വിളപ്പില്‍ശാല: തദ്ദേശ തെരഞ്ഞെടുപ്പില്‍ നേതൃത്വത്തെ വെല്ലുവിളിച്ച് മത്സരരംഗത്തെത്തിയ വിമതരില്‍ പലര്‍ക്കും കോണ്‍ഗ്രസിന്റെ ക്ലീന്‍ചിറ്റ്. കൈപ്പത്തിക്കു പകരം മിക്ക സ്ഥലങ്ങളിലും ഓടക്കുഴലും ടെലിവിഷനും കോണ്‍ഗ്രസിന്റെ ഔദ്യോഗിക ചിഹ്നങ്ങളായി. ഒന്നാംഘട്ട പ്രചാരണം അവസാനിച്ചപ്പോള്‍ ഗ്രൂപ്പ്പോരിലും പാര്‍ട്ടിക്കുള്ളിലെ വിഭാഗീയതയിലും മനംമടുത്ത് അണികളില്‍ പലരും അകലുന്ന കാഴ്ചയാണ് കാണുന്നത്. പ്രാദേശിക ഘടകത്തെ മറന്ന് ഉന്നതതലങ്ങളില്‍ നിന്നു സീറ്റ് ഒപ്പിച്ചെടുത്തവര്‍ക്കാണ് ഏറ്റവും കൂടുതല്‍ വിമതഭീഷണി.
ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരെ മത്സരിക്കുന്നവര്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പാര്‍ട്ടിയില്‍ ഉണ്ടാവില്ലെന്നായിരുന്നു കെപിസിസി അദ്ധ്യക്ഷന്‍ തുടക്കത്തില്‍ പറഞ്ഞത്. എന്നാല്‍ ഈ ഭീഷണിക്ക് വിമതര്‍ ഒരു വിലയും കല്‍പ്പിച്ചില്ല. നേതൃത്വം കെട്ടിയിറക്കിയ ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരെ റിബലുകള്‍ വീറോടെ നേര്‍ക്കുനേര്‍ പോരാട്ടത്തിനെത്തി. ഇത് കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനത്തിനേറ്റ കനത്ത തിരിച്ചടിയായി. വിമതര്‍ക്കെതിരെ നടപടി പ്രഖ്യാപിച്ച ഒട്ടുമിക്ക സ്ഥലങ്ങളിലും പ്രവര്‍ത്തകര്‍ കൂട്ടത്തോടെ പാര്‍ട്ടി വിട്ടുപോകാന്‍ തുടങ്ങി. ഒടുവില്‍ പരസ്യ നടപടി വേണ്ടെന്ന നിലപാടില്‍ പാര്‍ട്ടിക്ക് എത്തേണ്ടി വന്നു. ഒപ്പം വിമതരില്‍ ഭൂരിപക്ഷം പേരെയും അംഗീകരിക്കുകയും കൈപ്പത്തി ചിഹ്നം കിട്ടിയവരെ ഒഴിവാക്കുകയും ചെയ്തു.
കാട്ടാക്കട പഞ്ചായത്തിലെ ആമച്ചല്‍ ബ്ലോക്ക് ഡിവിഷനില്‍ കോണ്‍ഗ്രസ് ഔദ്യോഗിക സ്ഥാനാര്‍ഥിയായി ആദ്യം അവതരിപ്പിച്ചത് തലമുതിര്‍ന്ന നേതാവ് സുബ്രഹ്മണ്യംപിള്ളയെ ആയിരുന്നു. കൈപ്പത്തി ചിഹ്നവും നല്കി. അപ്പോഴാണ് ഐ ഗ്രൂപ്പ് നേതാവ് കാട്ടാക്കട രാമു വിമത വേഷംകെട്ടി കളത്തിലിറങ്ങിയത്. പിള്ളയ്ക്ക് നേരത്തേ കൈപ്പത്തി ചിഹ്നത്തിന് കത്തുകൊടുത്തത് മറച്ചുവച്ച് രാമുവിനും ഡിസിസി പ്രസിഡന്റ് കത്തു നല്കി വിവാദത്തില്‍ കുടുങ്ങി. ഒരു ഡിവിഷനിലേക്ക് രണ്ട് കത്തുകള്‍ ചിഹ്നം അനുവദിക്കുന്നതിന് ലഭിച്ചതോടെ വരണാധികാരി പിള്ളയ്ക്ക് അനുവദിച്ച കൈപ്പത്തി മരവിപ്പിച്ചു. പകരം ടെലിവിഷന്‍ നല്കി. ഇരുവരും പോരാട്ടത്തില്‍ ഉറച്ചു നിന്നു. ഗത്യന്തരമില്ലാതെ കോണ്‍ഗ്രസ് നേതൃത്വം വിമതനു മുന്നില്‍ മുട്ടുകുത്തി. ആമച്ചല്‍ ഡിവിഷനില്‍ കാട്ടാക്കട രാമുവിനെ ഔദ്യോഗിക സ്ഥാനാര്‍ഥിയായി അംഗീകരിച്ചു. ഇവിടെ കൈപ്പത്തിക്കു പകരം ഓടക്കുഴല്‍ പര്‍ട്ടി ചിഹ്നമായി. സുബ്രഹ്മണ്യംപിള്ള പിന്മാറിയെന്ന് പറയുന്നെങ്കിലും വോട്ടിംഗ് യന്ത്രത്തില്‍ രാമുവിന്റെ ഓടക്കുഴലിനൊപ്പം പിള്ളയുടെ ടെലിവിഷനും ചിഹ്നമായി എത്തും.
വിളപ്പില്‍ശാല ബ്ലോക്ക് ഡിവിഷനില്‍ ജേക്കബിനെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരുന്നത്. വിമതനായി രംഗപ്രവേശനം നടത്തിയ എ ഗ്രുപ്പ് നേതാവും മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ വിനോദ് രാജ് ജില്ലാ കമ്മിറ്റിയുടെ വിലക്ക് മറികടന്ന് സ്ഥാനാര്‍ഥിയായി. ഇവിടെയും ഔദ്യോഗിക സ്ഥാനാര്‍ഥിക്ക് മുമ്പ് ഡിസിസിയിലെ ചിലരെ സ്വാധീനിച്ച് വിനോദ് കൈപ്പത്തി ചിഹ്നം തരപ്പെടുത്തിയിരുന്നു. ജേക്കബിന് ടെലിവിഷനാണ് ചിഹ്നം. അരാണ് ഇവിടെ ഔദ്യോഗിക സ്ഥാനാര്‍ഥിയെന്നത് ഇപ്പോഴും അനിശ്ചിതത്വത്തിലാണ്.
പള്ളിച്ചല്‍ പഞ്ചായത്തിലെ പൂങ്കോട് ബ്ലോക്ക് ഡിവിഷനിലും ഇതേ അവസ്ഥയാണ്. ഔദ്യോഗിക സ്ഥാനാര്‍ഥിയായി പ്രചാരണം അരംഭിച്ച പൂങ്കോട് ശിവകുമാറിനെ തഴഞ്ഞ് വീരേന്ദ്രനാണ് സീറ്റ്. ഇവിടെയും ടെലിവിഷന്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക അടയാളമായി. ജില്ലയിലെ മിക്ക പഞ്ചായത്തുകളിലും നിലവിലെ വാര്‍ഡ് മെമ്പര്‍മാര്‍ വിമതരായി രംഗത്തുണ്ട്. ഇവരെ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലാണ് നേതൃത്വം. വിളപ്പിലില്‍ ആകെയുള്ള ഇരുപത് വാര്‍ഡുകളില്‍ മൂന്നിടത്ത് വിമതര്‍ നേരിട്ടും അഞ്ചിടത്ത് രഹസ്യമായും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളോട് ഏറ്റുമുട്ടും. മറ്റ് പഞ്ചായത്തുകളിലും ഇതേ അവസ്ഥയാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: