തൊടുപുഴ: വഴിയാത്രികര്‍ക്കും വാഹനയാത്രക്കാര്‍ക്കും ഭീഷണിസൃഷ്ടിച്ച് റോഡരുകില്‍ നിക്ഷേപിച്ചിരിക്കുന്ന മെറ്റില് കൂന. കാരിക്കോട് – കുന്നം റോഡില്‍ ചാലംകോട് ക്ഷേത്രത്തിന് സമീപമാണ് മാസങ്ങളായി മെറ്റില് ഇറക്കിയിട്ടിരിക്കുന്നത്. സമീപത്തെ റോഡ് ടാറിംഗിനായിയാണ് 4 മാസം മുമ്പ് മെറ്റില് ഇവിടെ ഇറക്കിയത്. ചില നേതാക്കളുടെ രാഷ്ട്രീയ മെല്ലെപ്പോക്ക് നയമാണ് റോഡ് ടാറിംഗ് താമസിപ്പിക്കുന്നതിന് ഇടയാക്കിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഫണ്ട് അനുവദിച്ച് മാസങ്ങള്‍ പിന്നിടുമ്പോഴും പണി നടക്കാതെ നാട്ടുകാര്‍ക്ക് തലവേദനയായി സ്ഥിതിചെയ്യുകയാണ് മെറ്റില്കൂന. വളവിലായി സ്ഥിതിചെയ്യുന്ന പഴയ കെട്ടിടത്തിന്റെ മതില് മൂലം എതിര്‍വശത്തെ വാഹനങ്ങള്‍ മുന്നിലെത്തുമ്പോഴേ കാണുവാനാകൂ എന്നതാണ് ഇവിടുത്തെ പ്രശ്നം. നാലും കൂടിയ കവലയും കനാലും ഒത്തുചേരുമ്പോള്‍ ഇവിടെ അപകട സാധ്യത ഇരട്ടിയാവുകയാണ്. ഇറക്കമായതിനാല്‍ വാഹനങ്ങള്‍ അമിത വേഗത്തിലാണ് ഇതുവഴി വരുന്നത്. വളവില്‍ റോഡ് തകര്‍ന്ന് കിടക്കുന്നതിനാല്‍ വെട്ടിക്കുന്നതും ഇവിടെ നിരവധി ചെറിയ അപകടങ്ങള്‍ക്ക് വഴിവെച്ചതായും നാട്ടുകാരനായ തൊണ്ടിക്കുഴ കണ്ടത്തിന്‍കരയില്‍ രമേശ് പറഞ്ഞു. അധികൃതര്‍ നടപടി എടുക്കാന്‍ സന്നദ്ധത കാട്ടണമെന്നും വളവിലെ മെറ്റില് കൂന നീക്കം ചെയ്യണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: