കോഴഞ്ചേരി: ആറന്മുള വിമാനത്താവളത്തിനായി നികത്തിയ പാടത്തെ കരിമാരം തോടിന്റെ പുനര്‍നിര്‍മ്മാണം മുടങ്ങി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സെപ്തംബര്‍ മാസവസാനത്തോടെ തോടുകള്‍ പൂര്‍വ്വ സ്ഥിതിയിലാക്കേണ്ടതായിരുന്നു. എന്നാല്‍ അനുവദിച്ച സമയം അവസാനിച്ചിട്ടും പകുതി ജോലികള്‍ മാത്രമാണ് ഇതുവരെ നടന്നത്.
ഇനിയും മണ്ണെടുത്താല്‍ ഇടാനുള്ള സ്ഥലമില്ലന്നുള്ള കാരണം പറഞ്ഞാണ് ഇപ്പോള്‍ പണികള്‍ നിര്‍ത്തി വെച്ചിരിക്കുന്നത്. പുറത്തു നിന്നുള്ള ആരെങ്കിലും ഇനി മണ്ണ് ആവശ്യപെട്ടാല്‍ മാത്രമെ പണികള്‍ തുടങ്ങാന്‍ സാധിക്കു എന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ മണ്ണ് ആവശ്യപ്പെട്ട് നാലോളം അപേക്ഷകള്‍ പത്തനംതിട്ട ജില്ലാ കളക്ടറുടെ ഓഫീസില്‍ എത്തിയെങ്കിലും ഇതുവരെ തീരുമാനമാനമെടുക്കാന് ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ലെന്നും ആക്ഷേപമുണ്ട്.
പുനരുദ്ധാരണത്തിന്റെ തുടക്കത്തില്‍ തന്നെ കോടതി ഉത്തരവിനെ മറികടക്കാനുള്ള ശ്രമമുള്ളതായി ആരോപണമുയര്‍ന്നിരുന്നു. കേവലം ഒരു ടിപ്പറും ജെസിബിയും മാത്രമുപയോഗിച്ചാണ് മണ്ണെടുത്തു കൊണ്ടിരുന്നത്. 40 അടി വീതിയില്‍ 1500 മീറ്റര്‍ നീളത്തില്‍ ഉണ്ടായിരുന്ന തോടാണ് പുനര്‍നിര്‍മ്മിക്കേണ്ടത്.അതിനായി ദിവസേന 100 ലോഡു വീതം മണ്ണ് മാറ്റിയെങ്കില്‍ മാത്രമേ കോടതി പറഞ്ഞ സമയ പരിധിക്കുള്ളില്‍ തോട് പൂര്‍വ്വസ്ഥിതിയില്‍ എത്തിക്കാന്‍ കഴിമായിരുന്നൊള്ളു. എന്നാല്‍ 30 ലോഡു മാത്രമാണ് ഇതുവരെ മാറ്റിയത്. ഓഗസ്റ്റ് പകുതിയോടെ പണികള്‍ താല്‍ക്കാലികമായി നിര്‍ത്തി വെയ്ക്കുകയും കഴിഞ്ഞ മാസം വാഹനങ്ങള്‍ അവിടെ നിന്നും മാറ്റി പണികള്‍ പൂര്‍ണ്ണമായും അവസാനിപ്പിക്കുകയുമായിരുന്നു.
ആറന്മുള വിമാനത്താളത്തിനു വേണ്ടിയാണ് കരിമാരന്‍ തോടും കൈവഴികളും കുന്നിടിച്ച് നികത്തിയത്. പിന്നീടുണ്ടായ പ്രക്ഷോഭത്തെ തുടര്‍ന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.അതോടപ്പം നികത്തിയ തോടുകള്‍ പൂര്‍വ്വ സ്ഥിതിലാക്കണമെന്നും കൃഷികള്‍ പുനരാരംഭിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: