ന്യൂദല്‍ഹി: വിവരാകാശ നിയമം അറിയാനുള്ള അവകാശം മാത്രമല്ല, സര്‍ക്കാരിനെ ചോദ്യം ചെയ്യാനുള്ള അവകാശം കൂടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് ജനാധിപത്യത്തിലുള്ള വിശ്വാസം വര്‍ധിപ്പിക്കുമെന്നും മോദി പറഞ്ഞു. കേന്ദ്ര വിവരാവകാശ കമ്മിഷന്റെ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സര്‍ക്കാരിന് നയങ്ങള്‍ പുനഃപരിശോധിക്കാന്‍ വിവരാവകാശ നിയമം സഹായിക്കും. സര്‍ക്കാരിനും ജനങ്ങള്‍ക്കുമിടയില്‍ വിശ്വാസമുണ്ടായിരിക്കണം. അതിലാണ് സുതാര്യത വേണ്ടത്. കാര്യങ്ങള്‍ ഓണ്‍ലൈനാകുമ്പോള്‍ സുതാര്യത തനിയെ വരും.വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകള്‍ക്ക് സമയോചിതമായി മറുപടി നല്‍കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇന്നത്തെ കാലത്ത് ഒന്നിനും രഹസ്യസ്വഭാവം വേണ്ട. ഭരണരംഗത്തു കൂടുതല്‍ തുറന്ന സമീപനം സ്വീകരിക്കുന്നത് പൗരന്മാരെ സഹായിക്കുകയേ ഉള്ളൂ. കല്‍ക്കരിപ്പാടം അനുവദിച്ചതിലെ ക്രമക്കേട് എങ്ങനെയാണ് ഉയര്‍ന്നുവന്നതെന്ന് നമുക്ക് അറിയാം. ഇപ്പോള്‍ ഓണ്‍ലൈന്‍ വഴിയാക്കി ലേലം. സ്പെക്ട്രം വില്‍പ്പനയും അങ്ങനെ തന്നെയാക്കി. മോദി പറഞ്ഞു.
സര്‍ക്കാരിന്റെ നയങ്ങള്‍ പുനഃപരിശോധിക്കാന്‍ വിവരാവകാശ നിയമത്തിനു കഴിയും. ആര്‍ടിഐ അപേക്ഷയ്ക്കുള്ള മറുപടി കൃത്യമായും സുതാര്യമായും നല്‍കണം. അറിയുന്നതിനുള്ള അവകാശം മാത്രമല്ല ആര്‍ടിഐ, മറിച്ചു ചോദ്യം ചെയ്യുന്നതിനുള്ളതു കൂടിയാണ്. ഭരണനിര്‍വഹണം എത്രത്തോളം തുറന്നതാകുന്നുവോ ജനങ്ങള്‍ അത്രത്തോളം ശക്തിയാര്‍ജിക്കും.
നിലവില്‍ ആര്ടിഐയ്ക്കു പരിധിയുണ്ടെന്ന് എനിക്കു തോന്നുന്നു. നടപടിക്രമങ്ങളെക്കുറിച്ചു നമുക്ക് അറിയാം. എന്നാല്‍ അന്തിമഫലം അറിയില്ല. വരും കാലത്ത് പ്രക്രീയയെയും അന്തിമഫലത്തെയും നമ്മള് കേന്ദ്രീകരിക്കണം. ആളുകള്‍ എത്രത്തോളം ശാക്തീകരിക്കുന്നുവോ അത്രത്തോളം രാജ്യവും ശക്തിയാര്‍ജിക്കും. പ്രധാനമന്ത്രി വ്യക്തമാക്കി.
ഭരണനിര്‍വഹണ പ്രക്രീയയെ മികച്ചതാക്കാനാണ് ആര്‍ടിഐ പ്രഥമമായി ഉപയോഗിക്കേണ്ടത്. ഇക്കാര്യത്തില്‍ ചര്‍ച്ചയെ പ്രോത്സാഹിപ്പിക്കണം. ചോദ്യങ്ങള്‍ക്കു പ്രാധാന്യം നല്‍കണം. താന്‍ ഗുജറാത്തിലായിരുന്നപ്പോള്‍, എംഎല്‍എമാരുടെ ചോദ്യങ്ങള്‍ എത്ര പ്രധാനപ്പെട്ടതാണെന്നു മനസിലാക്കിയിട്ടുണ്ടെന്നും മോദി പറഞ്ഞു.
ഒരു സംഭവം നടക്കുന്നതിനു മുന്‍പ് അതുമായി ബന്ധപ്പെട്ട ആര്‍ടിഐ അപേക്ഷകളില്‍ മറുപടി നല്‍കണം. സംഭവം നടന്നുകഴിഞ്ഞാല്‍ ആര്‍ടിഐ മറുപടികൊണ്ടു ഗുണമുണ്ടാകില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
സംസ്ഥാന വിവരാവകാശ കമ്മിഷണര്‍മാര്‍, അഭിഭാഷകര്‍, നിയമവിദഗ്ധര്‍, ജനപ്രതിനിധികള്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് ക്ഷണം ലഭിച്ച യോഗത്തില്‍ വളരെ ചുരുക്കം വിവരാവകാശ പ്രവര്‍ത്തകരെ മാത്രമാണ് പ്രവേശിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: