എല്ലാ വിപത്തുകളില്‍ നിന്നും മാര്‍ക്കണ്ഡനെ രക്ഷിച്ചുപോന്ന മാതാജിയോട് താന്‍ കാണിച്ച നന്ദികേട് മാര്‍ക്കണ്ഡനെ വല്ലാതെ വിഷമിപ്പിച്ചു.വിഷമം ഒരുതരം ഉന്‍മാദമായി മാറി. മാതാജി വീണ്ടും തന്നെ സ്വീകരിച്ചില്ലെങ്കില്‍ താന്‍ പുഴയില്‍ ചാടി മരിക്കുമെന്നുറപ്പിച്ചു. മനസ്സിലെ തീവ്രമായ വേദനക്കിടയിലും കാളരാത്രിയിലെ മിന്നല്‍പ്പിണര്‍ പോലെ ഒരു തോന്നലുണ്ടായി..
‘മാതാജി എന്നെ രക്ഷിക്കുകയില്ലേ.? എന്നെ വീണ്ടും സ്വീകരിക്കുമെന്നു പറയില്ലെ.? ‘വിചാരങ്ങളും ഒരുക്കങ്ങളും വേഗം കഴിഞ്ഞു. മുമ്പൊരിക്കലും പ്രയോഗിക്കാത്ത വിധം വേഗതയോടെ ആഴമുളള പുഴയിലേക്കു കുതിച്ചു ചാടി.തല്‍ക്ഷണം മാതാജി അതീവ സുന്ദരിയായി പ്രത്യക്ഷയായി മാര്‍ക്കണ്ഡനെ കടന്നുപിടിച്ച് സ്വര്‍ഗ്ഗീയ സുഖമുണ്ടാകുമാറ് ആലിംഗനം ചെയ്തു.ബുദ്ധിശൂന്യമായ ഇത്തരം പ്രവൃത്തികള്‍ മേലില്‍ ചെയ്തു പോകരുതെന്ന് ശാസിക്കുകയും ചില പരീക്ഷണങ്ങളില്‍ കൂടെ തന്നെ കൊണ്ടു പോകുകയാണെന്നും അല്ലാതെ ഒരിക്കലും കൈയ്യൊഴിഞ്ഞിട്ടില്ലെന്നും അരുളിച്ചെയ്‌കയും ചെയ്ത് മാതാജി അപ്രത്യക്ഷയായി.നിമിഷങ്ങള്‍ക്കകം എല്ലാം കഴിഞ്ഞു. മാര്‍ക്കണ്ഡന്‍ തന്റെ മുറിയിലേക്ക് സാവകാശം മടങ്ങുമ്പോള്‍ തന്നത്താന്‍ പിറുപിറുത്തു.
‘എന്താണുണ്ടായത്. ഞാനെന്താണ് കണ്ടത്..കേട്ടത്. എല്ലാം ബുദ്ധിഭ്രമം കൊണ്ടുണ്ടായ തോന്നലല്ലെ.?.നൈരാശ്യത്തില്‍ നിന്നുല്‍ഭവിച്ച സ്വപ്‌നമല്ലെ. ‘ഈവക സംശയങ്ങള്‍ ഉണ്ടായേക്കുമെന്നു മുന്‍കൂട്ടി കണ്ട മാതാജി സംശയനിവൃത്തിക്കുളള വഴികള്‍ ഒരുക്കിയിരുന്നു.
മുറി തുറന്നപ്പോള്‍ മാര്‍ക്കണ്ഡന്‍ കണ്ട കാഴ്ച അത്യാശ്ചര്യജനകവും അതിലേറെ സന്തോഷപ്രദവുമായിരുന്നു. ആറാഴ്ചയ്‌ക്കു മുമ്പ് താന്‍ പുഴയില്‍ വലിച്ചെറിഞ്ഞ സാധനങ്ങള്‍, അതേ സപ്തശതി ഗ്രന്ഥം, മാതാജിയുടെ അതേ ചിത്രം, അതെ ആവണപ്പലക തുടങ്ങിയവയെല്ലാം അതാതിന്റെ സഥാനത്തുതന്നെയിരിക്കുന്നു.
ആ നിമിഷം മുതല്‍ മാര്‍ക്കണ്ഡന്‍ മാതാജിയുമായുളള ബന്ധം അരക്കിട്ടുറപ്പിച്ചു. ഹൈന്ദവ രീതിയിലുളള ശക്തിസ്വരൂപിണിയെന്ന നിലയിലായിരുന്നു മാതാജിയെപ്പറ്റിയുളള മാര്‍ക്കണ്ഡന്റെ അന്നത്തെ ധാരണ.സ്വന്തം നിലക്കു നേടിയെടുത്ത മാതൃ-പുത്ര ബന്ധം മനസ്സിലുണ്ടായിരുന്നുവെങ്കിലും ആ ബന്ധം പക്ഷെ ഒരു പെണ്‍സിംഹത്തിന് അതിന്റെ കുഞ്ഞിനോടുളള ബന്ധം പോലയായിരുന്നു. മാതാജി എന്ന പദം മാതൃത്വത്തെക്കുറിച്ചതല്ലാതെ മാതൃ-ശിശു ബന്ധത്തെ ഉള്‍ക്കൊണ്ടിരുന്നില്ല.
1907ബല്‍ നടന്ന ആ സംഭവം മുതല്‍ 1932 വരെയുളള കാലത്തെ മാര്‍ക്കണ്ഡന്റെ ജീവിതം ഒരു സാധാരണ മനുഷ്യന്റേതു മാത്രമായിരുന്നു.എന്നാല്‍ അതെ സമയം തന്നെ തന്റെ മതപരമായ ബോധത്തിനും ക്രമപ്രവൃദ്ധമായ വളര്‍ച്ചയുംഉണ്ടായി.
(തുടരും)
















