ഗുവാഹതി: ആദ്യ രണ്ട് മത്സരങ്ങളും തോറ്റ് പ്രതിസന്ധിയിലായ നോര്‍ത്ത്ഈസ്റ്റ് യുണൈറ്റഡിന് ഇന്ന് തട്ടകത്തില്‍ കന്നി അങ്കം. എതിരാളികള്‍ കരുത്തരായ എഫ്സി ഗോവ. എതിരാളിയുടെ വലുപ്പമൊന്നും ഇന്ന് ജോണ്‍ എബ്രഹാമിന്റെ സംഘത്തെ പേടിപ്പിക്കില്ല. കാരണം, മുന്നോട്ടുള്ള പോക്കിന് ജയം അത്രമേല്‍ അനിവാര്യം.
പ്രതിഭകളുടെ സംഘമായിട്ടും അതിനൊത്ത ശൗര്യം കളിക്കളത്തില്‍ കാണിക്കാനാകുന്നില്ലെന്നതാണ് വടക്കുകിഴക്കിന്റെ മുത്തുകളെ അലോസരപ്പെടുത്തുന്നത്. ആദ്യ കളിയില്‍ കേരള ബ്ലാസ്റ്റേഴ്സിനോട് ഒപ്പത്തിനൊപ്പം പൊരുതിയെങ്കിലും 3-1ന് തോറ്റു. രണ്ടാമത്തേതില്‍ പൂനെയുടെ കരുത്തിനു മുന്നിലും അടിയറവു പറഞ്ഞു. സെല്‍ഫ് ഗോളിലാണ് പൂനെയോട് തോറ്റത്. ഗോവയാകട്ടെ സ്വന്തം മൈതാനത്ത് ചെന്നൈയിന് എഫ്സിയോട് അപ്രതീക്ഷിതമായി തകര്‍ന്നടിഞ്ഞതിന്റെ ഞെട്ടലില്‍. മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കാണ് ഗോവ തകര്‍ന്നത്. അതില്‍ നിന്നുള്ള മുക്തിയാണ് ഗുവാഹതിയില്‍ അവര്‍ ലക്ഷ്യമിടുന്നതും.
മികച്ച പന്തടക്കവും ഗോളിലേക്കുള്ള മുന്നേറ്റവുമെല്ലാമുണ്ടെങ്കിലും സ്ട്രൈക്കര്‍മാരുടെ ലക്ഷ്യബോധമില്ലായ്മ അവരെ നോര്‍ത്ത് ഈസ്റ്റിനെ പ്രതിസന്ധിയിലാക്കുന്നു. കഴിഞ്ഞ കളികളില്‍ മുന്നേറ്റത്തില്‍ ഇറങ്ങിയ അര്‍ജന്റീന താരം നിക്കോളാസ് വെലസ് തുറന്ന അവസരങ്ങള്‍ പോലും തുലച്ചു. എന്നാല്‍, വെലസ് ഇന്നും ആദ്യ ഇലവനില്‍ ഇടംപിടിക്കും. ഘാന സ്ട്രൈക്കര്‍ ഫ്രാന്‍സിസ് ഡഡ്സിയോ, ഇന്ത്യന്‍ താരം ബോയ്താങ് ഹോകിപോ എന്നിവരിലൊരാളാകും മുന്നേറ്റത്തില്‍ വെലസിന് കൂട്ട്. മധ്യനിരയില്‍ മാര്‍ക്വീ താരം സബ്രോസ ഇറങ്ങിയേക്കും. ഡിയോമാന്‍സി കമാറയാകും തുണ. ഇന്ത്യന്‍ താരം സെയ്ത്യാസെന്‍ സിങ്, സിയാം ഹാങ്ഗല്‍, സഞ്ജു പ്രധാന് എന്നിവരിലൊരാളും ആദ്യ ഇലവനില്‍ ഇടംപിടിക്കും. പകരക്കാരായി ബ്രൂണോ ഹെരേരോ, സിലാസ് തുടങ്ങിയവരും. പ്രതിരോധത്തില്‍ സെഡ്രിക് ഹെങ്ബാര്ട്ടിനും മിഗ്വേല്‍ ഗാര്ഷ്യയ്ക്കുമൊപ്പം സോഹ്മിംഗ്ലിയാന രാള്ട്ടെയോ, റീഗന് സിങോ ഇറങ്ങിയേക്കും.
ബ്ലാസ്റ്റേഴ്സിനെതിരെ ടീം ആള്‍ക്കൂട്ടം മാത്രമായിരുന്നു. താരങ്ങള്‍ തിളങ്ങിയെങ്കിലും ടീമെന്ന നിലയില്‍ പരാജയം. കുറവുകളെല്ലാം നികത്തി വിജയം ലക്ഷ്യമിട്ടാകും സെസാര്‍ ഫാരിയാസ് ടീമിനെ കളത്തിലിറക്കുക.
താരങ്ങളുടെ പ്രശസ്തി കളിക്കളത്തില്‍ പ്രകടിപ്പിക്കാനായിട്ടില്ല ഗോവയ്ക്ക്. ആദ്യ മൂന്നു ഹോം മത്സരങ്ങള്‍ക്കു ശേഷമാണ് ഗോവ എവേ പോരാട്ടത്തിന് ബൂട്ടണിയുന്നത്. ആദ്യ കളിയില്‍ ദല്‍ഹി ഡൈനാമോസിനെ 2-0ന് തകര്‍ത്ത് തുടങ്ങിയ ഗോവ, രണ്ടാമത്തേതില്‍ അത്ലറ്റികോ കൊല്‍ക്കത്തയോട് 1-1ന് സമനിലയില്‍ കുരുങ്ങി. എന്നാല്‍, കഴിഞ്ഞ കഴിയില് ചെന്നൈയിനോടേറ്റ തോല്‍വി ഗോവയുടെ ആത്മവിശ്വാസം നഷ്ടമാക്കി. പ്രതിരോധത്തിലെ പാളിച്ചകള്‍ വിനയായി. ബ്രസീലിന്റെ ലൂസിയോയും ഫ്രഞ്ച് താരം ഗ്രിഗറി അര്‍നോലിനും ഇന്ത്യന്‍ താരങ്ങളായ കീനന്‍ അല്‍മേഡയും ദേബ്രത റോയിയും പ്രതിരോധത്തില്‍ കോട്ടകെട്ടിയിട്ടും എലാനോക്കും കൂട്ടര്‍ക്കും മുമ്പില്‍ തകര്‍ന്നടിഞ്ഞത് കോച്ച് സീക്കോയെ ഇരുത്തിചിന്തിപ്പിക്കും.
രണ്ട് മത്സരങ്ങളില്‍ 4-2-3-1 ശൈലിയിലും ദല്‍ഹി ഡൈനാമോസിനെതിരെ 4-1-4-1 ശൈലിയിലുമായിരുന്നു സീക്കോ ടീമിനെ വിന്യസിച്ചത്. ഇന്നും 4-2-3-1 ശൈലിയില്‍ ഇറങ്ങാന്‍ സാധ്യത. മധ്യനിരിയില്‍ ബ്രസീലിയന്‍ താരം മൗറ ലോറയും സ്പാനിഷ് താരം ജോഫ്രെയും നിറഞ്ഞുകളിക്കുന്നു. കഴിഞ്ഞ മൂന്ന് കളിയിലും ആദ്യ ഇലവനില്‍ ഇറങ്ങിയ മലയാളി താരം ഡെന്‍സണ്‍ ദേവദാസ് ഇന്നും ഇറങ്ങാനാണ് സാധ്യത. മറ്റൊരു മലയാളി സി.എസ്. സബീത്ത് പകരക്കാരനായി കളത്തിലിറങ്ങിയേക്കും. സ്ട്രൈക്കറായി ബ്രസീലിയന്‍ താരം റെയ്നാള്ഡോയോ വിക്ടര്‍ സിമോസോയോ ഇറങ്ങും. കഴിഞ്ഞ മൂന്ന് കളികളിലും റെയ്നാള്ഡോയായിരുന്നു സ്ട്രൈക്കര്‍. ഗോള്‍വലയ്ക്ക് മുന്നില്‍ കഴിഞ്ഞ മൂന്ന് കളികളിലും നിന്ന എലിന്‍ടണ്‍ ആന്ദ്രെ തന്നെയായിരിക്കും.
കഴിഞ്ഞ വര്‍ഷം ഗുവാഹത്തിയില്‍ 1-1ന് സമനിലയില്‍ പിരിഞ്ഞപ്പോള്‍, സ്വന്തം മണ്ണില്‍ ഗോവ 3-0ന് ജയിച്ചു. പരാജയങ്ങളുടെ ഞെട്ടല്‍ മറന്ന് നോര്‍ത്ത് ഈസ്റ്റും, കഴിഞ്ഞ മത്സരത്തിലെ കനത്ത തോല്‍വി മറക്കാന്‍ ഗോവയും ഗുവാഹതിയിലെ ഇന്ദിരാഗാന്ധി അത്ലറ്റിക് സ്റ്റേഡിയത്തില്‍ ബൂട്ടണിയുമ്പോള്‍ ആരാധകരും പ്രതീക്ഷയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: