കോട്ടയം: ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചു. കഴിഞ്ഞ ദിവസം ഗാന്ധിനഗര്‍ ഭാഗത്ത് കാറിലെത്തി സ്ഫോടകവസ്തുക്കള്‍ പൊട്ടിച്ചും മാരകായുധങ്ങള്‍ ഉപയോഗിച്ചും ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തില്‍ ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന നാലംഗ ക്വട്ടേഷന്‍ സംഘത്തില്‍ ഒരാളായ മിഥുന് തോമസാണ് ജയില്‍ ഉദ്യോഗസ്ഥരെ അക്രമിച്ചത്. അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ പ്രമോദിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. പ്രമോദിനെ കോട്ടയം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പ്രതിയെ ജയില്‍ സൂപ്രണ്ടിന് മുന്നില്‍ ഹാജരാക്കാനായി വിളിച്ചപ്പോഴായിരുന്നു ആക്രമണം നടന്നത്. പ്രതി യാതൊരു പ്രകോപനം കൂടാതെയാണ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തത്. തടയാന്‍ ചെന്ന മറ്റ് ഉദ്യോഗസ്ഥരെയും പ്രതി അക്രമിച്ചു. അറസ്റ്റിലായ ദിവസം രാത്രി ജയിലില്‍ കൊണ്ടുവന്നപ്പോള്‍ ഒരു സെല്ലില്‍ താമസിപ്പിക്കണം എന്നാവശ്യപ്പെട്ട് പ്രതികള്‍ ബഹളമുണ്ടാക്കുകയും ജയില്‍ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ജയില്‍ അധികൃതര്‍ ഇതിന് സമ്മതിച്ചില്ല. ഇക്കാരണത്താലാണ്് പ്രതി അക്രമണം നടത്തിയത്. പരിക്കേറ്റ് ജില്ലാ ആശുപത്രിയില്‍ കഴിയുന്ന പ്രമോദിനെ ജയില്‍ അധികൃതര്‍ സന്ദര്‍ശിച്ചു. ചങ്ങനാശ്ശേരി ഇളങ്കാവ് അമ്പലത്തിനു സമീപം വടക്കേക്കുറ്റ് വീട്ടില്‍ മിഥുന് തോമസ്(27) നെ നിലവില്‍ നാടന്‍ ബോംബെറിഞ്ഞ് ആക്രമണം നടത്തിയ കേസും അതോടൊപ്പം സംഭവസ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവറെയും പിതാവിനെയും മര്‍ദ്ദിച്ച കേസുമാണ് ചാര്‍ജ് ചെയ്തിരുന്നത്. അക്രമം നടത്തിയതോടെ ജയില്‍ ഉദ്യോഗസ്ഥനെ ആക്രമിച്ചകേസും ഇയാള്‍ക്കെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്തു. കുമാരനെല്ലൂര്‍ വല്യാലുംചുവട് ഭാഗത്ത് പരിയത്തുകാലായില് വീട്ടില്‍ വിനോദ്(33), പള്ളിപ്പുറം ഭാഗത്ത് കുരുന്നനക്കാലാ വീട്ടില്‍ ബിജു സുകുമാരന്‍(35), പെരുമ്പായിക്കാട് സ്വദേശിയും ചിലമ്പട്ടുശ്ശേരി വീട്ടില്‍ ജിന്‍സ് മോന് ജോസഫ്(34), എന്നിവരാണ് മിഥുന്റെ ഒപ്പം പിടിയിലായവര്‍. നിരവധി പൊലീസ് സ്റ്റേഷനുകള്‍ ഇവര്‍ക്കെരിരെ കേസുകളുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജിന് സമീപം നാടന്‍ ബോംബെറിഞ്ഞ് ആക്രമണം നടത്തിയതിനുശേഷം വാടകയ്ക്കെടുത്ത കാറില്‍ രക്ഷപെട്ട ഗുണ്ടാ സംഘത്തെ അര്‍ഥരാത്രിയില്‍ പോലീസ് കീഴ്പ്പെടുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: