും. മുണ്ടുപറമ്പ് ശ്രീദക്ഷിണാമൂര്‍ത്തി ക്ഷേത്രത്തില്‍ വിദ്യാരംഭം നടന്നു. ഒതുക്കുങ്ങല്‍ ചെറുകുന്ന് അന്നപൂര്‍ണ്ണേശ്വരീ ക്ഷേത്രത്തില്‍ നടന്ന വിജയദശമി ആഘോഷത്തില്‍ ഹിന്ദുസ്ഥാനി സംഗീതജ്ഞനും സംഗീത സംവിധായകനുമായ ബാബുരാജിനെ ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന് വിവിധ സംഗീതോപകരണങ്ങള്‍ കോര്‍ത്തിണക്കിയുള്ള ഫ്യൂഷന്‍ അരങ്ങേറി. ശ്രീ സായി കലാക്ഷേത്രയുടെ സഹോദര സ്ഥാപനമായ സ്വാതി തിരുനാള്‍ സ്കൂള്‍ ഓഫ് മ്യൂസിക് മലപ്പുറം കേന്ദ്രീയ വിദ്യാലയത്തിന് എതിര്‍വശത്തുള്ള കടക്കാടന്‍ കോംപ്ലക്സില്‍ പ്രവര്‍ത്തനം ആരംഭിച്ചു. നൃത്തം, വോക്കല്‍, വാദ്യോപകരണ പരിശീലനത്തിനുള്ള പുതിയ ബാച്ചുകളും ആരംഭിച്ചു.
മഞ്ചേരി മാതാ അമൃതാനന്ദമയീ മഠത്തിന്റെ നേതൃത്വത്തില്‍ നറുകര ബ്രഹ്മസ്ഥനക്ഷേത്രത്തില് നവരാത്രി ആഘോഷം നടത്തി. രാവിലെ മഹാഗണപതിഹോമത്തോടെ പരിപാടികള്‍ ആരംഭിച്ചു. എഴുത്തിനിരുത്ത്, അമൃതകീര്ത്തനസുധ, പ്രഭാഷണം, കലാസാംസ്കാരികപരിപാടികള്‍, തുടങ്ങിയവ നടന്നു.
പന്താവൂര്‍ ശ്രീലക്ഷ്മി നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ മഹാനവമി വിജയദശമി വിപുലമായി ആഘോഷിച്ചു. കുറുവമന സതീശന് നമ്പൂതിരിയുടെയും അര്ജ്ജുനന് നമ്പൂതിരിയുടെയും നേതൃത്വത്തില്‍ സരസ്വതി പൂജയും അലങ്കോട് കുട്ടന്നായരും സംഘവും അവതരിപ്പിച്ച തായമ്പകയും അരങ്ങേറി. പ്രത്യേകം തയ്യാറാക്കിയ സരസ്വതി മണ്ഡപത്തില്‍ കെ.സൂര്യനാരായണന് മാസ്റ്ററുടെ നേതൃത്വത്തില്‍ കുട്ടികളെ എഴുത്തിനിരുത്തി.
ചങ്ങരംകുളം ശ്രീശാസ്താ സ്കൂളില്‍ പ്രത്യേകം തയ്യാറാക്കിയ സരസ്വതി മണ്ഡപത്തില്‍ എഴുത്തിനിരുത്തല്‍ ചടങ്ങ് നടത്തി. കെ.ഗോപാലകൃഷ്ണന് നായര്‍, വിജയന് ഇളയത് എന്നിവര്‍ നേതൃത്വം നല്കി.
ഇന്ത്യനൂര്‍ മഹാഗണപതിക്ഷേത്രത്തില്‍ ക്ഷേത്രസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ വിദ്യാരംഭ ചടങ്ങുകള്‍ നടന്നു.
വേങ്ങര ശ്രീഅമ്മാഞ്ചേരിക്കാവ് ഭഗവതീക്ഷേത്രത്തില്‍ മഹാനവമിയോടനുബന്ധിച്ച് വിശേഷാല്‍ പൂജകളും ഇന്നലെ രാവിലെ ഏഴു മുതല്‍ സരസ്വതി പൂജയും എട്ട് മണിക്ക് വിദ്യാരംഭവും നടന്നു.
നറുകര നറുമധുര ഭഗവതി ക്ഷേത്രം, താനൂര്‍ ശ്രീ ചിറക്കല്‍ ഭഗവതീക്ഷേത്രം, പൊന്നാനി ഓംതൃക്കാവ് ശിവക്ഷേത്രം, വളാഞ്ചേരി തൊഴു വാനൂര്‍ ഭഗവതി ക്ഷേത്രം, പുലാമന്തോള്‍ പാലൂര് ശ്രീ സുബ്രഹ്മണ്യക്ഷേത്രം, കാരക്കുന്ന് മണ്ണന്തല ശ്രീമഹാവിഷ്ണു ക്ഷേത്രം, എളയൂര്‍ ശ്രീമഹാവിഷ്ണു ക്ഷേത്രം, നിലമ്പൂര്‍, നടുവിലകളം സുബ്രഹ്മണ്യ ക്ഷേത്രം,വീരാഡപുരിക്ഷേത്രം, വില്വാത്മഹാദേവ ക്ഷേത്രം,അമരമ്പലം ശിവക്ഷേത്രം, ചമ്മന്തിട്ട ഭഗവതി ക്ഷേത്രം, എടക്കര ശ്രീദുര്ഗ്ഗക്ഷേത്രം,
ശ്രീകൃഷ്ണക്ഷേത്രം, കുറത്തിമല ശ്രീകുറത്തിയമ്മ ക്ഷേത്രം, പാലേമാട് ശ്രീധര്‍മ്മശാസ്തക്ഷേത്രം, വള്ളിക്കാട് മഹാദേവക്ഷേത്രം, കാരക്കോട് ദേവീക്ഷേത്രം എന്നിവിടങ്ങളിലും വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി വിശേഷാല്‍ പൂജകളും വിദ്യാരംഭവും വാഹനപൂജയും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: