ആര്.വിഷ്ണുരാജ്
പന്തളം: വരകളിലൂടെ വേദനയെ മറികടന്ന ആളായിരുന്നു ഇന്നലെ അന്തരിച്ച കാര്‍ട്ടൂണിസ്റ്റ് ജോയികുളനട.
കഴിഞ്ഞ എട്ട് വര്‍ഷമായി കാന്‍സറിന് ചികിത്സയില്‍ കഴിയുന്ന അദ്ദേഹത്തെ മൂന്നാം തവണയും കാന്‍സര്‍ പിടികൂടി. മാസങ്ങള്‍ നീണ്ട ചികിത്സയ്ക്ക് ശേഷം അദ്ദേഹം വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വരികയായിരുന്നു . കാര്‍ട്ടൂണുകളെ സ്നേഹിച്ച് ജീവിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ രോഗാവസ്ഥയെ കുറിച്ച് സുഹൃത്തുക്കളോടായി പങ്കുവച്ചത്. കുടലിനായിരുന്നു ജോയ് കുളനടയ്ക്ക് ആദ്യം കാന്‍സര്‍ ബാധ ഉണ്ടായത്. കീമോ തെറാപ്പിയാല്‍ ഇതിനെ മറികടന്നു. പിന്നീട് കരളിനെയാണ് കാന്‍സര്‍ പിടികൂടിയത്. ഏറ്റവും അവസാനം വന്ന രോഗാവസ്ഥയെയും ചികിത്സയിലൂടെ മറികടക്കാന്‍ ഉള്ള ശ്രമത്തിനിടയില്‍ അദ്ദേഹം മരണത്തിനു കീഴടങ്ങുവായിരുന്നു.കഴിഞ്ഞ ഒരാഴ്ചയായി കുളനട മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.
1950 ല്‍ പത്തനംതിട്ട ജില്ലയില്‍ കുളനടയിലാണ് ജനനം. പരേതരായ ഉമ്മന്‍ മത്തായിയുടേയും മറിയാമ്മയുടേയും മകന്. കുളനട ഗവണ്മെന്റ് സ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പന്തളം എന്‍എസ്എസ് ഹൈസ്കൂളിലും കോളജിലും എത്തിയതോടെ കാര്‍ട്ടൂണിസ്റ്റിന്റെ കണ്ണിലൂടെ ജോയി കുളനട ലോകത്തെ നോക്കിക്കണ്ടുതുടങ്ങി. സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയ ജോയി കുളനട കുറച്ചുകാലം വീക്ഷണം പത്രത്തിലെ പത്രാധിപസമിതിയംഗമായിരുന്നു. പിന്നീട് കാനറാബാങ്കിലും ജോലി ചെയ്തു. 1977 ല്‍ പ്രവാസജീവിതത്തിനു തുടക്കംകുറിച്ചു. അബുദാബി കൊമേഴ്സ്യല്‍ ബാങ്കിലെ സേവനം രണ്ടുദശാബ്ദത്തോളം നീണ്ടു. തുടര്‍ന്ന് നാട്ടില്‍ തിരിച്ചെത്തി.
കോളജില്‍ പഠിക്കുമ്പോള്‍ പന്തളീയന്‍ കാമ്പസ് മാസികയുടെ സ്റ്റുഡന്റ് എഡിറ്ററായി തുടര്‍ച്ചയായി മൂന്നുവര്‍ഷം പ്രവര്‍ത്തിച്ചു. 1969 ല്‍ മലയാളിനാട് വാരികയില്‍ ആദ്യത്തെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചു. ഗള്‍ഫിലെത്തിയശേഷം കേരളത്തിലെ ആനുകാലികങ്ങള്‍ക്കൊപ്പം ഗള്‍ഫിലെ എമിറേറ്റ്സ് ന്യൂസ്, ഖലീജ് ടൈംസ്, ഗള്‍ഫ് ന്യൂസ്, അറബി മാസികയായ അല്‍ ഹദാഫ് എന്നിവയിലും രചനകള്‍ പ്രസിദ്ധപ്പെടുത്തി. സൈലന്‍സ് പ്ലീസ്, ഗള്‍ഫ് കോര്‍ണര്‍, നേതാക്കളുടെ ലോകം, ബെസ്റ്റ് ഓഫ് സൈലന്‍സ് പ്ലീസ് എന്നിവയാണ് ജോയി കുളനട പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍. നിശബ്ദകാര്‍ട്ടൂണുകളാണ് ജോയി കുളനടയുടെ മാസ്റ്റര്‍പീസുകള്‍. ഏറ്റവുമധികം നിശബ്ദകാര്‍ട്ടൂണുകള്‍ വരച്ച മലയാളി കാര്‍ട്ടൂണിസ്റ്റ് എന്ന ബഹുമതിയും മറ്റാര്‍ക്കുമല്ല.
നിരവധി ബഹുമതികളും ജോയി കുളനടയെത്തേടിയെത്തിയിട്ടുണ്ട്. കാര്‍ട്ടൂണിനും കാരിക്കേച്ചറിനും ഹിന്ദുസ്ഥാന്‍ പത്രത്തിന്റെ പ്രശസ്തിപത്രം ലഭിച്ചിട്ടുണ്ട് ജോയി കുളനടയ്ക്ക്. മനോരാജ്യം വാരികയിലെ എഴുത്തുകാരുടെ ഡയറി, ഗള്‍ഫ് കോര്‍ണര്‍, മാതൃഭൂമിയിലെ സൈലന്‍സ് പ്ലീസ്, മനോരമ ആരോഗ്യത്തിലെ ക്ലിനിക് ടൂണ്‍സ് എന്നീ പംക്തികള്‍ വായനക്കാരുടെ മുക്തകണ്ഠം പ്രശംസ ഏറ്റുവാങ്ങിയവയാണ്. ഇംഗ്ലീഷ്, ഹിന്ദു, തമിഴ്, ശ്രീലങ്കന്‍, മറാഠി ഭാഷകളില്‍ കാര്ട്ടൂണുകള് ചെയ്തിട്ടുണ്ട് . ഇന്റര്‍നെറ്റ് പത്രങ്ങളിലും ദിവസേന രാഷ്ട്രീയ, സിനിമാ കാര്ട്ടൂണുകള് ജോയി കുളനട കൈകാര്യം ചെയ്തിരുന്നു.
കേരള കാര്‍ട്ടൂണ്‍ അക്കാദമി മുന്‍വൈസ് ചെയര്‍മാനായ ജോയി കുളനട കേരള അനിമേഷന്‍ അക്കാദമി ചെയര്മാന്, മലങ്കര സഭ അസോസിയേഷന് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു. പരേതയായ രമണിയാണ് ഭാര്യ. മക്കള്‍:നിതീഷ്, സഞ്ജു, നീതു ആല്ബിന്.
അനുശോചിച്ചു
പത്തനംതിട്ട: പ്രശസ്ത കാര്ടൂണിസ്റ്റും കേരളാ കാര്‍ട്ടൂണ്‍ അക്കാദമി മുന്‍ വൈസ് ചെയര്‍മാനുമായിരുന്ന ജോയ് കുളനടയുടെ നിര്യാണത്തില്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമി അനുശോചിച്ചു.കേരളാ കാര്‍ട്ടൂണ്‍ അക്കാദമി അദ്ദേഹത്തിന് ഫെല്ലോഷിപ്പ് നല്കി ആദരിച്ചിരുന്നു .നിശബ്ദ കാര്‍ടൂണ്‍ രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ചു ജനശ്രദ്ധ ആകര്‍ഷിച്ച വ്യക്തിത്വമായിരുന്നു ജോയ് കുളനട .ധാരാളം മാധ്യമങ്ങളില്‍ കാര്ട്ടൂണുകള് വരച്ചിട്ടുള്ള അദ്ദേഹത്തിന്റെ വേര്‍പാട് കാര്‍ട്ടൂണ്‍ രംഗത്ത് തീരാനഷ്ടമാണെന്നും അക്കാദമിയുടെ അനുശോചന സന്ദേശത്തില്‍ പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: