ഒരോ പ്രായത്തിലും ഓരോരുത്തർക്കും ഓരോന്ന് പറഞ്ഞിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങൾ ചെയ്യുക. മുട്ടിട്ട് ഇഴയാൻ തുടങ്ങുന്നതിന് മുമ്പുള്ള കളിപ്പാട്ടമാവില്ല നടക്കാൻ തുടങ്ങിയാൽ ഇഷ്ടപ്പെടുക. നേരത്തെയുള്ളതിനോട് അത്ര താൽപ്പര്യം തോന്നുകയുമില്ല. എല്ലാ കാര്യത്തിലും ഇത് അങ്ങനെ തന്നെ. ഇപ്പോൾ നാട്ടിലെമ്പാടും സാഹിത്യകാരന്മാരും മറ്റും അവാർഡുകൾ തിരിച്ചുകൊടുക്കൽ ഫെസ്റ്റ് നടത്തുകയാണല്ലോ. ബീഫ് ഫെസ്റ്റിന്റെ തരംഗദൈർഘ്യം കുറഞ്ഞതിനാൽ മേപ്പടി അവാർഡ് ഫെസ്റ്റിലേക്ക് ഒരു കളം മാറ്റമാണ്. ഈ മഹാമഹത്തിന് ആഹ്വാനിച്ചത് ഭൂകണ്ഡാന്തര മഹാകവി സച്ചിദാനന്ദ മഹാശയനും.
ഒരു കാര്യത്തിന് അർഹതയുണ്ടെന്ന് ബന്ധപ്പെട്ട വിദ്വാന്മാർ ചൂണ്ടിക്കാണിച്ചതിന്റെ പശ്ചാത്തലത്തിലാണ് അവാർഡ് ലഭിച്ചത്. അതിന്റെ ഗുണവും മണവും പോയെന്ന് ബോധ്യപ്പെട്ടാൽ ആയത് തിരിച്ചുകൊടുക്കുന്നത് ഒരു നല്ല കാര്യമാണ്. ചെളിപറ്റിയാൽ നല്ലതല്ലേ എന്ന പരസ്യവാചകം ഓർമ്മയില്ലേ. സ്വയംതോന്നലാണല്ലോ പ്രധാനം. തനിക്ക് അവാർഡ് കൈവശം വെക്കാൻ യോഗ്യതയില്ലെന്ന് ഒരു സാഹിത്യകാരന് തോന്നിയാൽ പിന്നെ മറ്റൊന്നും ചെയ്യാനില്ല. അത് തിരിച്ചുവാങ്ങി ഭദ്രമായിവെക്കുകയത്രേ കരണീയം. പക്ഷേ, തിരിച്ചുകൊടുക്കുമ്പോൾ രാഷ്‌ട്രപിതാവിന്റെ ചിത്രം ആലേഖനം ചെയ്ത് റിസർവ് ബാങ്ക് പുറത്തിറക്കിയ കടലാസും കൂടി കൊടുക്കാൻ ആരും താൽപ്പര്യം കാട്ടിയിട്ടില്ല.
വാസ്തവത്തിൽ നാളിതുവരെ അതുപയോഗിച്ചതിനുള്ള പലിശയും ചേർത്തുവേണ്ടിയിരുന്നു കൊടുക്കാൻ. അതിനെന്തോ ധൈര്യം വന്നില്ല. പണ്ടൊരു കവി പറഞ്ഞിട്ടില്ലേ ”വഴിതെറ്റുന്നൂ വയസ്സാവുമ്പോൾ, അങ്ങേവീട്ടിൽ കേറേണ്ടതാ”ണെന്ന്. അതാണ് അവസ്ഥ. നരേന്ദ്രമോദി രാജ്യത്തെ നേർവഴിക്കു കൊണ്ടുപോകുന്നതു കണ്ടപ്പോൾ അപ്പപ്പാ തന്റെ വഴിതെറ്റിയല്ലോ എന്ന് ആധിയിൽ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളാണ്. ഒരുപക്ഷേ, അത് നല്ലതിനായിരിക്കാം. പാലാഴിമഥനത്തിൽ നിന്ന് നല്ല നല്ല വസ്തുക്കളാണല്ലോ ആദ്യമാദ്യം പൊങ്ങിവന്നത്. ഒടുവിൽ കാളകൂടം വന്നപ്പോൾ അതു സ്വീകരിക്കാൻ ആർക്കും കഴിയാതെ വന്നു. അന്ന് ശങ്കരൻ അത് സ്വീകരിച്ച് നീലകണ്ഠനായി. ഇന്നിപ്പോൾ അത്തരം ഒരുപാട് ശങ്കരന്മാർ ഉള്ള സ്ഥിതിക്ക് പേടിക്കാനൊന്നുമില്ലെന്നു തന്നെയാണ് മഹാഭൂരിപക്ഷം പറയുന്നത്.
അർഹതയുള്ള കൈകളിൽ തന്നെ അർഹിക്കുന്നത് കിടക്കുമ്പോഴാണ് അതിന്റെ സർഗാത്മക സൗന്ദര്യം വെളിപ്പെടുന്നത്. അതുകൊണ്ട് ആർക്കെങ്കിലും ഇനിയും തോന്നുന്നുവെങ്കിൽ വേഗം, വേഗം….ഇതിനൊരു മറുവശം കൂടിയുണ്ടെന്ന് പറയുന്നു സഹൃദയനായ നാട്ടുമ്പുറത്തെ കണാരേട്ടൻ. പണ്ട് അടൂർ ഗോപാലകൃഷ്ണൻ ഒരു സിനിമയെടുത്തു. പ്രശസ്തകഥാകാരന്റെ ചെറുകഥയെ ആസ്പദമാക്കിയായിരുന്നു അത്. ഒരമ്പലക്കുളത്തിലെ മീൻ പിടിക്കാൻ തോട്ടയെറിയുന്ന ഭാഗമുണ്ടായിരുന്നു കഥയിൽ. അടൂരിന്റെ കാഴ്ചപ്പാടിൽ സെല്ലുലോയ്ഡിലായപ്പോൾ കുളത്തിലേക്ക് എറിഞ്ഞ തോട്ട പൊട്ടിയില്ല. അതിനെച്ചൊല്ലി കഥാകാരനും ടിയാന്റെ ശിങ്കിടികളും കുറെ ഒച്ചയും വിളിയും ഉണ്ടാക്കി.
തന്റെ പേര് അങ്ങനെ ഉയർന്നുവരുന്നില്ലെന്നു മനസ്സിലാക്കി നടത്തിയ ഒരു ചെപ്പടിവിദ്യയായിരുന്നു അത്. ആ കഥാകാരന്റെ റോളിലേക്ക് ഇന്നത്തെ നിക്ഷിപ്തതാൽപ്പര്യക്കാർ ഒന്നാകെ ഇറങ്ങിപ്പുറപ്പെട്ടു എന്നു പറയുന്നതാവും ഒന്നുകൂടി ശരിയെന്ന് കണാരേട്ടൻ ആയത് ഓർമ്മിപ്പിച്ചപ്പോൾ തോന്നുകയാണ്.
അടിയന്തരാവസ്ഥയും അതിനോടനുബന്ധിച്ച പല കലാപരിപാടികളും ഇവിടെ ആടിത്തിമിർത്തിട്ടും അന്നൊന്നും ഇമ്മാതിരി ഏർപ്പാടുകൾ ഉണ്ടായിരുന്നില്ല. എന്നുമാത്രമല്ല അത് മനോരഞ്ജകമായി അനുഭവിച്ചു തീർക്കുകയും ചെയ്തു. എഴുത്തോ നിന്റെ കഴുത്തോ എന്ന് ചോദിക്കാൻ ആർജവമുള്ള ഒരാളെ മാത്രമെ അന്ന് കണ്ടിരുന്നുള്ളൂ; എം. ഗോവിന്ദൻ. സ്ഥാനമാനങ്ങൾ പോവുക, ഇനി കിട്ടാനുള്ള സാധ്യതകൾ ഇല്ലാതാവുക, അംഗീകാരം നഷ്ടമായെന്ന് സ്വയം തോന്നുക എന്നീ അവസ്ഥകളിൽ മാനുഷികമായി തോന്നിയേക്കാവുന്ന ചിന്തകളെ എന്തിന് മൂടിവെക്കണം. നടക്കട്ടെ, നടക്കട്ടെ.
കഴിഞ്ഞ ദിവസം കോഴിക്കോട്ട് സമാപിച്ച അന്താരാഷ്‌ട്ര പുസ്തകോത്സവത്തിലെ സെമിനാറിൽ പ്രശസ്ത എഴുത്തുകാരൻ പി. സുരേന്ദ്രൻ ഒരു കാര്യം ഉന്നയിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിലും അതു സംബന്ധിച്ച് നടന്നുവെന്ന് പറയപ്പെടുന്ന കാര്യങ്ങൾക്കും വേണ്ടി പ്രതിഷേധിക്കുന്നവർ ആത്മാർത്ഥതയുണ്ടെങ്കിൽ മറ്റൊരു സംഭവം ഓർക്കണമെന്ന്. പ്രസംഗിച്ചും എഴുതിയും ജീവിതം ഒരു മൂല്യത്തിന്റെ അടിസ്ഥാനത്തിൽ മുന്നോട്ടുകൊണ്ടുപോയ ചേകന്നൂർ മൗലവിക്കുവേണ്ടി ഇപ്പറഞ്ഞ ഏതു സാഹിത്യകാരൻ മുമ്പോട്ടു വന്നുവെന്ന്? ആര് അദ്ദേഹത്തെ ഓർക്കുന്നുവെന്ന്? എന്തേ അന്നൊന്നും അവാർഡ് തിരസ്‌കരണ ഫെസ്റ്റും പ്രസ്താവനാ യുദ്ധമൊന്നും നടത്തിയില്ല? അപ്പോൾ നിക്ഷിപ്ത താൽപ്പര്യങ്ങളുടെ വൈറസ് ബാധയേറ്റതിന്റെ പ്രശ്‌നമാണിതൊക്കെ. ഇതിന് പ്രതിരോധ മരുന്നു മറ്റും മറ്റും ലഭ്യമാണ്. പോകപ്പോകെ അതൊക്കെ അനുഭവിക്കാൻ നമുക്ക് യോഗമുണ്ടാവും. ഒരു സാധാരണക്കാരന് ഇതിനോടുള്ള പ്രതികരണം എന്തെന്ന് അറിയണമെങ്കിൽ രജീന്ദ്രകുമാറിന്റെ കാർട്ടൂൺ (മാതൃഭൂമി നഗരം, കോഴിക്കോട്) കണ്ടാൽ മതി. എല്ലാ തിരസ്‌കരണ സാഹിത്യകാരന്മാരും അതിന്റെ കോപ്പിയെടുത്ത് സൂക്ഷിക്കണമെന്ന വിനീതാഭ്യർത്ഥനയോടെ സലാം.
**********
ശാപഗ്രസ്തമായിക്കഴിഞ്ഞാൽ കാര്യം പോക്കാണ്. എത്ര നല്ല വില്ലാളിയായിരുന്നിട്ടും നമ്മുടെ കർണന് യുദ്ധമുന്നണിയിൽ ഒന്നും തോന്നാഞ്ഞതിൽ നിന്നു തുടങ്ങുന്നു ശാപത്തിന്റെ താപജ്വാല. ഇന്ന് തദ്ദേശ തെരഞ്ഞെടുപ്പിൽ എത്തിനിൽക്കുന്ന രാഷ്‌ട്രീയ പരിതസ്ഥിതിയിൽ ഏറ്റവും കൂടുതൽ ശാപഗ്രസ്തമായ പാർട്ടി ഏതെന്ന് നോക്കിയിട്ടുണ്ടോ? അതിന് പ്രത്യേകിച്ചൊരു ഗവേഷണമൊന്നും വേണ്ടെന്ന് നമുക്കറിയാം. എന്നാൽ കാവ്യാത്മകമായി ആ ശാപത്തെ സമീപിച്ച ചിതി മാസിക എഡിറ്റർക്ക് ഒരു കൈ കൊടുക്കാതിരിക്കുന്നതെങ്ങനെ. ആ മാസികയുടെ ഒക്‌ടോബർ ലക്കത്തിന്റെ എഡിറ്റോറിയൽ വമിപ്പിക്കുന്ന ചൂടിൽ മാർക്‌സിസ്റ്റ് പാർട്ടി വിയർത്തുകുളിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് ചൂടിനൊപ്പം തന്നെ ഇതും വന്നത് യാദൃച്ഛികമാവാം.
തലക്കെട്ട് ഇങ്ങനെ: ഗുരുവിനെ കുരിശിലേറ്റുന്നവർ. എല്ലാ ശാപവും ഏറ്റുവാങ്ങാൻ ഇനിയും പാർട്ടി ജീവിതം എന്ന് പറഞ്ഞതുപോലെയാണ് സ്ഥിതിഗതികൾ. ഗതിയും പരഗതിയും കിട്ടാത്ത ബലിയാടുകളുടെ ആത്മാക്കൾ എങ്ങും പരക്കം പായുകയാണ്. ഇതാ ഒടുവിലത്തെ നാലുവരി: സ്വാതന്ത്ര്യസമരകാലത്ത് മാതൃഭൂമിയെ ഒറ്റുകൊടുത്ത് മാതൃശാപമേറ്റു. പൈതൃകത്തെ തള്ളിപ്പറഞ്ഞ് പിതൃശാപവും സ്വന്തം സഹോദരന്മാരെ വെട്ടിനുറുക്കി ഭ്രാതൃശാപവും പറശ്ശിനിയിലെ പാമ്പുകളെ ചുട്ടുകൊന്ന് നാഗശാപവും നേടി. ഇപ്പോൾ ശ്രീനാരായണഗുരുവിനെ നിന്ദിച്ച് ഗുരുശാപവുമായി. എല്ലാ പാപങ്ങളും ഒന്നിച്ച് സിപിഎമ്മിനെ വേട്ടയാടുകയാണ്. Thankgod, I am not a marxist എന്ന് മാർക്‌സ് വിലപിച്ചു. കേരളത്തിലെ അനുയായികൾ ഇന്ന് ആ വാക്കുകൾ ഏറ്റുപറയുകയാണ്. സാംസ്‌കാരിക കേരളത്തിലെ അജണ്ടാധിഷ്ഠിത ബുജികൾ ഒഴികെയുള്ളവരുടെ മനോഗതിയിലേക്ക് വെളിച്ചം വീശുന്ന ചിതി എഡിറ്ററുടെ അക്ഷരപുണ്യത്തിന് സ്തുതി. പ്രത്യേകിച്ച് നവരാത്രിക്കാലത്ത് അതൊരു പ്രത്യേക ഊർജം തന്നെ പ്രസ്ഫുരിപ്പിക്കുന്നു.
**********
അവാർഡ് തിരസ്‌കരണ തിരക്കഥാ രചനയിൽ മുന്നിട്ടുനിൽക്കുന്ന ചില മഹാന്മാരെക്കുറിച്ചാണ് ഇനി. ഒന്ന് നമ്മുടെ സ്ഥിരം കഥാപാത്രം. കഥയുടെ പേരിൽ ഗിമ്മിക്കുമായി മുൻപന്തിയിലുള്ള പാറക്കടവൻ. ടിയാന്റെ വാരികയിലേ തുടക്കത്തിൽ ഇങ്ങനെ കാണാം: ചിമ്മയെന്ന 90 വയസ്സുള്ള ദലിതനെ തിവാരിയെന്ന സവർണൻ മാത്രമല്ല കോടാലികൊണ്ട് വെട്ടി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിക്കൊന്നത്. അതിനെക്കുറിച്ച് ഒരക്ഷരം മിണ്ടാത്ത, മഹാമൗനം പാലിക്കുന്ന സവർണ മനസ്സുള്ള നമ്മുടെ കൈകളിലെല്ലാം മണ്ണെണ്ണ നനഞ്ഞിരിക്കുന്നു, ചോരപുരണ്ടിരിക്കുന്നു. ദാദ്രിയിലെയും ഹാമിൽപുരിലെയും സംഭവങ്ങളുടെ തൽസമയ വിവരണം നൽകി വായനക്കാരെ തന്റെ കുന്തമുനയ്‌ക്ക് പിന്നാലെ അണിനിരത്തുന്ന മേപ്പടിയാന്റെ മനസ്സിൽ നുളയ്‌ക്കുന്ന വിദ്വേഷവൈറസിന് പ്രതിരോധ മരുന്ന് കൊടുക്കാൻ ആരാണുള്ളത്? നിശ്ശബ്ദനായ കൊലയാളി ആയിരം ആക്രാമിക മനസ്സുകളെക്കാൾ അപകടകാരി എന്നു പറഞ്ഞ മഹാനെ ഓർക്കുക.
ഈ കടവന് പിന്നണിപാടി കൂട്ടുകാരൻ മാധ്യമനിരീക്ഷകനും അതേ ലക്കത്തിൽ തിമിർത്തു പുളയ്‌ക്കുന്നു. ഇനിയുള്ള മറ്റു വിദ്വാന്മാർ ഇവരാണ്. ആനന്ദ്, സച്ചിദാനന്ദൻ (മാതൃഭൂമി ആഴ്ചപ്പതിപ്പ്), സ്മിത പൻസാരെ, വെള്ളിക്കീൽ രാഘവൻ (മലയാളം വാരിക), എസ്. ജയചന്ദ്രൻ നായർ, ഇ.ടി. മുഹമ്മദ് ബഷീർ. എം.പി., സി. ദിവാകരൻ എംഎൽഎ (കലാകൗമുദി) അനിൽകുമാർ.എ.വി (ദേശാഭിമാനി വാരിക), ശങ്കരഗല്ക്കത്തി, കുളന്തൈ രായപ്പൻ, സെന്തിൽ മള്ളർ, ശാന്തൻ (ഭാഷാപോഷിണി) ഇപ്രകാരം മാന്യ മഹാജനങ്ങളെ നരേന്ദ്രമോദിയെ എതിർക്കേണ്ടവിധം പറഞ്ഞുതന്നിരിക്കുന്നു. ഇനി ആവുംവിധം വയറുനിറച്ച് കിടന്നുറങ്ങുകയോ ആർത്തട്ടഹസിക്കുകയോ എന്താച്ചാൽ അങ്ങ് ചെയ്യാ….
ഒടുവിലാൻ: കണ്ണിനസുഖമുള്ളവർ വാറുള്ള ചെരിപ്പിടരുതെന്ന് പേക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: