തിരുവനന്തപുരം: പള്ളിച്ചല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ കെ. രാകേഷിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. രാകേഷിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം പ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം കെപിസിസി ഓഫീസ് ഉപരോധിച്ചിരുന്നു. രാകേഷിന്റെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും തെറ്റായ നടപടികള്‍ക്കും കൂട്ടുനിന്നെന്ന് കാണിച്ച് പള്ളിച്ചല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയും കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് പിരിച്ചുവിട്ടു. മൂക്കുന്നിമല അനധികൃത പാറഖനനത്തിന്റെ പേരില്‍ വിജിലന്‍സ് കേസില്‍ പ്രതിയാണ് കെ. രാകേഷ്.
മൂക്കുന്നിമലയിലെ അനധികൃത പാറഖനനവും ക്രഷറുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ആക്ഷേപങ്ങളും ആരോപണങ്ങളും വിജിലന്‍സ് കേസും കണക്കിലെടുത്ത് കെ. രാകേഷിന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്ഥാനാര്‍ഥിത്വം നല്‍കരുതെന്ന് കെപിസിസി അംഗീകരിച്ച മാര്‍ഗനിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഡിസിസി പ്രസിഡന്റിന് കെപിസിസി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ വിവരമറിഞ്ഞ് കെപിസിസി ഓഫീസിലെത്തിയ രാകേഷിനോട് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. എന്നാല്‍, പാര്‍ട്ടി തീരുമാനം മറികടന്ന് കെ. രാകേഷ് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുകയും പാര്‍ട്ടി ചിഹ്നം അനുവദിക്കുന്നതിനായി സമ്മര്‍ദ്ദതന്ത്രങ്ങളുടെ ഭാഗമായി ക്വാറി മാഫിയയുമായി ചേര്‍ന്ന് കെപിസിസി ഓഫിസിലേക്ക് ആള്‍ക്കൂട്ടത്തെ പറഞ്ഞയച്ച് ബഹളമുണ്ടാക്കുന്നതിന് പ്രേരണ നല്‍കുകയും ചെയ്തുവെന്നാണ് കെപിസിസിയുടെ കണ്ടെത്തല്‍. ഈ നടപടി ഒരു കോണ്‍ഗ്രസ് പ്രവര്ത്തകന് ചേര്‍ന്നതല്ല. ഇത് തികഞ്ഞ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമാണെന്ന് കെപിസിസി. ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: