പാനൂര്‍: കോണ്‍ഗ്രസിനെ മലര്‍ത്തിയടിക്കാന്‍ ലീഗ് റിബല്‍. പാനൂര്‍ നഗരസഭയിലെ 4ാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുന്‍പഞ്ചായത്ത് പ്രസിഡണ്ടും കോണ്‍ഗ്രസ് നേതാവുമായ ടിടി.രാജനെ പരാജയപ്പെടുത്താന്‍ സജീവമായി ഇറങ്ങിയിരിക്കുന്നത് യൂത്ത്ലീഗ് നേതാവും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ വി.ഹാരിസാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പരാജയം അനിവാര്യമാണെന്ന് ഉറപ്പിച്ചുകൊണ്ട് വീടുവീടാന്തരം കയറിയിറങ്ങുകയാണ് വി.ഹാരിസും അനുയായികളും. കഴിഞ്ഞ ദിവസം മുസ്ലീംലീഗില്‍ നിന്നും ഇയാളെ പുറത്താക്കുകയും ചെയ്തിരുന്നു. എന്നാല്‍ ലീഗ് പ്രവര്‍ത്തകര്‍ റിബല്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം വീടുകയറാന്‍ സജീവമായി രംഗത്തിറങ്ങിയത് നേതൃത്വത്തിന് ഭീഷണിയും വെല്ലുവിളിയുമായി. ഇവിടെ ബിജെപി, എല്‍ഡിഎഫ് സാരഥികളും മത്സര രംഗത്തുണ്ട്. തൃപ്പങ്ങോട്ടൂരിലെ 18-ാം വാര്‍ഡ് കീരിയാവിലും മറ്റൊരു ലീഗ് വിമതന് മത്സരത്തിനുണ്ട്. ഇകെ.സുന്നി വിഭാഗം നേതാവ് എപി.ഇസ്മായിലാണ് വിമത സ്ഥാനാര്‍ത്ഥിയായി യുഡിഎഫിന് ഭീഷണിയുയര്‍ത്തുന്നത്. മുസ്ലീംലീഗിലെ ഗഫൂറിന്റെ തോല്‍വി ഉറപ്പിക്കാന്‍ തിരഞ്ഞെടുപ്പ് ഗോദയില്‍ വിമതന് സജീവമായിക്കഴിഞ്ഞു. ഇയാളെ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് മുസ്ലീംലീഗ് നേതൃത്വത്തിനെതിരെ പ്രകോപനപരമായ മുദ്രാവാക്യവുമായി കടവത്തൂരില്‍ ഒരു വിഭാഗം പ്രകടനവും നടത്തി. ലീഗിലെ അനൈക്യം മുതലെടുക്കാനാണ് മറ്റ് സ്ഥാനാര്‍ത്ഥികളുടെ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: