കണ്ണൂര്‍: ജനമൈത്രി സുരക്ഷാ പദ്ധതിയില്‍ സംസ്ഥാനത്ത് ഈ സാമ്പത്തികവര്‍ഷം രണ്ടരലക്ഷം വനിതകള്‍ക്ക് ആത്മരക്ഷാ പ്രതിരോധ പരിശീലനം നല്‍കുമെന്ന് പദ്ധതിയുടെ നോഡല്‍ ഓഫീസറായ എഡിജിപി ഡോ.ബി.സന്ധ്യ അറിയിച്ചു. കണ്ണൂര്‍ പോലീസ് ഓഡിറ്റോറിയത്തില്‍ പദ്ധതിയുടെ ജില്ലയിലെ ആദ്യഘട്ട പരിശീലനപരിപാടിയുടെ സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എഡിജിപി.
സ്വയം പ്രതിരോധ മുറകള്‍ പഠിപ്പിച്ച് സ്ത്രീകളുടെ ആത്മവിശ്വാസം ഉയര്‍ത്താനും സുരക്ഷ ഉറപ്പാക്കാനുമായാണ് പരിശീലനപദ്ധതി നടപ്പാക്കുന്നത്. പരമ്പരാഗത ആയോധനാഭ്യാസങ്ങളുടെ സങ്കീര്‍ണതയോ കാഠിന്യമോ ഇല്ലാതെ ലളിതമായ മാര്‍ഗങ്ങളിലുടെ എങ്ങനെ സ്വയരക്ഷ ഉറപ്പാക്കാമെന്നാണ് പരിശീലിപ്പിക്കുന്നത്. ഓരോ വ്യക്തികളും എടുക്കേണ്ട മുന്‍കരുതലുകള്‍, ജാഗ്രത, കയ്യേറ്റങ്ങളോ ശല്യപ്പെടുത്തലോ ഉണ്ടായാല്‍ നേരിടേണ്ടവിധം തുടങ്ങിയ കാര്യങ്ങള്‍ക്കാണ് പദ്ധതിയില്‍ ഊന്നല്‍. സമഗ്ര സമീപനത്തിലൂടെ സ്ത്രീകളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതില്‍ സ്ത്രീകളുടെ ആത്മവിശ്വാസത്തിന് വലിയ പങ്കാണുള്ളതെന്ന് എഡിജിപി പറഞ്ഞു. പതറാതെ പ്രതികരിക്കാനുള്ള ശേഷിയാണ് ഉണ്ടാകേണ്ടത്. പോലീസ് ആക്ടിലെ സെക്ഷന്‍ 3 പ്രകാരം മനുഷ്യാവകാശവും അന്തസ്സും സംരക്ഷിക്കുകയെന്നത് പോലീസിന്റെ കടമകളിലൊന്നാണ്. ഈ ദൗത്യം ഏറ്റെടുത്തുകൊണ്ടാണ് ജനമൈത്രി സുരക്ഷാപദ്ധതി നടപ്പാക്കുന്നതെന്ന് എഡിജിപി പറഞ്ഞു. സ്കൂളുകള്‍ കേന്ദ്രീകരിച്ച് ആണ്‍കുട്ടികള്‍ക്കും ജനമൈത്രി സുരക്ഷാ പരിശീലനം നല്കാന് ഉദ്ദേശിക്കുന്നുണ്ട്.
പദ്ധതിക്കായുളള മാസ്റ്റര്‍ ട്രെയിനര്‍മാരുടെ പരിശീലനമാണ് കണ്ണൂരില്‍ പൂര്‍ത്തിയായത്. വനിതാ പൊലീസ്, കുടുംബശ്രീ, കോളേജ് വിദ്യാര്‍ത്ഥിനികള്‍ എന്നീ വിഭാഗങ്ങളില്‍ നിന്നായി 50 പേരാണ് 5 ദിവസത്തെ പരിശീലനക്ലാസില്‍ പങ്കെടുത്തത്. ഇവര്‍ ഇനി ജില്ലയിലെ സ്കൂളുകള്‍, റസിഡന്റ്സ് അസോസിയേഷനുകള്‍, കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവയിലൂടെ സ്ത്രീകളെ സ്വയം പ്രതിരോധത്തിന്റെ പാഠങ്ങള്‍ പരിശീലിപ്പിക്കും. അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന ഘട്ടങ്ങളില്‍ പൊലീസില്‍ നിന്ന് ലഭിക്കുന്ന സഹായങ്ങളെയും സമീപിക്കേണ്ട സംവിധാനങ്ങളെയും കുറിച്ചും ബോധവല്‍ക്കരിക്കും. ചുരുങ്ങിയത് 20 മണിക്കൂര്‍ ലഭിക്കും വിധം 15 ദിവസത്തെ പരിശീലനമാണ് നടത്തുക. അഞ്ച് ജില്ലകളില്‍ ഇതിനകം പരിശീലനം ആരംഭിച്ചിട്ടുണ്ട്.
കണ്ണൂര്‍ റേഞ്ച് ഡിഐജി ദിനേന്ദ്ര കശ്യപ് അധ്യക്ഷനായി. എആര്‍സി ഡെപ്യൂട്ടി കമാന്‍ഡന്റ് സാഗുല്‍, ജനമൈത്രി സുരക്ഷാ പദ്ധതി ജില്ലാ നോഡല്‍ ഓഫീസര്‍ ഡിവൈഎസ്പി വി.എന്‍.വിശ്വനാഥന്, ഡിവൈഎസ്പിമാരായ പി.കെ.മൊയ്തീന്‍കുട്ടി, വി.മധുസൂദനന്, വനിതാ സെല്‍ സിഐ പി.എസ്.സ്വര്‍ണമ്മ, പോലീസ് അസോസിയേഷന് ജില്ലാ സെക്രട്ടറി മാത്യു എന്നിവര്‍ സംസാരിച്ചു. ജില്ലാ പൊലീസ് മേധാവി പി.എന്‍.ഉണ്ണിരാജന് സ്വാഗതവും ഇന്‍സ്പെക്ടര്‍ എം.പി.ആസാദ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: