കണ്ണൂര്‍: ഘടകകക്ഷികള്‍ എന്ന നിലിയില്‍ എല്‍ഡിഎഫിലെ പാര്‍ട്ടികള്‍ക്ക് വീതിച്ചു നല്കിയ സീറ്റുകളില്‍ സ്ഥാനാര്‍ത്ഥിയെ നിര്ത്തുന്നതുള്പ്പെടെയുളള കാര്യങ്ങളില്‍ മുന്നണിയിലെ വലിയ കക്ഷിയായ സിപിഎം നേതൃത്വം അനാവശ്യമായി ഇടപെടുന്നതില്‍ ഘടകകക്ഷികള്‍ക്കിടയില്‍ പ്രതിഷേധം ശക്തം. മാത്രമല്ല ജില്ലയിലെ പല സ്ഥലങ്ങളിലും സിപിഐ ഉള്‍പ്പെടെയുളള ഘടകകക്ഷികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതിരിക്കുകയും ആവശ്യമായ സീറ്റുകള്‍ എണ്ണവും നല്‍കാത്തതും ഘടകകക്ഷികളെ ചൊടിപ്പിക്കാന്‍ കാരണമായിട്ടുണ്ട്. പലയിടങ്ങളിലും ഘടകകക്ഷിയായ സിപിഐ ഉള്‍പ്പെടെ സിപിഎമ്മിനെതിരെ പത്രിക സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ജനതാദള്‍ എസിനും മറ്റും നല്കിയ സീറ്റില്‍ പാര്‍ട്ടി തീരുമാനിച്ച സ്ഥാനാര്‍ത്ഥികളെ ഒഴിവാക്കി സിപിഎം അനുഭാവികളും അവരുടെ ഇംഗിതത്തിന് വഴങ്ങി പ്രവര്‍ത്തിക്കുന്നവരുമായ ചിലരെ സ്വാതന്ത്ര സ്ഥാനാര്‍ത്ഥികളായി മത്സരിപ്പിക്കാന്‍ ഘടകകക്ഷികളെ നിര്‍ബന്ധിച്ചതും മുന്നണിക്കുളളില്‍ അപസ്വരത്തിന് കാരണമായിട്ടുണ്ട്. ഇത് തെരഞ്ഞെടുപ്പില്‍ ചില മേഖലയിലെങ്കിലും തിരിച്ചടിയുണ്ടാക്കുമെന്ന ആശങ്ക മുന്നണിക്കകത്ത് ഉയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസ് എസ്, എന്‍സിപി, ജെഎസ്എസ്, സിഎംപിയിലെ അരവിന്ദാക്ഷന് വിഭാഗം എന്നിവരെയെല്ലാം പല സ്ഥലങ്ങളിലും പൂര്‍ണ്ണമായും തഴഞ്ഞതായ ആരോപണം സിപിഎം നേതൃത്വത്തിനെതിരെ ഉയര്‍ന്നിട്ടുണ്ട്. പിണറായി പാനുണ്ടയില്‍ ഉള്‍പ്പെടെ ജില്ലയിലെ പല വാര്‍ഡുകളിലും ഘടകകക്ഷികള്‍ സ്വയമേവ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. മുന്നണിക്കകത്തെ പ്രശ്നങ്ങളെക്കുറിച്ചോ ഘടകകക്ഷികളുടെ ആവശ്യങ്ങളോ ഒന്നും തന്നെ പരിഗണിക്കാനോ ചര്‍ച്ച ചെയ്യാനോ പോലും സിപിഎം നേതൃത്വം തയ്യാറായിട്ടില്ലെന്ന് പ്രബല ഘടകകക്ഷി നേതാക്കള്‍ തന്നെ രഹസ്യമായി സമ്മതിക്കുന്നു. സിപിഎം നല്കുന്ന സീറ്റുകള്‍ വേണമെങ്കില്‍ എടുത്തുകൊളളുകയെന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിരിക്കുന്നതെന്നും ഇവര്‍ പറയുന്നു. ഐഎന്എല്ലിനെപ്പോലുളള ചില കക്ഷികള്‍ക്ക് അവരാവശ്യപ്പെടുന്നത് നല്കിയതും ചില ഘടക കക്ഷികളെ ചൊടിപ്പിച്ചിട്ടുണ്ട്. ന്യൂനപക്ഷ വോട്ടുബാങ്ക് ലക്ഷ്യംവെച്ച് നടത്തുന്ന നീക്കമാണിതിനു പിന്നിലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. പരാജയ സാധ്യതയുളള സീറ്റുകളാണ് ഘടകകക്ഷികള്‍ക്ക് നല്‍കിയതെന്ന ആരോപണവും മുന്നണിക്കുളളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. കൊലക്കേസ് പ്രതികളെ മത്സരിപ്പിക്കാനുളള നീക്കത്തിലും ഘടകകക്ഷികളിലെ ചില പാര്‍ട്ടികളുടെ നേതാക്കള്‍ക്കിടയില്‍ പ്രതിഷേധമുണ്ട്. സിപിഎമ്മിന്റെ നടപടി മുന്നണിക്കെതിരായ വികാരം പല മേഖലകളിലും ഉണ്ടാക്കുമെന്ന് അഭിപ്രായം മുന്നണിക്കകത്ത് ഉയര്‍ന്നിട്ടുണ്ട്. ഫസല്‍ വധക്കേസ് പ്രതികളെ മത്സരിപ്പിച്ചതിലൂടെ തലശ്ശേരി മേഖലയില്‍ ന്യൂനപക്ഷ സമുദായം മുന്നണിക്കെതിരെ തിരയുമെന്നും ഇത് മുന്നണിക്ക് കനത്ത തിരിച്ചടിയാകുമെന്നും ഘടകകക്ഷികള്ക്കുളളില് ചര്‍ച്ച ആരംഭിച്ചിട്ടുണ്ട്. മുന്നണിക്ക് നേതൃത്വം നല്കുന്ന സിപിഎമ്മിന്റെ ഏകപക്ഷീയമായ നടപടികളില്‍ മുന്നണിക്കകത്ത് ഉണ്ടായിരിക്കുന്ന വികാരം ജില്ലയിലെ പലയിടങ്ങളിലും എല്‍ഡിഎഫിന്റെ ജയപരാജയങ്ങളെ നിര്‍ണ്ണയിക്കുന്ന സ്ഥിതിയാണ് നിലവിലുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: