സ്വന്തം ലേഖകന്‍
കണ്ണൂര്‍: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിനുളള പത്രിക പിന്‍വലിക്കാനുളള സമയ പരിധിക്കു ശേഷവും ജില്ലയില്‍ പലയിടങ്ങളിലും ഒരു വാര്‍ഡില്‍ ഒന്നിലധികം സ്ഥാനാര്‍ത്ഥികള്‍ ഇടത്-വലത് മുന്നണികള്‍ക്കു വേണ്ടി രംഗത്ത് സജീവമായതോടെ ഇരുമുന്നണികളും കടുത്ത ആശങ്കയില്‍. ബിജെപയാവട്ടെ പത്രിക സമര്‍പ്പിച്ച ഘട്ടം തൊട്ട് ചിട്ടയായ പ്രചരണ പ്രവര്‍ത്തനങ്ങളിലൂടെ ഏറെ മുന്നേറിക്കഴിഞ്ഞു.
നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനം കഴിഞ്ഞപ്പോള്‍ വിമത ശല്യം യു.ഡി.എഫിനെയാണ് ഏറെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ മുന്നണിയിലും ഘടക കക്ഷികളിലും ഇപ്പോഴും അസ്വസ്ഥത നിലനില്‍ക്കുകയാണ്. എല്‍ഡിഎഫില്‍ സിപിഎം ഉള്‍പ്പെടെ ജില്ലയില്‍ വിമത ഭീഷണിയിലാണ്. പാനൂര്‍ മൊകേരിയിലും പന്ന്യന്നൂരിലും ഏഴോത്തം പാര്‍ട്ടി സെക്രട്ടറിയും മെമ്പറും ഉള്‍പ്പെടെ റിബലുകളായി രംഗത്തെത്തിയിരിക്കുകയാണ്.
വിമത സ്ഥാനാര്‍ഥികളായി മത്സരിക്കുന്നവര്‍ക്ക് പാര്‍ട്ടി യില്‍ സ്ഥാനമുണ്ടാകില്ലെന്ന കെ.പി.സി.സിയുടെ താക്കീത് പോലും തള്ളികളഞ്ഞാണ് കോണ്‍ഗ്രസില്‍ വിമത സ്ഥാനാര്‍ഥികള്‍ പോരിന് ഇറങ്ങിയിരിക്കുന്നത്. ജില്ലയിലെ കോര്പ്പറേഷന്, നഗരസഭ, വാര്‍ഡുകളിലും ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളിലും സ്ഥാനാര്‍ഥി തീരുമാനത്തെ ചൊല്ലിയുള്ള കോണ്‍ഗ്രസിനകത്തെ തര്‍ക്കം പരിഹരിക്കാ നുള്ള നേതൃത്വത്തിന്റെ ശ്രമവും അവസാനം പരാജയപ്പെടുക യായിരുന്നു. കണ്ണൂര്‍ കോര്‍പ്പറേഷനിലെ സീറ്റ് തര്‍ക്കവും തലശേരി നഗരസഭയിലെ നാല് വാര്‍ഡുകളിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലിയുള്ള തര്‍ക്കവുമാണ് യു.ഡി.എഫിന് തീരാ തലവേദനായിമാറിയത്. നാമനിര്‍ദ്ദേശപത്രിക പിന്‍വലിക്കേണ്ട അവസാന തിയ്യതി വരെ കോണ്‍ഗ്രസി നകത്തെ സ്ഥാനാര്‍ഥി തീരുമാനത്തെ ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കാന്‍ സംസ്ഥാന നേതൃത്വം പോലും ശ്രമിച്ചെങ്കിലും ഒടുവില്‍ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. തുടക്കത്തില്‍ ഡിസിസി നേതൃത്വം നടത്തിയ ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം കെ.പി.സി.സിക്ക് വിട്ടത്. എന്നാല്‍ സീറ്റിന് വേണ്ടി പാര്‍ട്ടി തന്നെ ഉപേക്ഷിക്കേണ്ടി വന്നാലും മത്സരിക്കുമെന്ന ഉറച്ച നിലപാടിലായിരുന്നു കോണ്‍ഗ്രസിലെ വിമതര്‍. കണ്ണൂര്‍ കോര്‍പ്പറേഷനിലേക്ക് ഏഴ് കോണ്‍ഗ്രസ് വിമതരും ഒരു ലീഗ് വിമതനുമാണ് മത്സരരംഗത്തുള്ളത്.
കണ്ണൂര്‍ കോര്‍പ്പറേഷനിലേക്കുള്ള യു.ഡി.എഫിന്റെ പഞ്ഞിക്കല്‍ വാര്‍ഡ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കോണ്‍ ഗ്രസും ലീഗും തുടക്കത്തില്‍ തന്നെ ചേരിപ്പോര് തുടങ്ങി യിരുന്നു. കോണ്‍ഗ്രസ് നേതാവ് പി.കെ രാഗേഷാണ് വിമതനായി മത്സരിക്കുന്നത്. രാഗേഷിന്റെ നേതൃത്വത്തിലുളള ഏഴുപേരാണ് കോണ്‍ഗ്രസിന്റെ റിബല്‍ സ്ഥാനാര്‍ത്ഥികളായി വിവിധ ഡിവിഷനുകളില്‍ മത്സരരംഗത്തുള്ളത്. ഡി.സി.സി പ്രസിഡന്റിനേയും കെപിസിസിയേയും വെല്ലുവിളിച്ചാണ് പി.കെ രാഗേഷിന്റെ നേതൃത്വത്തില്‍ മത്സര രംഗത്തിറങ്ങിയിരിക്കുന്നത്. പള്ളിയാംമൂല കുന്നാവ്, പള്ളിക്കുന്ന്, ചാലാട് ഡിവിഷനിലാണ് വിമതര്‍ രംഗത്തുളളത്.
തലശ്ശേരി നഗരസഭയിലെ നാലാം വാര്‍ഡായ ഇല്ലിക്കുന്ന്. മൂന്നാം വാര്‍ഡായ മണ്ണയാട്, നാലാം വാര്‍ഡായ ബാലത്തില്‍, പതിനഞ്ചാം വാര്‍ഡായ കുഞ്ഞാംപറമ്പ് എന്നിവിടങ്ങളിലും കോണ്‍ഗ്രസ് വിമതര്‍ രംഗത്തുണ്ട്. റിബല്‍ സ്ഥാനാര്‍ത്ഥികളുടെ രംഗ പ്രവേശനം കോണ്‍ഗ്രസിന്റെ തോല്‍വി ഉറപ്പിച്ചിരിക്കുകയാണ്. റിബല്‍ സ്ഥാനാര്‍ത്ഥികളുടെ രംഗപ്രവേശവും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെയും സീറ്റ് വിഭജനത്തിന്റെയും പേരിലും ഉണ്ടായ പ്രശ്നങ്ങള്‍ പ്രചരണ രംഗത്തിറങ്ങുന്നതിനു പോലും യുഡിഎഫിന് തടസ്സമായിരിക്കുകയാണ്. മാട്ടൂലില്‍ മാട്ടൂല്‍ നോര്‍ത്തില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിക്കെതിരേ ദളിത് കോണ്‍ഗ്രസ് നേതാവ് മത്സര രംഗത്തുണ്ട്.
മാടായി പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ മത്സരിക്കുന്ന ലീഗ് നേതാവിനെതിരേ ലീഗ് റിബല്‍ സ്ഥാനാര്‍ഥി മത്സരിക്കുന്നുണ്ട്. 11 ാം വാര്‍ഡിലെ ലീഗിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി്ക്കെതിരേ യൂത്ത് കോണ്‍ഗ്രസ് നേതാവും മത്സര രംഗത്തുണ്ട്.
ചപ്പാരപ്പടവ്, ഇരിക്കൂര്‍ പഞ്ചായത്തുകളിലും രാമന്തളി പഞ്ചായത്തിലെ നാലുവാര്‍ഡുകളിലും ഇരിക്കൂര്‍ ബ്ലോക്കിലെ രണ്ടു ഡിവിഷനിലും കൊളച്ചേരി പഞ്ചായ ത്തിലെ പാട്ടയം വാര്‍ഡിലും കോണ്‍ഗ്രസും ലീഗും തമ്മില്‍ പരസ്പരം പോരാടുകയാണ്. രാമന്തളി പഞ്ചായത്തില്‍ മൂന്ന്, 11, 12, 15 വാര്‍ഡുകളില്‍ കോണ്‍ഗ്രസ്, ലീഗ് സ്ഥാനാര്‍ഥികള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുകയാണ്.
മൊകേരിയില്‍ സിപിഎം റിബല്‍ സ്ഥാനാര്‍ത്ഥിയായി രംഗത്തെത്തിയിരിക്കുന്നത് ബ്രാഞ്ച് സെക്രട്ടറിയാണ്. ആറ്റുപുറം ബ്രാഞ്ച് സെക്രട്ടറിയായ പിസി.മോഹനനാണ് ഇവിടെ റിബല്‍ പരിവേഷമണിഞ്ഞ് മത്സര രംഗത്തെത്തിയത്. പാനൂര്‍ പന്ന്യന്നൂരില്‍ മുന്‍ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി അനില്‍കുമാറാണ് 11ാം വാര്‍ഡായ കുണ്ടംങ്കുഴിയില്‍ സിപിഎം വിമതനായി മത്സരിക്കുന്നത്. സിപിഎമ്മിന്റെ ഉരുക്കു കോട്ടയെന്നറിയപ്പെടുന്ന ഏഴോം പഞ്ചായത്തിലെ 12 ാം വാര്‍ഡിലാണ് സിപിഎം വിമതന് മത്സരിക്കുന്ന മറ്റൊരു സ്ഥലം. ഔദ്യോഗിക സ്ഥാനാര്‍ഥിയായ കെഎസ്ടിഎ മുന്‍ നേതാവ് കെ.വി. രാമകൃഷ്ണനെതിരേ സിപിഎം സജീവ പ്രവര്‍ത്തകനും റിട്ട. അധ്യാപകനുമായ ആര്.സി. ശ്രീനിവാസനാണ് മത്സരിക്കുന്നത്.
ഇത്തരത്തില്‍ ജില്ലയിലെ പല മേഖലയിലും പാര്‍ട്ടി അംഗങ്ങളും ഘടകക്ഷി സ്ഥാനാര്‍ത്ഥികളും റിബലുകളായി രംഗത്തുണ്ട്. ഇത് എല്‍ഡിഎഫിനേയും പ്രചരണ രംഗത്ത് പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ബിജെപിയാവട്ടെ മാസങ്ങള്‍ക്കു മുമ്പേ ആരംഭിച്ച ചിട്ടയായ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയെന്നോണം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും ഗൃഹ സമ്പര്‍ക്കമടക്കമുളള പ്രചരണ പരിപാടികളിലും ജില്ലയില്‍ ഏറെ മുന്നേറിക്കഴിഞ്ഞു. വരും ദിവസങ്ങളിലും കണ്‍വെന്‍ഷനുകളും കുടുംബ യോഗങ്ങളും നടക്കുന്നതോടെ ബിജെപി പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് രംഗത്ത് കൂടുതല്‍ സജീവമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: