മലയിന്‍കീഴ്: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മാറനല്ലൂരിലെ വിധിക്ക് കാതോര്‍ക്കുകയാണ് പഞ്ചായത്ത് നിവാസികള്‍.
കോണ്‍ഗ്രസ്സ്- സിപിഎം അവിശുദ്ധ കൂട്ടുകെട്ടിന്റെ ബാക്കി പത്രമായ നിലവിലെ ഭരണസമിതിയുടെ വന്‍കോഴ ഇടപാടും അധികാരം പിടിച്ചെടുക്കുന്നതിനായി സിപിഎം നടത്തിയ അന്തര്‍നാടകങ്ങളും പഞ്ചായത്തിലെ ജനങ്ങള്‍ മറന്നിട്ടില്ല. സിപിഎമ്മും കോണ്‍ഗ്രസ്സും തമ്മിലുള്ള കൂട്ടുകെട്ടില്‍ മനംനൊന്ത് സിപിഎമ്മിലെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ച് ബിജെപി യില്‍ എത്തിയതോടെ ഇക്കുറി ഭരണ മാറ്റത്തിന് മാറനല്ലൂര്‍ വേദയിയാകും. ഓന്ത് നിറംമാറുന്നതുപോലെ അധികാരത്തിനായി പാര്‍ട്ടിമാറുന്ന സിപിഐ അംഗമായ പഞ്ചായത്ത് പ്രസിഡന്റ് ഭാസുരാംഗന്റെ കാല്ചുവട്ടില് സിപിഎമ്മിനെ കൊണ്ടുകെട്ടിയതിലെ പ്രതിഷേധത്തിനുള്ള അവസരമായും സിപിഎമ്മിലെ യുവജനങ്ങള്‍ സമ്മതിദാന അവകാശം വിനിയോഗിക്കും.
നിലവില്‍ അഞ്ച് അംഗങ്ങളുള്ള ബിജെപി ഇക്കുറി ഭരണത്തില്‍ എത്തുമെന്ന് ഉറപ്പിക്കുന്നു. 21 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ നിലവിലെ അഞ്ച് അംഗങ്ങള്‍ക്ക് പുറമെ 30നും ഏഴിനും വോട്ടുകളുടെ വ്യത്യാസത്തില്‍ എട്ട് സീറ്റാണ് കഴിഞ്ഞ തവണ നഷ്ടമായത്.
രണ്ടരവര്‍ഷക്കാലം പ്രസിഡന്റ് പദവി പങ്കിടുമെന്ന സിപിഎം-സിപിഐ കരാര്‍ തെറ്റിച്ചതോടെയാണ് മാറനല്ലൂരിലെ രാഷ്ട്രീയരംഗം കലങ്ങിമറിഞ്ഞത്. കോണ്‍ഗ്രസ് ഉള്‍പ്പെടെ വിവിധ പാര്‍ട്ടികള്‍ മാറി അവസാനം സിപിഐയിലെത്തിയ ഭാസുരാംഗന് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നല്‍കണമെന്ന ആവശ്യം എരുത്തവൂര് ചന്ദ്രന് നിരാകരിച്ചിരുന്നു. തുടര്‍ന്ന് കൊണ്ടുവന്ന അവിശ്വാസത്തിലൂടെ എരുത്താവൂര്‍ ചന്ദ്രന് പുറത്തായി. പിന്നീട് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര അംഗമാണ് പ്രസിഡന്റായത്. ആറുമാസത്തിനു ശേഷം എല്‍ഡിഎഫ് അവിശ്വാസം കൊണ്ടുവന്ന് സ്വതന്ത്ര അംഗത്തിനെ പുറത്താക്കി. തുടര്‍ന്ന് കോണ്‍ഗ്രസ് പിന്‍ബലത്തോടെ സിപിഐലെ ഭാസുരാംഗന് പ്രസിഡന്റാവുകയായിരുന്നു.
ഇത്തരത്തിലുള്ള മാറനല്ലൂരിലെ കോണ്‍ഗ്രസ്-സിപിഎം-സിപിഐ കൂട്ടുകെട്ടാണ് ബിജെപി തെരഞ്ഞെടുപ്പ് വിഷയമാക്കിയിരിക്കുന്നത്. നിലവിലെ ഭരണ സമിതിയിലെ എല്ലാ അംഗങ്ങളും മത്സരിക്കുന്നുണ്ട്. തൂങ്ങാംപാറ ബാലകൃഷ്ണന് രണ്ടാമതും ജനവിധി തേടുന്നു. വിഎസ്ഡിപി, എസ്എന്‍ഡിപി, കെപിഎംസ് എന്നീ സംഘടനകളില്‍ നിന്ന് എത്തിയവര്‍ക്കും സീറ്റ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: