കൊല്ലം: ആളൊഴിഞ്ഞ പുരയിടത്തിലെ സെപ്റ്റിക്ടാങ്കില്‍ നിന്ന് അസ്ഥികൂടങ്ങള്‍ പോലീസ് കണ്ടെത്തി. അഞ്ചാലുംമൂട് കുപ്പണ പൊങ്ങിന്‍മൂട് കായല്‍വാരത്തിന് സമീപത്തെ വീടിന്റെ പിന്‍ഭാഗത്തെ സെപ്റ്റിക് ടാങ്കിലാണ് സ്ത്രീയുടെതെന്ന് സംശയിക്കുന്ന അസ്ഥികള്‍ കഴിഞ്ഞദിവസം കണ്ടെടുത്തത്.
നാലുദിവസങ്ങള്‍ക്ക് മുമ്പ് അഞ്ചാലുംമൂട് പോലീസ്‌സ്റ്റേഷനിലെത്തിയ ഊമക്കത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അസ്ഥികള്‍ കണ്ടെത്തിയത്. അഞ്ചാലൂംമുട് എസ്‌ഐ രൂപേഷ് രാജിന്റെ നേതൃത്വത്തില്‍ കത്തില്‍ പറയുന്ന സ്ഥലത്തെത്തി സെപ്റ്റിക് ടാങ്കില്‍ പ്രാഥമിക പരിശോധന നടത്തുകയും അസ്ഥികള്‍ കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് ആര്‍ടിഒയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ സെപ്റ്റിക് ടാങ്കില്‍ നിന്നും അസ്ഥികള്‍ പുറത്തെടുത്തു.
പ്രാഥമിക അന്വേഷണത്തില്‍ അസ്ഥികള്‍ സ്ത്രീയുടെതാണെന്ന് സ്ഥിരീകരിച്ചു. കത്തില്‍ പറയുന്ന സൂചന പ്രകരാം 2014 ജൂലൈ മാസം ഒമ്പതിന് കാണാതായ വെട്ടുവിള ധന്യനിവാസില്‍ ശ്രീദേവി അമ്മയുടെതാണ് മൃതദേഹമെന്നാണ് സംശയിക്കുന്നത്. ഇവരെ കാണാനില്ലയെന്ന് കാണിച്ച് മകള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഇവരെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇവരെ കാണാതായ ദിവസം ഇവരുടെ മകന്റെ സുഹൃത്തു കൂടിയായ യുവാവിനെയും കാണാനില്ലെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. എന്നാല്‍ ഡിഎന്‍എ പരിശോധന ഉള്‍െപ്പടെ നടത്തിയാല്‍ മാത്രമേ ഇത് ശ്രീദേവിഅമ്മയുടെതാണോ എന്ന് അറിയാന്‍ കഴിയുവെന്ന് പോലീസ് പറഞ്ഞു. പോലീസ് സര്‍ജന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി റെക്‌സ് റോബി അലക്‌സ്, വെസ്റ്റ് സിഐ സുരേഷ്, എസ്‌ഐ പ്രശാന്ത്, ജബ്ബാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് അസ്ഥികള്‍ പുറത്തെടുത്തത്.
















