കണ്ണൂര്‍: കൂട്ടുകാരോടൊത്ത് ചുറ്റിയടിക്കലും വാചകമടിക്കലും നേരമ്പോക്കാക്കുന്ന ന്യൂജന്സിനിതാ ഒരു നല്ല കൃഷിപാഠം. തളിപ്പറമ്പ് സര് സെയ്ദ് കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ കുറുമാത്തൂരിലെ വിപി ഇജാസാണ് പഠനത്തോടൊപ്പം കര്‍ഷകനായും തിളങ്ങി കോളേജിലെ താരമായത്.
കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ഈയ്യൂരില് താമസിക്കുന്ന ഈ ഇരുപതുകാരന് ഇന്ന് അറിയപ്പെടുന്ന കൊച്ചു കര്‍ഷകനാണ്. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഏര്‍പ്പെടുത്തിയ പ്രഥമ യുവകര്‍ഷക അവാര്‍ഡ് ഇജാസിനെ തേടിയെത്തിയത് അര്‍ഹതയ്ക്കുള്ള അംഗീകാരമായാണ്. പരിമിതമായ സ്ഥലത്ത് വിവിധയിനം വിളകള്‍ കൃഷിചെയ്ത് മികച്ച വിളവു നേടി കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും മാതൃകയാവുകയാണ് ഈ കോളേജ് വിദ്യാര്‍ത്ഥി.
പത്താംവയസില്‍ തുടങ്ങിയതാണ് ഇജാസിന് കൃഷിയോടുള്ള താല്പര്യം. എന്നാല്‍ വീട്ടിലാര്‍ക്കും കൃഷിചെയ്ത് ഒട്ടും പരിചയമുണ്ടായിരുന്നില്ല. കോഴി വളര്‍ത്തലിലായിരുന്നു ഇജാസിന്റെ തുടക്കം. കൃഷിയോടുള്ള താല്പര്യമേറിയതോടെ പത്താംക്ലാസിനുശേഷം വി.എച്ച് എസ് ഇ അഗ്രികള്‍ച്ചര്‍ തന്നെ തെരഞ്ഞെടുത്ത് പഠിച്ചു. പതിനെട്ട് സെന്റ് വീട്ടുപറമ്പില്‍ ഇപ്പോള്‍ അന്‍പതോളം കോഴികള്‍, പത്തു താറാവുകള്‍, ഏഴ് ആടുകള്‍, അലങ്കാര പ്രാവുകള്‍, തെങ്ങ്, കവുങ്ങ്, വാഴ, പച്ചക്കറികള്‍ എന്നിവയെല്ലാമുണ്ട്. ഇടയ്ക്ക് സ്ഥലം പാട്ടത്തിനെടുത്ത് അവിടെയും കപ്പയും ചേനയും കൃഷിചെയ്തു. അലങ്കാരപ്രാവുകളെയും കോഴികളെയും വില്‍ക്കാറുണ്ട്. നാടന്‍ കോഴികളായതിനാല്‍ മുട്ടയ്ക്കും ആവശ്യക്കാര്‍ ഏറെയുണ്ട്.
സ്ഥലപരിമിതി കാരണം ഇപ്പോള്‍ കൃഷി വീടിന്റെ ടെറസിലേക്ക് വ്യാപിപ്പിച്ചിരിക്കുകയാണ്. 250 ഗ്രോബാഗുകളില്‍ കോളിഫ്ളവര്‍, തക്കാളി, വെണ്ട, ചീര, പയര്‍, വഴുതന, വെള്ളരി എന്നിവ വളരുന്നു. പൂര്‍ണമായും ജൈവരീതിയാണ് കൃഷിയില്‍ ഉപയോഗിക്കുന്നത്. ഗോമൂത്രവും ചാണകവും കടലപ്പിണ്ണാക്കുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. കോഴിവളം, ആട്ടിന്കാഷ്ഠം, ചകിരിച്ചോറ് എന്നിവയും വളമാക്കുന്നു. പൊതുവേ നല്ല വിളവാണ് ലഭിക്കുന്നത്. തക്കാളി കായ്ച്ചപ്പോള്‍ മൂന്നു മാസത്തോളം കടകളെ ആശ്രയിക്കേണ്ടി വന്നിട്ടേയില്ല. വിഷമുക്തമായ പച്ചക്കറി കഴിക്കാന്‍ കഴിയുന്നത് ഏറെ ആശ്വാസകരമാണെന്ന് ഇജാസിന്റെ ഉമ്മ ഹാജിറ പറയുന്നു.
ദിവസവും രാവിലെ അഞ്ചുമണിക്ക് എഴുനേറ്റ് കൃഷിഭൂമിയിലിറങ്ങും. കോളേജില്‍ നിന്ന് തിരിച്ചെത്തിയാലും സമയം കളയാതെ കൃഷിസ്ഥലത്തെത്തും. ഓരോ ദിവസവും കുറച്ചു സമയം ചെലവാക്കിയാല്‍ കാര്‍ഷിക ജോലികളൊക്കെ ഒറ്റയ്ക്കു ചെയ്തു തീര്‍ക്കാവുന്നതേയുള്ളൂ എന്നാണ് ഇജാസിന്റെ പക്ഷം.
മത്സ്യത്തൊഴിലാളിയായ ഉപ്പ ഇബ്രാഹിമും ഉമ്മ ഹാജിറയും രണ്ട് അനിയന്മാരും അനിയത്തിമാരുമുണ്ട് ഇജാസിന്റെ പിന്തുണയ്ക്ക്. ചേട്ടന് യുവകര്‍ഷക അവാര്‍ഡ് നേടിയതില്‍പ്പിന്നെ കൃഷിയോട് നല്ല താല്പര്യമാണ് സഹോദരങ്ങള്‍ക്കും. കൃഷിക്കാവശ്യമായ സഹായങ്ങളും നിര്‍ദ്ദേശങ്ങളുമായി കുറുമാത്തൂര്‍ കൃഷിഭവനിലെ ഉദ്യോഗസ്ഥരുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: