തിരുവനന്തപുരം: അരിമണിയില്‍ ചൂണ്ട് വിരല്‍ തൊടുവിച്ച് ‘ഹരിശ്രീ’യില്‍ കരഞ്ഞപ്പോള്‍ ‘ഗണപതേയേ’യില്‍ പിണക്കം മാറി ചിലകുട്ടികള്‍ ആദ്യാക്ഷരം പൂര്‍ത്തിയാക്കി. മറ്റ് ചിലകുരുന്നുകളാകട്ടെ ആചാര്യന്മാര് ചൊല്ലിക്കൊടുത്ത അക്ഷരങ്ങള്‍ അതേപടി ഏറ്റുചൊല്ലി മിടുക്കന്മാരായി.
വിജയദശമി ദിനത്തില്‍ ശ്രീപദ്മനാഭസ്വാമിയുടെ തട്ടകമായ അനന്തപുരിയില്‍ ആയിരക്കണക്കിന് കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു. ഭാരതീയ വിചാരകേന്ദ്രം, ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ നവരാത്രി മണ്ഡപം, പൂജപ്പുര സരസ്വതീ മണ്ഡപം, ആറ്റുകാല്‍ ദേവീക്ഷേത്രം, മണക്കാട് രാജരാജേശ്വരി ദേവീക്ഷേത്രം, കരിക്കകം ചാമുണ്ഡീക്ഷേത്രം, വര്‍ക്കല ശിവഗിരിമഠം, അഭേദാ ശ്രമം തുടങ്ങി നിരവധി സ്ഥലങ്ങളില്‍ കുഞ്ഞുങ്ങള്‍ക്ക് ആദ്യാക്ഷരം കുറിച്ചു. ജില്ലയിലെ പ്രധാനക്ഷേത്രങ്ങള്‍, പ്രത്യേകിച്ചു ദേവീക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചാണ് എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ നടന്നത്.
ഭാരതീയ വിചാരകേന്ദ്രത്തില്‍ നടന്ന വിദ്യാരംഭ ചടങ്ങുകള്‍ക്ക് ഡയറക്ടര്‍ പി. പരമേശ്വരന് മുഖ്യകാര്‍മികത്വം വഹിച്ചു. ഡോ സി.ജി. രാജഗോപാല്‍, സുഗതകുമാരി, ഡോ.കെ.യു. ദേവദാസ്, ഡോ.മധുസൂദനന്‍പിള്ള എന്നിവരും കുട്ടികളുടെ നാവില്‍ ആദ്യാക്ഷരമെഴുതി. ആറ്റുകാലില്‍ 1500 ഓളം കുരുന്നകളാണ് അരിമണികളില്‍ അക്ഷരമെഴുതിത്തുടങ്ങിയത്. ക്ഷേത്രമേല്‍ശാന്തി എസ്. അരുണ്‍കുമാര്‍, സഹശാന്തിമാരായ റ്റി.കെ. ഈശ്വരന് നമ്പൂതിരി, പി.വി. കേശവന്‍നമ്പൂതിരി എന്നിവരും ചട്ടമ്പിസ്വാമി സ്മാരക മണ്ഡപത്തില്‍ പ്രൊഫ. കവടിയാര്‍ രാമചന്ദ്രന്, ഡോ ശാന്തകുമാരി എന്നിവരും കാര്‍മികത്വം വഹിച്ചു. നവരാത്രിയോടനുബന്ധിച്ച് ആറ്റുകാലില്‍ ഒമ്പതുദിവസം നീണ്ടുനിന്ന സംഗീതോത്സവത്തിന് തിരശ്ശീല വീണു.
കരിക്കകം ചാമുണ്ഡീക്ഷേത്രത്തിലെ മണ്ഡപത്തില്‍ പോലീസ് കമ്മീഷണര്‍ എച്ച്. വെങ്കിടേഷ്, മേയര്‍ കെ. ചന്ദ്രിക, സിനിമാതാരം കൊല്ലം തുളസി, മണ്ണടിഹരി, ക്ഷേത്ര മേല്‍ശാന്തി കണ്ണന് പോറ്റി, സഹമേല്‍ശാന്തി വിഷ്ണുനമ്പൂതിരി എന്നിവര്‍ കുഞ്ഞുങ്ങള്‍ക്ക് ആദ്യാക്ഷരം കുറിച്ചു. ക്ഷേത്രട്രസ്റ്റ് ചെയര്മാന് എം. വിക്രമന്‍നായര്‍, പ്രസിഡന്റ് സി. മനോഹരന്‍നായര്‍, സെക്രട്ടറി വി. അശോക് കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി. പേട്ട കല്ലുംമൂട് പഞ്ചമി ക്ഷേത്രത്തില്‍ പ്രൊഫ.വി.ബി. പദ്മനാഭന് കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിച്ചു.അഭേദാശ്രമത്തില്‍ മഠാധിപതി സ്വാമി സുഗുണാനന്ദ, പ്രൊഫ ചെങ്കല്‍ സുധാകരന്, സ്വാമി കേശവാനന്ദ, ഹരികുമാര്‍ എന്നിവരാണ് കുട്ടികളെ എഴുത്തിനിരുത്തിയത്. നെയ്യാറ്റിന്‍കര എഴുത്തച്ഛന് നാഷണല്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ചുനക്കര രാമന്‍കുട്ടി, കലാം കൊച്ചേറ, ജോണ്‍ പുനലാല്‍, ഡോ വി.എസ്. ചന്ദ്രിക, മണക്കാട് ഗോപന്, നടനക്ഷേത്ര കൃഷ്ണകുമാര്‍ എന്നിവര്‍ വിദ്യാരംഭത്തിന് കാര്‍മികത്വം വഹിച്ചു. ഏകലവ്യാശ്രമത്തിന്റെ ആഭിമുഖ്യത്തില്‍ കരമന ആദിപരാശക്തി ക്ഷേത്രത്തില്‍ സരസ്വതീ ഹോമം നടന്നു. യോഗിനി അശ്വതി സുധ നേതൃത്വം നല്കി. കവിതയുടെ നേതൃത്വത്തില്‍ അശ്വതി ഭജന്‍സും അന്നദാനവും ഉണ്ടായിരുന്നു.
മണക്കാട് രാജരാജേശ്വരി ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തിന് സമാപനം കുറിച്ച് അഭേദാശ്രമം മാതൃസംഘത്തിന്റെ അഷ്ടപദി ഭജന അരങ്ങേറി. പ്രസ് ക്ലബ്ബിന് സമീപത്തെ മുത്തുമാരി അമ്മന്‍ ദേവീക്ഷേത്രത്തില്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. പ്രൊഫ വേലപ്പന്‍നായര്‍ ഉദ്ഘാടനം ചെയ്തു. മേല്‍ശാന്തി വീരമണി വാധ്യാര്, സെക്രട്ടറി പാളയം സഹദേവന്, എസ്.പി. പിള്ള, റ്റി. വിനോദ് എന്നിവര്‍ പങ്കെടുത്തു.
ഐരാണിമുട്ടം തുഞ്ചന്‍ സ്മാരകത്തിലെ സമ്പൂര്‍ണ വിദ്യാരംഭത്തില്‍ ആയിരക്കണക്കിന് കുട്ടികളാണ് ഹരിശ്രീ കുറിച്ചത്. ഭാഷാപിതാവായ തുഞ്ചത്ത് എഴുത്തച്ഛന്റെ പാദസ്പര്‍ശമേറ്റ തിരൂര്‍ തുഞ്ചന്‍ പറമ്പിലെ മണലിലാണ് ഇവിടെ കുഞ്ഞുങ്ങള്‍ ആദ്യാക്ഷരമെഴുതിയത്. ഡോ.വി.ആര്. പ്രബോധചന്ദ്രന്‍നായര്‍, ഡോ.ഡി. ബാബുപോള്‍, മലയിന്‍കീഴ് ഗോപാലകൃഷ്ണന്, ഡോ.എം.ആര്. തമ്പാന്, ആറ്റുകാല്‍ റ്റി.കെ. ദാമോദരന്‍ നമ്പൂതിരി, മാവേലിക്കര അച്യുതന് എന്നിവര്‍ കുട്ടികളെ എഴുതിച്ചു. പ്രൊഫ. കാട്ടൂര്‍ നാരായണപിള്ള, കാരയ്ക്കാമണ്ഡപം വിജയകുമാര്‍ എന്നിവര്‍ ചിത്രകലയിലും പ്രൊഫ. പി. സുശീലാദേവി, കല്ലറഗോപന്‍, ജി. ശ്രീറാം എന്നിവര്‍ സംഗീതത്തിലും സുജ സാജന് നൃത്തത്തിലും കുഞ്ഞുങ്ങള്‍ക്ക് തുടക്കം കുറിച്ചു.നെയ്യാറ്റിന്‍കര ഡോ.ജി.ആര്. പബ്ലിക് സ്കൂളില്‍ സിസ്റ്റര്‍ മൈഥിലിയുടെ നേതൃത്വത്തില്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ചു. മാരായമുട്ടം വടകരയിലെ ഡോ. ജി. രാമചന്ദ്രന് പബ്ലിക് സ്കൂളിലും വിദ്യാരംഭ ചടങ്ങുകള്‍ നടന്നു.പാറശ്ശാല കുറുങ്കുട്ടി ഭാരതീയ വിദ്യാപീഠം സെന്‍ട്രല്‍ സ്കൂളില്‍ ശബരിമല മുന്‍ മേല്‍ശാന്തി തെക്കേടത്തുമന എന്‍. വിഷ്ണുനമ്പൂതിരിയുടെ നേതൃത്വത്തില്‍ സിസ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ സി. സുരേഷ്കുമാര്‍, കെ. വിശ്വനാഥന് നായര്‍, പരമശിവന്‍നായര്‍ എന്നിവര്‍ കുട്ടികളെ എഴുത്തിനിരുത്തി. നൃത്തം, സംഗീതം, ചിത്രരചന, ഉപകരണസംഗീതം, അബാക്കസ് എന്നിവയ്ക്കും ആചാര്യന്മാര് തുടക്കം കുറിച്ചു. 2015-16 അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചതായും മാനേജ്മെന്റ് അറിയിച്ചു.
വര്‍ക്കല ശിവഗിരി മഠത്തില്‍ ശ്രീനാരായണധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ, ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറര്‍ സ്വാമി പരാനന്ദ എന്നിവര്‍ എഴുത്തിനിരുത്തിന് നേതൃത്വം നല്കി. വര്‍ക്കല ജനാര്‍ദ്ദനസ്വാമി ക്ഷേത്രം, വെണ്‍കുളം സരസ്വതീക്ഷേത്രം, പനയറ തൃപ്പോരിട്ടക്കാവ്, ഇടവ പാലക്കാവ് തുടങ്ങി വിവിധ ക്ഷേത്രങ്ങളിലും കുട്ടികളെ എഴുത്തിനിരുത്തി. വര്‍ക്കല ശ്രീകൃഷ്ണ നാട്യസംഗീത അക്കാദമിയില്‍ നൃത്തം, വയലിന്, വായ്പ്പാട്ട്, കീ ബോര്‍ഡ് എന്നിവയിലും ശ്രീനടരാജ സംഗീതസഭയില്‍ നൃത്തം, വയലിന്, വായ്പ്പാട്ട്, മൃദംഗം, ചിത്രരചന എന്നിവയിലും ഹരിശ്രീകുറിച്ചു. വിഎസ്എസ്സി മുന്‍ ഡയറക്ടര്‍ എം. ചന്ദ്രദത്തന്, പത്തനംതിട്ട അഡീഷണല്‍ ജഡ്ജ് ഷെര്‍ലി ദത്ത്, സംവിധായകന് ഗോപിനാഥ്, ഡോ ഡി. പത്മലാല്‍, ഡോ ജി. പത്മറാവു, ആറ്റിങ്ങല്‍ ഡിവൈഎസ്പി ആര്. പ്രതാപചന്ദ്രന്‍നായര്‍, മുന്‍ ഡെപ്യൂട്ടി കളക്ടര്‍ പി.സി. പുഷ്പലത, അധ്യാപക അവാര്‍ഡ് നേടിയ ശ്രീലാല്‍ എന്നിവര്‍ വിവിധ സ്ഥലങ്ങളില്‍ കുരുന്നുകളെ എഴുതിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: