ആലപ്പുഴ: എല്‍ഡിഎഫിന്റെ ആലപ്പുഴ നഗരസഭയിലെ പ്രകടന പത്രിക പ്രകാശനം ഘടകകക്ഷികള്‍ പലതും ബഹിഷ്കരിച്ചു. സിപിഎം, സിപിഐ എന്‍സിപി പ്രതിനിധികള്‍ മാത്രമാണ് പത്രിക പ്രകാശന ചടങ്ങില്‍ പങ്കെടുത്തത്. ജനതാദള്‍ എസ്, കേരളാ കോണ്‍ഗ്രസ്, ജെഎസ്എസ് തുടങ്ങിയ പാര്‍ട്ടി പ്രതിനിധികള്‍ ചടങ്ങില്‍ നിന്നും വിട്ടുനിന്നു. ഇവര്‍ ബഹിഷ്കരിച്ചതാണോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്കാന് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ച ജി. സുധാകരന് എംഎല്‍എയ്ക്കും സിപിഎം ജില്ലാ കമ്മറ്റിയംഗം പി.പി. ചിത്തരഞ്ജനും സാധിച്ചില്ല. പ്രസ്ക്ലബ്ബില്‍ സ്ഥലസൗകര്യം കുറവായതിനാലാണ് അവര്‍ പങ്കെടുക്കാത്തതെന്ന് ചിത്തരഞ്ജന് പറഞ്ഞപ്പോള്‍ ഘടകകക്ഷികളുമായി യാതൊരു പ്രശ്നവുമില്ലെന്നാണ് സുധാകരന് അവകാശപ്പെട്ടത്. ആലപ്പുഴ നഗരത്തില്‍ കോണ്‍ഗ്രസിനും യുഡിഎഫിനും യാതൊരു വികസന പ്രവര്‍ത്തനവും നടത്താന്‍ സാധിച്ചിട്ടില്ല. ആലപ്പുഴ ബൈപാസ് പോലും യാഥാര്‍ത്ഥ്യമാക്കാന്‍ എന്‍ഡിഎ സര്‍ക്കാര്‍ വേണ്ടിവന്നു. ബൈപാസ് അനുവദിച്ചതിനു പിന്നില്‍ എന്‍ഡിഎ സര്‍ക്കാരിന് മറ്റുചില ലക്ഷ്യങ്ങളാണുള്ളതെന്നും ജി. സുധാകരന് ആരോപിച്ചു. വികസനത്തുടര്‍ച്ചയ്ക്ക് എല്‍ഡിഎഫ് തന്നെ അധികാരത്തില്‍ വരണമെന്നും ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പെട്ടവര്‍ക്ക് പകുതിയിലേറെ സീറ്റ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജെഎസ്എസ്സിന് രണ്ടു സീറ്റുകള്‍ നല്കാന് തയ്യാറായെങ്കിലും അവര്‍ അംഗീകരിച്ചില്ലെന്നും ഫോര്‍വേഡ് ബ്ലോക്ക് സീറ്റുകള്‍ക്കായി ബന്ധപ്പെട്ടിട്ടില്ലെന്നും സുധാകരന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: