സിനിമാനുഭവത്തിന്റെ ചൂടും ചൂരും നിറഞ്ഞ കാല് നൂറ്റാണ്ട്. നിരവധി ഗുരുക്കന്മാരുടെ കീഴിലുള്ള പരിശീലനത്തിന്റെ ആസ്തി. ക്ഷമിച്ചും സഹിച്ചും സ്വന്തമായൊന്നിനു വേണ്ടിയുള്ള കാത്തിരിപ്പ്. ലോക കഌസിക്കുകളിലെ ചില സ്വീക്വന്‍സുകള്‍ ഉള്ളിലിട്ടുള്ള നടപ്പ്. കഴുത്തിലെ ജപമാലകളില്‍ തെരുപ്പിടിച്ചുള്ള പ്രാര്‍ഥന. തുടങ്ങുന്നതെന്തിനും മുമ്പേ സ്ഥിതി ദേവനായ മഹാവിഷ്ണുവിനെ ഓര്‍ത്തുള്ള ശുക്ലാം ഭരതരം…സംവിധായകന് സെനന്‍ പള്ളാശേരിയെക്കുറിച്ചു പറയുമ്പോള്‍ ഇങ്ങനെ നീണ്ടു പോകുന്ന വിശേഷങ്ങള്‍ അനവധി.
സിനിമാ ജാഡകളും തരികിടകളും പ്രയോഗിക്കാന്‍ മനസില്ലാത്തതിനാലാവണം പറങ്കിമലയെന്ന ആദ്യ സിനിമ കിട്ടാന്‍ കാലമേറെ കാത്തത്. ഇന്നു വരുന്നവര്‍ നാളെ സിനിമ ചെയ്യുന്ന മലയാളത്തില്‍ പ്രതീക്ഷിച്ചിരിക്കാന്‍ സെനന്‍ തയ്യാറായിരുന്നു. കാക്കനാടന്റെ നോവല്‍ പറങ്കിമല വര്‍ഷങ്ങള്‍ക്കു മുമ്പേ ഭരതന് അതേ പേരില്‍ സിനിമയാക്കിയിരുന്നു. സെനന്റേത് മറ്റൊരു വെര്‍ഷനാണ്. അങ്ങനെയൊരു അവസരം വന്നപ്പോള്‍ തിരക്കഥയെഴുതി സംവിധാനംചെയ്തു. രണ്ടാമത്തെ സിനിമയാണ് അണിയറയിലൊരുങ്ങുന്ന അപ്പുറം ബംഗാള്‍ ഇപ്പുറം തിരുവിതാംകൂര്‍. നര്‍മത്തിലും നേര്‍ത്ത നൊമ്പരത്തിലുമായി സമകാലിക പ്രശ്നം ചര്‍ച്ച ചെയ്യുന്ന ചിത്രം സെന്നന് വന്‍ പ്രതീക്ഷയാണ്.
ഒരു വീട്ടില്‍ തന്നെ അപ്പുറവും ഇപ്പുറവുമായി കഴിയുന്ന ബംഗാളികളും മലയാളികളും തമ്മിലുള്ള സ്നേഹത്തിന്റേയും സഹകരണത്തിന്റെയും കഥയാണ്. ഇതര സംസ്ഥാന തൊഴിലാളികളെക്കുറിച്ച് മലയാളിക്കുള്ള അസഹിഷ്ണുത ഉപേക്ഷിക്കണമെന്നു കൂടി ചിത്രം ഓര്‍മ്മിപ്പിക്കുന്നു. പുതു തലമുറക്കാരായ മക്ബുല്‍ സല്മാന്, ഉണ്ണി രാജന് പി.ദേവ്, രാജീവ് രാജ്,അന്‍സിബ ഹസ്സന് തുടങ്ങിയവരാണ് താരങ്ങള്‍. മലയാള സിനിമയില്‍ അത്യധ്വാനത്തിന്റെ പുതു ചരിത്രം സൃഷ്ടിക്കുകയാണ് ഈ ചിത്രം. നിര്‍മാതാവിന്റെ ഒരു നയാൈപസപോലും പാഴാകരുതെന്ന ഉറച്ച തീരുമാനത്തിലാണ് സെനനും കൂട്ടരും. നിര്‍മാതാവാണ് ചുമര്. അതുകഴിഞ്ഞേ താനുള്ളു. കൂടെയുള്ളവരെല്ലാം ഒറ്റക്കുടുംബം പോലെ. കപ്പിത്താന് മാത്രമല്ല കപ്പലും താനാണെന്ന ഉത്തരവാദിത്തത്തിലാണ് സെനനിലെ സംവിധായകന്. വ്യസന സമുച്ചയത്തിന്റെ മുനമ്പില്‍ കാറ്റിലും കോളിലും ജീവിതത്തിന്റെ കപ്പല്‍ എത്രയോ ഓടിച്ചിരിക്കുന്നു സെനന്‍ .
സംവിധായകന് സുരേഷ് ഉണ്ണിത്താനാണ് ഇദ്ദേഹത്തിന്റെ ഗുരു. അദ്ദേഹത്തിന്റെ മുഖചിത്രത്തിലൂടെയാണ് സംവിധായക സഹായിയായി അരങ്ങേറ്റം കുറിച്ചത്. അലി അക്ബര്‍, ശശി ശങ്കര്‍,അനില്‍ ബാബു, വിനയന്, കണ്ണന്താനം, പി.ചന്ദ്രകുമാര്‍, ശങ്കര്‍ വാളത്തുങ്കല്‍, റോഷന് ആന്‍ഡ്രൂസ്, ലിയോ ജോണ്‍ പല്ലിശേരി…അങ്ങനെ നിരവധി പേരുടെ അസിസ്റ്റന്റും അസോസിയേറ്റുമായി വര്‍ഷങ്ങളോളം മലയാള സിനിമയെ അടുത്തറിയുന്നതിനുള്ള പരിശ്രമം. മലയാളത്തില്‍ ദീര്‍ഘകാലം അസോസിയേറ്റായി പണിയെടുത്തവരില്‍ ഒരാളായിരിക്കും ഈ സംവിധായകന്. ആ കൈത്തഴക്കവും പക്വതയുമാണ് കൈമുതല്‍.
പാരമ്പര്യമാണ് സെനന്റെ കുടുംബത്തിനു കല. അപ്പന് പൗലോസ് പച്ചക്കറി ബിസിനസുകാരനായിരുന്നു. അതിലും കമ്പമായിരുന്നു അപ്പന് പാട്ടും നാടകവും അഭിനയവും. അമ്മ കൊച്ചുത്രേസ്യയാവട്ടെ പാട്ടുകാരിയും വായനക്കാരിയും. എല്ലാം വായിക്കും. വായിച്ച കഥകളെക്കാള്‍ നന്നായി അതിന്റെ കഥ പറഞ്ഞു തരും. കഥ പറച്ചില് കേള്‍ക്കാന്‍ അമ്മയ്ക്കു ചുറ്റുമിരിക്കും. അങ്ങനെ തുടങ്ങിയതാണ് മക്കളുടെ മനസില്‍ കഥാഭാവനയുടെ രാജസഞ്ചാരം . സിനിമാക്കുടുംബം കൂടിയാണ് പള്ളാശേരിക്കാരുടേത്. അതുകൊണ്ട് സെനന്റെ സിനിമാ പ്രവേശം സ്വാഭാവികം മാത്രം. പ്രശസ്ത തിരക്കഥാകൃത്ത് ജെ.പള്ളാശേരിയാണ് മൂത്ത ചേട്ടന്. നിരവധി ഹിറ്റ് ഉള്‍പ്പെടെ അമ്പതോളം തിരക്കഥകള്‍ അദ്ദേഹത്തിന്റെ ക്രഡിറ്റിലുണ്ട്. ഇളയ ചേട്ടന് ബാബു പള്ളാശേരിയും ഹിറ്റുകളുടെ എഴുത്തുകാരനാണ്. ജെ.പള്ളാശേരിക്ക്് സ്വന്തം നാടക ട്രൂപ്പുണ്ടായിരുന്നു, ആലുവ പ്രതീക്ഷ. അങ്ങനെ സ്വന്തം വീട്ടില്‍ത്തന്നെ സിനിമാ ഗുരുക്കളെ കണ്ടു വളര്‍ന്നതാണ് . ദുരിത ദുഖങ്ങളും നിരാശയുമൊക്ക നീന്തിക്കടക്കാന്‍ ഇത്തരം ഗുരു കൃപയുണ്ട്് തന്റെ ഉച്ചിയിലെന്ന് സെനന്‍ പറയും.
ജാപ്പനീസ് സംവിധായകന് അകിര കുറസോവ മാനസ ഗുരു. കിം കിം ഡുക്കിനേയും ഇഷ്ടം. ചില കുറസോവ ചിത്രങ്ങളുടെ സ്വീക്വന്സുപേലും സെനന്‍ കാണാപ്പാഠം. ദൈവവുമായുള്ള ഒരു തരം സിങ്കാണ് കലാകാരന്റെ നിധി. ഹിന്ദു ദര്‍ശനങ്ങളോട് ഏറെ കമ്പമാണ്. പത്താംതരം വരെ സംസ്കൃതം പഠിച്ചിരുന്നു. അതിന്റെ ഗുണമുണ്ടായിട്ടുമുണ്ട്.
ആലുവയിലാണ് താമസം. ഭാര്യ ഫെനി. എട്ടിലും ആറിലും പഠിക്കുന്ന അലീന,അന്ന എന്നിവര്‍ മക്കള്‍. ഭരതനാട്യത്തിലും കുച്ചുപ്പുടിയിലും സംസ്ഥാന വേദികളില്‍ വരെ എത്തിയിട്ടുണ്ട് ഇരുവരും. അല്പം സിനിമാ പകിട്ടും അലങ്കാരവുമൊക്കെ വേണ്ടേയെന്നു ചോദിച്ചാല്‍ സെനന്‍ ചിരിക്കും. ഇതൊക്ക മതിയെന്ന്. സിനിമാക്കാര്‍ക്കിടയില്‍ ഇങ്ങനേയും ഒരാള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: