ഇനി മൃഗങ്ങളെയും സസ്യങ്ങളെയും പറ്റി പറയാം. അവ പ്രകൃത്യാ മാംസം ഭക്ഷിക്കുന്നതിനാല്‍ നമുക്കും ഭക്ഷിക്കാം എന്നുള്ളതു ശരിയല്ല. പ്രകൃത്യാ മാംസം ഭക്ഷിക്കേണ്ടവരേക്കുറിച്ച് ഞാന്‍ മുന്‍പു പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഈ ന്യായം ആ രാക്ഷസന്മാര്‍ക്കിരിക്കട്ടെ. പ്രകൃത്യാ സസ്യഭുക്കുകള്‍ മൃഗവര്‍ഗ്ഗത്തിലും സസ്യവര്‍ഗ്ഗത്തിലും കാണുന്നു. ആയതിനാല്‍ പ്രകൃത്യാ സസ്യഭുക്കുകളാണ് നാംഎന്നുള്ള ന്യായം നമുക്കിരിക്കട്ടെ. അതുമാത്രമല്ല ഈ മനുഷ്യശരീരം ലോകത്തുള്ളവയില്‍വച്ചു ഉല്‍കൃഷ്ടമായിട്ടുള്ളതാകുന്നു.
താണതരം ജീവികള്‍ ജഡബുദ്ധികളാണ്. പ്രായേണ അവ താമസഗുണത്തില്‍ നിന്നു സൃഷ്ടിച്ചിട്ടുള്ളവയാകുന്നു. ജന്തുക്കള്‍ക്ക് ഉയര്‍ന്നതരം വിചാരങ്ങളൊന്നും വിചാരിപ്പാന്‍ കഴിയുകയില്ല എന്നു മഹാത്മാവായ വിവേകാനന്ദസ്വാമിയും പറഞ്ഞിരിക്കുന്നു. അദ്ദേഹം വേറൊരവസരത്തില്‍ അമേരിക്കയില്‍വച്ച് ഇപ്രകാരം പറഞ്ഞു. ‘മനുഷ്യ വര്‍ഗ്ഗത്തിന്റെ വലിയൊരു ഭാഗം മൃഗങ്ങളില്‍നിന്നും അധികം ദൂരം ഒന്നും എത്തിയിട്ടില്ലെന്നു തന്നെയല്ല പല സംഗതികളിലും നിയമനശക്തി മനുഷ്യര്‍ക്ക് താഴ്ന്നതരം ജന്തുക്കളില്‍ നിന്നു അധികം ഒന്നും വര്‍ദ്ധിച്ചിട്ടുമില്ല.’
നമ്മുടെ മനസ്സുകളുടെ മേല്‍ നമുക്ക് സ്വാതന്ത്ര്യം ചുരുക്കമാണ്. ആ സ്വാതന്ത്ര്യത്തെ ഉണ്ടാക്കാന്‍ ശ്രമിക്കണം. മഹാന്മാരുടെ ഈ വാക്കുകളില്‍ നിന്നും നാം അറിയേണ്ടത് പ്രകൃതിയെ അനുസരിച്ചുള്ള മനോവൃത്തിയെ പിന്‍തുടരുന്നത് മൃഗങ്ങളുടെ സ്വഭാവം എന്നാണ്. അത് ഏതു മൂഢനും സാധിക്കാവുന്നതുമാണ്. അതിനെ എതിര്‍ത്തു മുന്‍പോട്ടു കയറിയവരാണ് ലോകത്തില്‍ ഏറ്റവും കീര്‍ത്തിമാന്മാരായിത്തീര്‍ന്നിട്ടുള്ളത്. നാം അങ്ങനെ അനുവര്‍ത്തിച്ചുവരുന്നുവെന്നുള്ളതും പ്രത്യക്ഷമാണ്. മാതാവ്, സോദരി, ഭാര്യ , അന്യസ്ത്രീ ഈ വ്യത്യാസങ്ങളെ നാം നിയമേന അനുഷ്ഠിച്ചു വരുന്നില്ലയോ? അതില്‍ അതിരു കവിഞ്ഞ മനഃക്ഷോഭം കൂടാതെ സൂക്ഷിക്കുന്നില്ലയോ? ഇതിനു വിപരീതമായി അനുഷ്ഠിക്കുന്നവരുടെ കഷ്ടതകളേയും നാം കാണുന്നുണ്ടല്ലോ.മൃഗവര്‍ഗ്ഗങ്ങളില്‍ ഇതൊന്നും തന്നെ കാണുന്നില്ല. ഇതുകൊണ്ടുതന്നെ പ്രകൃത്യാ പ്രവര്‍ത്തിക്കുന്ന മനോവൃത്തിയെ തടയേണ്ടത് മനുഷ്യസ്വഭാവമാണെന്നും അതിനെത്തന്നെയാണു മനുഷ്യന് അനുഷ്ഠിക്കേണ്ടതെന്നും വ്യക്തമാകുന്നു.
















