കൊച്ചി: നഗരമധ്യത്തില്‍ മൂന്ന് തമിഴ് തൊഴിലാളികളെ മുറിയില്‍ പൂട്ടിയിട്ട് തീവച്ചു കൊന്ന കേസിലെ പ്രതിക്ക് വധശിക്ഷ വിധിച്ചു. കരാറുകാരനായ തമിഴ്നാട് സ്വദേശി തോമസ് ആല്‍വ എഡിസനെ (29) യാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഇ.എം ഇബ്രാഹിം വധശിക്ഷക്ക് വിധിച്ചത്. അത്യപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസാണിതെന്നും പ്രതിയെ സമൂഹത്തില്‍ ജീവിക്കാന്‍ അനുവദിച്ചാല്‍ മാനസിക പരിവര്‍ത്തനത്തിന് ഇടയില്ലെന്നും വ്യക്തമാക്കിയാണ് വധശിക്ഷ നല്കാന് കോടതി ഉത്തരവിട്ടത്.
തമിഴ്നാട് തൂത്തുക്കുടി സ്വദേശികളായ ഭാസി (24), വിജയ് (24), സുരേഷ് (25) എന്നിവരെയാണ് കരാറുകാരനായ പ്രതി നഗരത്തിലെ ഓള്‍ഡ് റെയില്‍വേ സ്റ്റേഷന് റോഡിലെ സ്വകാര്യ ലോഡ്ജ് മുറിയില്‍ പൂട്ടിയിട്ട് പെട്രോള്‍ ഒഴിച്ച് തീ വച്ച് കൊന്നത്. 2009 ഫെബ്രുവരി 21 നാണ് കൊലപാതകം. വാഗ്ദാനം നല്കിയ കൂലി നല്‍കാത്തത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് വാക്കേറ്റം ഉണ്ടായെന്നും തുടര്‍ന്ന് പുറത്തു പോയ പ്രതി രാത്രി ഒരു മണിയോടെ തിരിച്ചെത്തി ഉറങ്ങിക്കിടന്ന തൊഴിലാളികളുടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീവച്ചു കൊലപ്പെടുത്തിയെന്നുമാണ് കേസ്. ഉടന്‍ പുറത്തിറങ്ങിയ പ്രതി മുറി പുറത്തു നിന്നും പൂട്ടുകയും ചെയ്തു.
മുറിയില്‍ നിന്നും പുറത്തിറങ്ങുന്നതിനിടെ പ്രതിക്കും പൊള്ളലേറ്റിരുന്നു. പതിനാലായിരത്തോളം രൂപ തൊഴിലാളികള്‍ക്ക് കുടിശിക നല്‍കാനുണ്ടായിരുന്നു.
ഭാര്യയും മാതാപിതാക്കളുമടങ്ങിയ കുടുംബത്തെ സംരക്ഷിക്കാന്‍ താന്‍ മാത്രമേ ഉള്ളൂവെന്നും ദയ കാണിക്കണമെന്നും പ്രതി കോടതിയില്‍ ആവശ്യപ്പെട്ടുവെങ്കിലും ദയ അര്‍ഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി പ്രതിക്ക് വധശിക്ഷ നല്കി വിധി പ്രസ്താവിക്കുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രേംസണ്‍ പോള്‍ മാഞ്ഞാമറ്റം പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും ഇയാള്‍ ദയ അര്‍ഹിക്കുന്നില്ലെന്നും ബോധിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: