തിരുവനന്തപുരം: ഡ്രൈവറെക്കൊണ്ട് ചെരുപ്പഴിച്ച സംഭവത്തില്‍ വിശദീകരണവുമായി സ്പീക്കര്‍ എന്‍.ശക്തന് രംഗത്ത്. തന്റെ കണ്ണിനു ഗുരുതര അസുഖമുണ്ടെന്നും കുനിയരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതുകൊണ്ടാണ് ചെരുപ്പഴിപ്പിക്കാന് ഡ്രൈവറുടെ സഹായം തേടിയതെന്നും സ്പീക്കര്‍ വിശദീകരിച്ചു.
വളരെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ അസുഖമാണ് തനിക്കുള്ളത്. കണ്ണിലെ ഞരമ്പ് പൊട്ടുകയും രക്തം വരുകയും ചെയ്യുന്ന അസുഖമാണിത്. ഡ്രൈവറായ ബിജു തന്റെ അടുത്ത ബന്ധുവാണ്. അസുഖം വന്നപ്പോള്‍ മുതല്‍ ബിജു തന്റെ സഹായിയും ഡ്രൈവറുമാണെന്നും വിവാദത്തോട് പ്രതികരിച്ച് സ്പീക്കര്‍ പറഞ്ഞു.
ഡോക്ടര്‍മാരുടെ കൃത്യമായ നിര്‍ദേശത്തിലാണ് ജീവിക്കുന്നത്. മൂന്നു കാര്യങ്ങളാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. ഒരു കാരണവശാലും കുനിയരുത്, കൈ കൊണ്ട് ഭാരമുള്ള വസ്തുക്കള്‍ ഒന്നും എടുക്കരുത്, കണ്ണില്‍ വെയില് അടിക്കാന്‍ പാടില്ല എന്നിവയാണ് ഇത്. ഈ പറഞ്ഞ കാര്യങ്ങളില്‍ നിന്നും എന്തെങ്കിലും തെറ്റിച്ചാല്‍ അസുഖം കൂടുതലാവുകയും കണ്ണില്‍ നിന്നും രക്തം വരുകയും ചെയ്തിട്ടുണ്ടെന്നും ശക്തന് വിശദീകരിക്കുന്നു.
അസുഖമുള്ള കാര്യം രാഷ്ട്രീയത്തിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് അറിയാം. നെല്ലു കൊയ്യാന്‍ പോകുന്ന പരിപാടി ആയതിനാല്‍ ചെരുപ്പ് അഴിക്കേണ്ടിവരുമെന്ന് കരുതിയിരുന്നില്ല. എന്നാല്‍ ഇന്നലെ കൊയ്ത്ത് കഴിഞ്ഞ് കറ്റ മെതിക്കാന്‍ പോയപ്പോഴാണ് ചെരുപ്പ് അഴിക്കേണ്ടിവരുമെന്ന് മനസിലായത്. അതിനാലാണ് ചെരുപ്പ് അഴിച്ചത്. ഇതിനെ സഹായിക്കാനാണ് ബിജു ഇടപെട്ടത്. ഞാന്‍ അവശ്യപ്പെട്ടില്ല അദ്ദേഹം വന്നത്. വളരെ നിസാരമായ കാര്യമാണിത്. ബോധപൂര്‍വം ചെയ്തതല്ല.
ഇന്നലെ പരിപാടിക്കെത്തിയപ്പോള്‍ നെല്ല് കൊയ്യാന്‍ കുനിഞ്ഞില്ലെയന്നു മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ വളരെ കുറച്ച് മാത്രമാണ് കുനിഞ്ഞതെന്നാണ് മന്ത്രി മറുപടി പറഞ്ഞത്. മുന്‍പും സമാനമായ രീതിയില്‍ അധികം കുനിയാതെ പരിപാടികളില്‍ പങ്കെടുത്തിരുന്നുവെന്ന് സ്പീക്കര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: