പേട്ട: കുടിവെള്ളമില്ല. മാധ്യമങ്ങളോട് പരാതി പറഞ്ഞ കോളനി നിവാസികള്‍ക്ക് വാര്‍ഡ് കൗണ്‍സിലറുടെ ഭീഷണി. മാധ്യമങ്ങളിലൂടെ വാര്‍ത്ത സൃഷ്ടിച്ച് തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതുകൊണ്ട് ഇനി കുടിവെള്ളമെത്തിക്കാനുള്ള നടപടിയുണ്ടാകില്ലെന്നാണ് കൗണ്‍സിലറുടെ ഭീഷണി. അണമുഖം വാര്‍ഡിലുള്‍പ്പെട്ട വെണ്‍പാലവട്ടം കുന്നുംപുറം ഹരിജന്‍ കോളനിയിലെ അന്‍പതോളം കുടുംബങ്ങളാണ് കൗണ്‍സിലറുടെ വിലക്കിന് ഇരയായിരിക്കുന്നത്.
കുടിവെള്ളത്തിനായുള്ള ഇവരുടെ യാചനയ്ക്ക് വര്‍ഷങ്ങളുടെ പഴക്കമാണുള്ളത്. അമ്പതോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭ്യമാക്കാന്‍ ആകെയുള്ളത് രണ്ടു പൊതുടാപ്പുകളാണ്. കുന്നിന് താഴ്ഭാഗത്ത് കേന്ദ്രീയ വിദ്യാലയത്തിനും പൂന്തിറോഡിനും സമീപത്തുമാണ് ടാപ്പുകള്‍ ഉള്ളത്. ഇവിടെ നിന്നും തലച്ചുമടായിട്ടാണ് കോളനിക്കാര്‍ കുന്നിന് മുകളിലെ വീടുകളില്‍ വെള്ളമെത്തിക്കുന്നത്. അലക്കുന്നതും കുളിക്കുന്നതും തുറസ്സായ സ്ഥലത്തുള്ള പൊതുടാപ്പിന് സമീപത്താണ്. പ്രായമായ പെണ്‍കുട്ടികള്‍ വസ്ത്രം മറയാക്കിയാണ് ഇവിടെ നിന്നു കുളിക്കുന്നത്. ഇത്തരത്തില്‍ നഗരമധ്യത്തില്‍ കോളനിക്കാര്‍ ദുരിതമനുഭവിക്കുമ്പോള്‍ ജപ്പാന് കുടിവെള്ള പദ്ധതി സാധ്യമാകുന്നതോടെ കുടിവെള്ളപ്രശ്നം പരിഹരിക്കപ്പെടുമെന്നാണ് അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പദ്ധതി പൂര്‍ത്തിയായിട്ടില്ല. കുന്നിലേക്ക് ഒരാള്‍ക്ക് മാത്രം നടക്കാന്‍ കഴിയുന്ന വഴി ജപ്പാന് കുടിവെള്ള പദ്ധതിയുടെ പേരില്‍ വെട്ടിപ്പൊളിച്ച് സഞ്ചാരയോഗ്യമല്ലാതാക്കി മാറ്റിയതല്ലാതെ മറ്റൊന്നും നടന്നില്ല. ഏഴരക്കോടി രൂപ വാര്‍ഡ് വികസനത്തിനായി ചെലവിട്ടതായിട്ടാണ് കൗണ്‍സിലര്‍ പറയുന്നത്. എന്നാല്‍ ഈ തുക കൊണ്ട് എന്തു ചെയ്തുവെന്നാണ് കോളനിക്കാര്‍ ചോദിക്കുന്നത്. ഒന്നും രണ്ടും സെന്റുകളിലായിട്ടുള്ള വീടുകളാണ് അധികവും. പ്രാഥമികാവശ്യത്തിനുള്ള സൗകര്യം പോലും ഇവിടെയില്ലായെന്നുള്ളതാണ് വസ്തുത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: