അടിമുടി ആയുധമണിഞ്ഞ ഇസ്ലാമിക രാഷ്ട്രങ്ങള്‍ക്കുമുന്നില്‍ കുറുവടിയേന്തി നില്ക്കുന്ന രാഷ്ട്രീയ സ്വയംസേവകന് സഹതാപം അര്‍ഹിക്കുന്ന ഒരു ജീവിയാണ്.” മോദി ഭരണത്തിന് കീഴില്‍ ”ആവിഷ്കാര സ്വാതന്ത്ര്യമില്ലാത്തതിന്റെയും രാജ്യത്ത് അനുദിനം അസഹിഷ്ണുത ശക്തിപ്പെടുത്തുന്നതിന്റെയും” പേരില്‍ കേന്ദ്രസാഹിത്യ അക്കാദമിയുടെ സ്ഥാനങ്ങള്‍ രാജിവയ്ക്കുകയും അക്കാദമി കാലാകാലങ്ങളില്‍ നല്കിയ അവാര്‍ഡുകള്‍ തിരിച്ചേല്‍പ്പിക്കുകയും ചെയ്യുന്ന എഴുത്തുകാര്‍ക്കൊപ്പം നില്‍ക്കാത്ത ആരെങ്കിലും ഒരാള്‍ പറഞ്ഞതല്ല ഈ വാക്കുകള്‍. ജനറല്‍ കൗണ്‍സില്‍ അംഗത്വവും ധനകാര്യസമിതി അംഗത്വവുംമറ്റും രാജിവച്ചുകൊണ്ട് അക്കാദമിയില്‍ ഒരു കൊട്ടാരവിപ്ലവത്തിന് നേതൃത്വം നല്കുന്ന കവി കെ.സച്ചിദാനന്ദനാണ് ഈ പ്രഖ്യാപനം നടത്തിയത്.
കേന്ദ്രസാഹിത്യ അക്കാദമിയുടെ സെക്രട്ടറി സ്ഥാനത്തിരിക്കെ ‘കലാകൗമുദി’യില്‍ എഴുതിയ ഒരു ലേഖനത്തിലാണ് അതുവരെയുള്ള തന്റെ ഹിന്ദുത്വവിരുദ്ധ ഭൂതകാലത്തില്‍ ഒരു വിച്ഛേദം വരുത്തി, ആഗോള വിപത്തായ ഇസ്ലാമിക സായുധശക്തികളുമായി താരതമ്യം ചെയ്യുമ്പോള്‍ ആര്‍എസ്എസ് പ്രതിനിധാനം ചെയ്യുന്ന ‘ഹിന്ദു വര്‍ഗീയത’ ഒരു ഭീഷണിയേയല്ലെന്ന് സച്ചിദാനന്ദന് വ്യക്തമാക്കിയത്. ഇതേ സച്ചിദാനന്ദനാണ് ഇപ്പോള്‍ ഭരണഘടനാനുസൃതമായി, ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍ ‘ഹിന്ദുഫാസിസം’ വളര്‍ത്തുകയാണെന്ന് ആരോപിച്ച് സ്ഥാനമാനങ്ങള്‍ രാജിവയ്ക്കുകയും മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുകയും ചെയ്യുന്നത്.
ഇത് കാണുമ്പോള്‍ അവസരവാദത്തിനും അധികാരമോഹത്തിനും കാപട്യത്തിനും സ്വജനപക്ഷപാതത്തിനും അന്തസ്സില്ലായ്മയ്ക്കും കവികളില്‍ ഒരു ആള്‍രൂപമുണ്ടെങ്കില്‍ അത് സച്ചിദാനന്ദതാണെന്ന് അദ്ദേഹത്തിന്റെ ഒരുവരി കവിതപോലും വായിക്കാതെ പറയാം. കഴിഞ്ഞ 22 ലേറെ വര്‍ഷമായി ജനങ്ങളുടെ നികുതിപ്പണം ചെലവഴിക്കുന്ന ഒരു സ്ഥാനപനത്തില്‍ അടയിരുന്നുകൊണ്ട് ഈ ‘മഹാസാഹിത്യകാരന്’ ചെയ്തുകൂട്ടിയിട്ടുള്ള നീചമായ പ്രവൃത്തികള്‍ എണ്ണമറ്റതാണ്. ഏറ്റവും ഒടുവിലത്തെ എപ്പിസോഡാണ് അക്കാദമിയുടെ പദവികളില്‍നിന്നുള്ള രാജി.
യഥാര്‍ത്ഥത്തില്‍ ആവിഷ്കാരസ്വാതന്ത്ര്യവുമായോ എഴുത്തുകാര്‍ക്കെതിരെയുള്ള അസഹിഷ്ണുതയുമായോ അവരില്‍ ചിലര്‍ കൊല്ലപ്പെട്ടതുമായോ സച്ചിദാനന്ദന്റെ രാജിക്ക് യാതൊരു ബന്ധവുമില്ല. അങ്ങനെയാണെന്ന് വരുത്തുന്നത് ഈ മനുഷ്യന്റെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ള ഭീകരമായ കാപട്യമാണ്.ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പക്ഷത്തായിരുന്നുവെങ്കില്‍ സ്ഥാനങ്ങള്‍ രാജിവയ്ക്കുകയും പുരസ്കാരങ്ങള്‍ തിരിച്ചേല്‍പ്പിക്കുകയും ചെയ്യേണ്ട നിരവധി സന്ദര്‍ഭങ്ങള്‍ സച്ചിദാനന്ദന്റെ എഴുത്തുജീവിതത്തിലുണ്ടായിരുന്നു. അപ്പോഴൊക്കെ കനത്ത മൗനം അവലംബിച്ച് സ്വയം അവഹേളിതനാവുകയും ഭാഷയെ അപമാനിക്കുകയും സംഘടിത മതശക്തികളെ പ്രീണിപ്പിക്കുകയും അധികാരത്തിലുള്ളവര്‍ക്ക് വിടുപണിചെയ്യുകയുമായിരുന്നു ഈ കവി.
ഇതിനുദാഹരണമായി സച്ചിദാനന്ദന് ‘മറന്നുവെച്ച വസ്തുതകള്‍’ ചൂണ്ടിക്കാണിക്കട്ടെ:
1993 ലാണ് കേരളത്തില്‍ ചേകന്നൂര്‍ മൗലവി എന്ന പുരോഗമന ചിന്തഗതിക്കാരനായിരുന്ന മതപണ്ഡിതനെ ഇസ്ലാമിക മതമൗലികവാദികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഇപ്പോള്‍ രണ്ട് പതിറ്റാണ്ട് കഴിഞ്ഞു. ഇതുവരെ ഈ സംഭവത്തെ അപലപിച്ച് ഒരു വാക്കുപോലും ഉരിയാടാത്തയാളാണ് സച്ചിദാനന്ദന്. ഇങ്ങനെയൊരു സംഭവം നടന്നതായിപ്പോലും അദ്ദേഹം ഭാവിക്കുന്നില്ല. ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ രക്തസാക്ഷിയായ ചേകന്നൂര്‍ മൗലവിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എന്തുകൊണ്ട് സച്ചിദാനന്ദന് 1984 ലും 1989 ലും തനിക്കു കിട്ടിയ രണ്ട് കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ തിരിച്ചേല്‍പ്പിച്ചില്ല?
2003 ലാണ് കോഴിക്കോട് ജില്ലയിലെ മാറാട് എട്ട് ഹിന്ദുക്കളെ ഇസ്ലാമിക തീവ്രവാദികള്‍ കൂട്ടക്കൊല ചെയ്തത്. ഈ കിരാതവൃത്തിയെ അപലപിക്കാതിരുന്ന എഴുത്തുകാരില്‍ ഒരാളാണ് സച്ചിദാനന്ദന്. ജന്മനാട്ടിലുണ്ടായ ഒരു കൊടുംക്രൂരതയില്‍ പ്രതിഷേധിച്ച് 1999 ലും 2001 ലും തനിയ്ക്ക് ലഭിച്ച കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ സച്ചിദാനന്ദന് മടക്കിക്കൊടുത്തില്ല.
ഇന്റേണല്‍ പരീക്ഷയ്ക്കുവേണ്ടി ഒരു ചോദ്യപേപ്പര്‍ തയ്യാറാക്കിയതിന്റെ പേരില്‍ ഇസ്ലാമിക തീവ്രവാദികള്‍ ശരിഅത്ത് കോടതി രൂപീകരിച്ച് തീരുമാനമെടുത്ത് തൊടുപുഴയില്‍ ഒരു കോളേജ് അധ്യാപകന്റെ കൈ വെട്ടിയെടുത്ത വര്‍ഷമാണ് സച്ചിദാനന്ദന് കേരള സാഹിത്യഅക്കാദമിയുടെ ഫെല്ലോഷിപ്പ് (2010) ലഭിച്ചത്. ആവിഷ്കാരസ്വാതന്ത്ര്യത്തിനെതിരായ കടന്നാക്രമണമായിരുന്നിട്ടും ഈ ഫെല്ലോഷിപ്പ് ഉപേക്ഷിക്കാന്‍ എന്തുകൊണ്ട് അദ്ദേഹത്തിന് തോന്നിയില്ല? ടി.ജെ.ജോസഫ് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയും അദ്ദേഹത്തിന്റെ ഭാര്യ ആത്മഹത്യയിലൂടെ ഒരര്‍ത്ഥത്തില്‍ അതിന്റെ രക്തസാക്ഷിയുമായിട്ടും ഇക്കാലയളവില്‍ പലതവണ കേരളം സന്ദര്‍ശിച്ചിട്ടുള്ള സച്ചിദാനന്ദന് ഒരിക്കലെങ്കിലും ആ അധ്യാപകനെ ഒന്നുപോയി കാണാന്‍ തോന്നിയില്ല.
1988 ലാണ് ‘സാത്താനിക് വേഴ്സസ്’ എന്ന നോവല്‍ എഴുതിയതിന് ഇറാനിലെ ആയത്തുള്ള ഖൊമേനി ഇന്ത്യന്‍ വംശജനായ സല്മാന് റുഷ്ദിക്ക് ‘വധഫത്വ’ പുറപ്പെടുവിച്ചത്. കാല്‍നൂറ്റാണ്ടുകാലമായി മരണത്തിന്റെ നിഴലില്‍ വിവിധരാജ്യങ്ങളിലായി കഴിയുന്ന റുഷ്ദിക്കെതിരായ ‘വധഫത്വ’യെ സച്ചിദാനന്ദന് അപലപിച്ചതായി അറിവില്ല. 2013 ല്‍ ജയ്പൂര്‍ സാഹിത്യോത്സവത്തില്‍ പങ്കെടുക്കേണ്ടിയിരുന്ന സല്മാന് റുഷ്ദിക്ക് രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയപ്പോഴും സച്ചിദാനന്ദന് മുരടനക്കിയില്ല. 1994 ലാണ് ഇസ്ലാമിക മതമൗലികവാദികളുടെ ഭീഷണിയെത്തുടര്‍ന്ന് എഴുത്തുകാരിയായ തസ്ലീമ നസ്റിന് തന്റെ രാജ്യമായ ബംഗ്ലാദേശ് വിടേണ്ടിവന്നത്.
വധഭീഷണി ഭയന്ന് ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലുമായി കഴിയുന്ന തസ്ലീമയ്ക്ക് പിന്തുണ പ്രഖ്യാപിക്കാനോ, ഹൈദരാബാദില്‍ അവര്‍ ആക്രമിക്കപ്പെട്ടപ്പോഴും പശ്ചിമബംഗാളില്‍നിന്ന് ഇടതുസര്‍ക്കാര്‍ അവരെ നാടുകടത്തിയപ്പോഴും ആ സംഭവങ്ങളെ അപലപിക്കാനോ സച്ചിദാനന്ദന് തയ്യാറായില്ല. തസ്ലീമയുടെ ജന്മനാടും ഭാരതത്തിന്റെ അയല്‍രാജ്യവുമായ ബംഗ്ലാദേശില്‍ 2015 ല്‍ മാത്രം ഒന്നിനുപുറകെ ഒന്നായി നാല് എഴുത്തുകാരെ ഇസ്ലാമിക മതമൗലികവാദികള്‍ മൃഗീയമായി കൊലപ്പെടുത്തിയിട്ടും എതിരായി ഒരു വാക്കുപോലും പറയുകയോ എഴുതുകയോ ചെയ്യാതിരിക്കുന്ന സച്ചിദാനന്ദന് ലോകം മുഴുവന്‍ ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ വക്താവ് ചമഞ്ഞുനടക്കുന്നത് എത്ര അപഹാസ്യമാണ്. ‘നാവുമരം’ എഴുതിയ കവിയ്ക്ക് നാവിറങ്ങിപ്പോവുകയായിരുന്നു.
എഴുത്തുകാരനെക്കാള്‍ പതിന്മടങ്ങ് വലുതായ ഒരു അധികാരമോഹി സച്ചിദാനന്ദന്റെയുള്ളിലുണ്ട്. മുഖ്യമന്ത്രി ഇ.കെ.നായനാര്‍ നേതൃത്വം നല്കിയ ഇടതുഭരണകാലത്ത് കേരള സാഹിത്യ അക്കാദമിയുടെ ജനറല്‍ കൗണ്‍സിലിലേക്ക് സച്ചിദാനന്ദന് തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. എന്നാല്‍ എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് എത്തില്ലെന്ന് ബോധ്യമായപ്പോള്‍ ജനറല്‍ കൗണ്‍സിലില്‍നിന്ന് രാജിവച്ച പാരമ്പര്യം സച്ചിദാനന്ദനുണ്ട്. ഇത്തരമൊരു നാടകമാണ് അദ്ദേഹം ഇപ്പോള്‍ കേന്ദ്ര സാഹിത്യ അക്കാദമിയിലും ആവര്‍ത്തിക്കുന്നത്.
ചില യുക്തിവാദികളായ എഴുത്തുകാര്‍ കൊല്ലപ്പെട്ടതിനോട് മതിയായ രീതിയില്‍ പ്രതികരിച്ചില്ല എന്ന് ആരോപിച്ച് അക്കാദമിയിലെ പദവികള്‍ രാജിവെച്ച സച്ചിദാനന്ദന്റെ നടപടി അദ്ദേഹത്തിന്റെ കാപട്യവും ഇരട്ടത്താപ്പും രാഷ്ട്രീയ വിധേയത്വവുമാണ് വെളിപ്പെടുത്തുന്നത്. 2013 ല്‍ നരേന്ദ്ര ധാബോല്‍ക്കര്‍ കൊല്ലപ്പെട്ടത് മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാരിന്റേയും കേന്ദ്രത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന യുപിഎ സര്‍ക്കാരിന്റേയും ഭരണകാലത്താണ്. അന്ന് ഈ സര്‍ക്കാരുകളെ കുറ്റപ്പെടുത്തുകയോ സ്ഥാനങ്ങള്‍ രാജിവെയ്ക്കുകയോ ചെയ്യാതിരുന്ന സച്ചിദാനന്ദന് ഒമ്പത് മാസം കഴിഞ്ഞ് അധികാരത്തില്‍ വന്ന മോദി സര്‍ക്കാരിനെ ഇക്കാര്യത്തിന് വിമര്‍ശിക്കുന്നത് എത്ര മ്ലേച്ഛമാണ്. ധാബോല്‍ക്കര്‍ വധത്തില്‍ പ്രതിഷേധിച്ച് സച്ചിദാനന്ദന് വേണമെങ്കില്‍ ‘മറന്നുവെച്ച വസ്തുതകള്‍’ എന്ന കൃതിക്ക് 2014 ല്‍ ലഭിച്ച കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് മടക്കിക്കൊടുക്കാമായിരുന്നു. പക്ഷേ അവസരവാദിയായ സച്ചിദാനന്ദന് അത് ചെയ്തില്ല.
കര്‍ണാടകയിലെ എം.എം.കല്‍ബുര്‍ഗി കൊല്ലപ്പെട്ടതും ഇപ്പോഴത്തെ കോണ്‍ഗ്രസ് ഭരണകാലത്താണ്. കേന്ദ്രസാഹിത്യ അക്കാദമിയുടെ വൈസ് പ്രസിഡന്റായ ചന്ദ്രശേഖര കമ്പാറിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സംഭവത്തെ അപലപിക്കുകയും എത്രയുംവേഗം അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്ന് കോണ്‍ഗ്രസ് സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതുപോരെന്നു പറഞ്ഞാണ് കോണ്‍ഗ്രസ് സര്‍ക്കാരിനെ ഒഴിവാക്കി സച്ചിദാനന്ദന് മോദി സര്‍ക്കാരിനെ പഴിക്കുന്നത്. ഈ കവിയുടെ കാപട്യം കാണുമ്പോള്‍, അദ്ദേഹത്തിന്റെ ഒരു കവിത വായിക്കുമ്പോള്‍ ദൈവമേ ‘ഇവനെക്കൂടി’ എന്ന് അറിയാതെ വിളിച്ചുപോകുന്നു.
കേന്ദ്രസാഹിത്യ അക്കാദമിയുടെ പ്രസിദ്ധീകരണമായ ‘ഇന്ത്യന്‍ ലിറ്ററേച്ചറി’ന്റെ എഡിറ്ററാവാന്‍ 1992 ല്‍ ദല്‍ഹിയിലേക്ക് കുടിയേറിയ സച്ചിദാനന്ദന് പിന്നീടങ്ങോട്ട് അധികാരം ഭക്ഷിച്ചുജീവിക്കുന്ന ഒരാളായി അവിടെ സ്ഥിരവാസമുറപ്പിക്കുകയായിരുന്നു.
വെള്ളത്തിലും കരയിലും ജീവിക്കുന്ന ഉഭയജീവികളായ ഉരഗങ്ങളെപ്പോലെ മാറിമാറി വന്ന കേന്ദ്രസര്‍ക്കാരുകളോട് സച്ചിദാനന്ദനിലെ വിപ്ലവകാരി താദാത്മ്യം പ്രാപിച്ചു. എപ്പോഴെങ്കിലും തന്റെ താല്‍പ്പര്യം സംരക്ഷിക്കപ്പെടുന്നില്ല എന്നുവന്നപ്പോള്‍ കലഹിച്ചു. ‘ബാബറി മസ്ജിദ്’ തകര്‍ന്നുവീണതിന്റെ പേരില്‍ വന്കോലാഹലമുയര്ത്തിയവര്ക്കൊപ്പം അയോധ്യ സന്ദര്‍ശിച്ചുവെങ്കിലും അതിന്റെ പേരില്‍ ‘ഇന്ത്യന്‍ ലിറ്ററേച്ചറി’ന്റെ എഡിറ്റര്‍ പദവി ഒഴിയാനൊന്നും സച്ചിദാനന്ദന് നിന്നില്ല. ‘ഇന്ത്യന്‍ ലിറ്ററേച്ചറി’ന്റെ എഡിറ്റര്‍ സ്ഥാനത്തുനിന്ന് കേന്ദ്രസാഹിത്യ അക്കാദമിയുടെ സെക്രട്ടറി സ്ഥാനത്തെത്തിയ സച്ചിദാനന്ദന് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ ആറുവര്‍ഷക്കാലത്തെ ഇടവേളയില്‍ നില ഭദ്രമാക്കാനാണ് ആഗോള ഇസ്ലാമിക ഭീകരവാദത്തിനുമുന്നില്‍ ‘ഹിന്ദുവര്‍ഗീയത’ ഒന്നുമല്ലെന്ന നിലപാടെടുത്തത്. എന്നാല്‍ 2004 ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തിയതോടെ സച്ചിദാനന്ദന് അക്കാദമിയിലെ സ്ഥാനം അരക്കിട്ടുറപ്പിച്ചു.
2002 ലെ ഗുജറാത്ത് കലാപത്തിന്റെ പേരില്‍ കേന്ദ്രസാഹിത്യഅക്കാദമിയുടെ പദവികളിലിരുന്നുകൊണ്ട് ചില അപശബ്ദങ്ങള്‍ പുറപ്പെടുവിച്ചുവെങ്കിലും സ്ഥാനമൊഴിയുന്നതിനെക്കുറിച്ച് സച്ചിദാനന്ദന് ചിന്തിക്കുകപോലും ചെയ്തില്ല. കാരണം അന്ന് കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരണമായിരുന്നുവല്ലോ. മാര്‍ക്സിയന്‍ സൗന്ദര്യശാസ്ത്രത്തിന്റെ കണ്ണിലൂടെ നോക്കിയപ്പോള്‍ മാഡം സോണിയയുടെ ഭരണം അത്യന്തം പുരോഗമനപരമായാണ് ഈ കവിക്കു തോന്നിയത്! യുപിഎ ഭരണകാലത്തെ പത്ത് വര്‍ഷം നീണ്ട സുഖവാസത്തിനുശേഷം ഇപ്പോള്‍ കേന്ദ്രസാഹിത്യ അക്കാദമിയില്‍ നിന്ന് രാജിവച്ചുപോകാന്‍ സച്ചിദാനന്ദന് തോന്നിയതിന്റെ കാരണം വ്യക്തമാണ്. കോണ്‍ഗ്രസ്മുക്ത ഭാരതത്തിന് ശ്രമിക്കുന്ന ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വന്നിരിക്കുന്നു. സച്ചിദാനന്ദന്മാര് താവളമാക്കിയ അക്കാദമിയില്‍ എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ടെന്ന് അധികൃതര്‍ക്ക് ബോധ്യം വരികയും ചെയ്തിരിക്കുന്നു. ഭയം തോന്നുക സ്വാഭാവികമാണല്ലോ.
സച്ചിദാനന്ദന്റെ കവിതകളില്‍ (മറ്റ് രചനകളിലും) മൗലിക രചനകളേത് വിവര്ത്തനങ്ങളേത് എന്ന് തിരിച്ചറിയാന്‍ പ്രയാസമാണ്. കഥയിലേയും നോവലിലെയും മോഷണങ്ങള്‍ കണ്ടുപിടിക്കാറുള്ളതുപോലെ കവിതയിലെ മോഷണം ആരും അന്വേഷിക്കാത്തത് സച്ചിദാനന്ദന്റെ ഭാഗ്യം. ‘ഇന്ത്യന്‍ നെരൂദ’ എന്നൊരു വിളിപ്പേര് സച്ചിദാനന്ദനുണ്ട്. ലാറ്റിനമേരിക്കന്‍ കവിയും കമ്യൂണിസ്റ്റുമായിരുന്ന പാബ്ലോ നെരൂദയുടെ ചില കവിതകളുടെ വിവര്‍ത്തകനുമാണ്. ഇന്ത്യന്‍ നെരൂദയായി അറിയപ്പെടാനാവണം പാബ്ലോ നെരൂദയുടേതുപോലുള്ള ഒരു തൊപ്പി ധരിച്ച് സച്ചിദാനന്ദനും പ്രത്യക്ഷപ്പെടാറുണ്ട്. സമ്പൂര്‍ണമായ കഷണ്ടി മറച്ചുപിടിച്ച് സുന്ദരനാണെന്ന് ആസ്വാദകരെ തെറ്റിദ്ധരിപ്പിക്കാന്‍ ഈ തൊപ്പി നെരൂദയെ സഹായിച്ചിട്ടുണ്ടെങ്കിലും തന്നിലെ ഒറ്റുകാരന്റെ മുഖം മറച്ചുപിടിക്കാന്‍ നെരൂദക്കായില്ല.
റഷ്യയിലെ ഒക്ടോബര്‍ വിപ്ലവനായകന്മാരില് ഒരാളായിരുന്ന ലിയോണ്‍ ട്രോട്സ്കിയെ ബദ്ധശത്രുവായിരുന്ന സ്റ്റാലിന്റെ നിര്‍ദ്ദേശപ്രകാരം കൊലപ്പെടുത്താന്‍ ഒത്താശ ചെയ്തവരില്‍ ഒരാള്‍ അന്ന് മെക്സിക്കോയിലെ ചിലിയുടെ പ്രതിനിധിയായ പാബ്ലോ നെരൂദയായിരുന്നു. ഒറ്റുകാരന്റെ റോള്‍ സച്ചിദാനന്ദനും ചേരും. സായുധവിപ്ലവത്തിന്റെ വക്താവായിരുന്നയാള് വര്‍ഗവഞ്ചന ചെയ്ത് കോണ്‍ഗ്രസിന്റെ പക്ഷത്താവുകയും പിന്നീട് ഇസ്ലാമിക മതമൗലികവാദികളുടെ ഇഷ്ടതോഴനാവുകയും ചെയ്തു. ഇങ്ങനെയൊരാളെ ഒറ്റുകാരനെന്നല്ലാതെ മറ്റെന്ത് പേരിട്ട് വിളിക്കും? അടിച്ചമര്‍ത്തപ്പെട്ട ഖനി തൊഴിലാളികള്‍ക്കുവേണ്ടി ശബ്ദിച്ച നെരൂദ അതിസമ്പന്നര്‍ക്കുമാത്രം സാധ്യമായ സുഖഭോഗങ്ങളില്‍ രമിച്ചവനുമാണ്. നെരൂദയുടെ ഈ കാപട്യം ഒട്ടും കുറയാതെ സച്ചിദാനന്ദനിലുമുണ്ട്.
”ഞാന്‍ തന്നെ എന്നെ ഒറ്റുകൊടുത്തു.
ഞാന്‍ തന്നെ പണം വാങ്ങി
ഞാന്‍ തന്നെ കത്തിക്കുമൂര്ച്ച കൂട്ടി
ഞാന്‍ തന്നെ എന്നെ ബലി കൊടുത്തു” എന്ന് ‘വെട്ടുവഴിക്കവിതകള്‍’ എന്ന സമാഹാരത്തില്‍ സച്ചിദാനന്ദന് എഴുതിയത് എത്ര ശരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: