ആലപ്പുഴ: മാന്നാറില്‍ സിപിഎമ്മിലെ കടുത്ത വിഭാഗീയതയെ തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് സീറ്റ് ബാലകൃഷ്ണപിളളയുടെ പാര്‍ട്ടിയായ കേരളാ കോണ്‍ഗ്രസ്-ബിയ്‌ക്ക് നല്‍കി സിപിഎം ജില്ലാ നേതൃത്വം തലയൂരിയെങ്കിലും പ്രാദേശികതലത്തിലുണ്ടായ പൊട്ടിത്തെറി തലവേദനയായി.
വി എസിനെ പങ്കെടുപ്പിച്ച് സിപിഎമ്മില്‍ വിഭാഗീയതയ്‌ക്ക് ആക്കം കൂട്ടിയ മാന്നാറില്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് ഇക്കുറി സീറ്റ് നല്‍കിയില്ല. വിഭാഗീയതയുടെ പേരില്‍ നിരവധിപ്പേര്‍ക്കെതിരെ നടപടിയും എടുത്തിരുന്നു. പരസ്പരം കാലുവാരലും ഗ്രൂപ്പ് പോരും ഉടലെടുക്കുമെന്ന് കണ്ടാണ് അടുത്തിടെ ഇടതുപക്ഷവുമായി സഹകരിക്കുന്ന പിളള ഗ്രൂപ്പിന് പാര്‍ട്ടി ടിക്കറ്റ് നല്‍കിയത്. എന്നാല്‍ ഇത് പ്രവര്‍ത്തകര്‍ തളളിക്കളഞ്ഞിരിക്കുകയാണ്.
പരാജയപ്പെട്ടാലും പാര്‍ട്ടി തന്നെ അവിടെ മത്സരിക്കണമെന്നും ഇന്നലെ കയറി വന്ന കേരളാ കോണ്‍ഗ്രസ്-ബിയ്‌ക്ക് സീറ്റ് നല്‍കിയത് അംഗീകരിക്കാന്‍ കഴിയില്ലെന്നുമാണ് പ്രവര്‍ത്തകര്‍ പറയുന്നത്. ധാരണപ്രകാരമാണെങ്കില്‍ ഏതെങ്കിലും പഞ്ചായത്ത് വാര്‍ഡില്‍ കൊടുത്താല്‍ മതിയായിരുന്നെന്നും ജില്ലയില്‍ ഈ പാര്‍ട്ടിയ്‌ക്ക് വേരോട്ടമില്ലെന്നുമാണ് സിപി എം പ്രാദേശിക നേതാക്കള്‍ പറയുന്നത്.
യൂത്ത് ഫ്രണ്ട്-സംസ്ഥാന സെക്രട്ടറി തോമസ് കെ. വര്‍ഗ്ഗീസാണ് മാന്നാര്‍ ഡിവിഷനില്‍ നിന്നും ജില്ലാ പഞ്ചായത്തിലേയ്‌ക്ക് മത്സരിക്കുന്നത്.
















