കാണ്‍പൂര്‍: ക്രിക്കറ്റ് കളിത്തട്ടില്‍ ഇന്ത്യയുടെ കഥ മാറ്റമില്ലാതെ തുടരുന്നു. അവസാന നിമിഷങ്ങളില്‍ കലമുടയ്ക്കുന്ന സമീപനം ഗ്രീന്‍ പാര്‍ക്കിലും ആവര്‍ത്തിച്ചപ്പോള്‍ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് അഞ്ചു റണ്‍ തോല്‍വി. ഇതോടെ ദക്ഷിണാഫ്രിക്കന്‍ ദേശീയ ടീമിനോട് മൂന്നു മത്സരം കളിച്ചിട്ടും ജയം മാത്രം ഇന്ത്യയുടെ വഴിയിലെത്തിയില്ല.
നായകന് എ.ബി. ഡിവില്ലേഴ്സിന്റെ കരുത്തില്‍ (73 പന്തില്‍ പുറത്താകാതെ 104) 303 എന്ന മികച്ച സ്കോര്‍ പടുത്തുയര്‍ത്തിയ സന്ദര്‍ശകര്‍ക്കെതിരെ രോഹിത് ശര്‍മയുടെ പോരാട്ടവീര്യത്തില്‍ (133 പന്തില്‍ 150) ജയത്തിനടുത്തു വരെയെത്തി ഇന്ത്യ. എന്നാല്‍, നാല്‍പ്പത്തിയേഴാം ഓവറില്‍ രോഹിത്തിനെ റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കി ഇമ്രാന് താഹിര്‍ സന്ദര്‍ശകരെ മത്സരത്തിലേക്ക് മടക്കിക്കൊണ്ടുവന്നു. ഡിവില്ലേഴ്സ് കളിയിലെ താരം.
ടോസ് നേടി ബാറ്റിങ് തുടങ്ങിയ ദക്ഷിണാഫ്രിക്കയെ ഡിവില്ലേഴ്സും ട്വന്റി20 നായകന് ഹാഫെ ഡ്യുപ്ലെസിസുമാണ് (62) ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്.
അഞ്ചു ഫോറും ആറു സിക്സറും പറത്തി ഡിവില്ലേഴ്സ് കരിയറിലെ ഇരുപതാം ശതകം കുറിച്ചു. ഇന്നിങ്സിലെ അവസാന പന്ത് ഗ്യാലറിയിലേക്ക് പറത്തിയാണ് നായകന് നൂറ് തികച്ചത്. 19 പന്തില്‍ പുറത്താകാതെ 35 റണ്‍സ് അടിച്ച ഫര്ഫാന് ബെഹര്‍ദെയ്ന്‍ സ്കോറിങ് വേഗമുയര്‍ത്തി. ഹാഷിം അംല (37), ക്വിന്റണ്‍ ഡി കോക്ക് (29) എന്നിവരും സംഭാവന നല്കി. ഇന്ത്യയ്ക്കായി അമിത മിശ്ര, ഉമേഷ് യാദവ് എന്നിവര്‍ രണ്ടു വീതവും, അശ്വിന് ഒന്നും വിക്കറ്റെടുത്തു. പരിക്കു മൂലം അശ്വിന് മുഴുവന്‍ ഓവറും എറിയാനാകാതിരുന്നതും തിരിച്ചടി.
ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയ്ക്ക് രോഹിതും ശിഖര്‍ ധവാനും (23) ഭേദപ്പെട്ട തുടക്കം നല്കി. ശിഖറിനു പകരമെത്തിയ അജിങ്ക്യ രഹാനെയ്ക്കൊപ്പം (60) ചേര്‍ന്നാണ് രോഹിത് ഇന്നിങ്സ് കെട്ടിപ്പടുത്തത്. രണ്ടാം വിക്കറ്റില്‍ 149 റണ്‍സ് ചേര്‍ത്തു കൂട്ടുകെട്ട്. ട്വന്റി20യില്‍ നിന്ന് മാറ്റിനിര്‍ത്തിയത് ചോദ്യം ചെയ്തു താരം ഈ പ്രകടനത്തിലൂടെ. വിരാട് (11) വീണ്ടും നിരാശപ്പെടുത്തി. ധോണിയും (31) കഴിവിനൊത്ത് ബാറ്റേന്തിയെങ്കിലും അവസാന ഓവറില്‍ മടങ്ങി.
ലോക ക്രിക്കറ്റിലെ മികച്ച ഫിനിഷറെന്ന പദവിക്ക് കോട്ടം തട്ടുന്ന രീതിയിലായിരുന്നു ഇന്ത്യന്‍ നായകന്റെ ഇന്നിങ്സ്. കാഗിസോ റബഡ എറിഞ്ഞ അവസാന ഓവറില്‍ നായകന് മടങ്ങി. റണ്ണുയര്‍ത്താനുള്ള ശ്രമത്തിനിടെ അവസാനം വിക്കറ്റുകള്‍ ഇടയ്ക്കിടെ പൊലിഞ്ഞു. ബാറ്റു കൊണ്ടും പന്തു കൊണ്ടും സ്റ്റുവര്‍ട്ട് ബിന്നി സമ്പൂര്‍ണ പരാജയമായതും തിരിച്ചടിയായി. സന്ദര്‍ശകര്‍ക്കായി റബഡ, താഹിര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തപ്പോള്‍, സ്റ്റെയ്ന്, ബെഹര്‍ദെയ്ന്‍, മോര്‍ക്കല്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ്. ട്വന്റി20 പരമ്പര നേടിക്കൊടുത്ത ജെ.പി. ഡുമിനി പരാജയമായി.
സ്കോര്‍ബോര്‍ഡ്
ദക്ഷിണാഫ്രിക്ക
ക്വിന്റണ്‍ ഡി കോക്ക് സി റെയ്ന ബി അശ്വിന് 29, ഹാഷിം അംല ബി മിശ്ര 37, ഹാഫെ ഡ്യുപ്ലെസിസ് എല്‍ബിഡബ്ല്യു ബി ഉമേഷ് 62, എ.ബി. ഡിവില്ലേഴ്സ് നോട്ടൗട്ട് 104, ഡേവിഡ് മില്ലര്‍ സ്റ്റംപ്ഡ് ധോണി ബി ഉമേഷ് 13, ജെ.പി. ഡുമിനി സി ധോണി ബി ഉമേഷ് 15, ഫര്ഹാന് ബെഹര്‍ദെയ്ന്‍ നോട്ടൗട്ട് 35, എക്സ്ട്രാസ് എട്ട്, ആകെ 50 ഓവറില്‍ അഞ്ചു വിക്കറ്റിന് 303.
വിക്കറ്റ് വീഴ്ച: 1-45, 2-104, 3-152, 4-197, 5-238.
ബൗളിങ്: ഭുവനേശ്വര്‍ കുമാര്‍ 10-0-67-0, ഉമേഷ് യാദവ് 10-0-71-2, ആര്. അശ്വിന് 4.4-0-14-1, അമിത് മിശ്ര 10-0-47-2, സ്റ്റുവര്‍ട്ട് ബിന്നി 8-0-63-0, സുരേഷ് റെയ്ന 7-0-37-0, വിരാട് കോഹ്ലി 0.2-0-1-0.
ഇന്ത്യ
രോഹിത് ശര്‍മ സി ആന്‍ഡ് ബി താഹിര്‍ 150, ശിഖര്‍ ധവാന് എല്‍ബിഡബ്ല്യു ബി മോര്‍ക്കല്‍ 23, അജിങ്ക്യ രഹാനെ സി മില്ലര്‍ ബി ബെഹര്‍ദെയ്ന്‍ 60, വിരാട് കോഹ്ലി സി മോര്‍ക്കല്‍ ബി സ്റ്റെയ്ന് 11, എം.എസ്. ധോണി സി ആന്‍ഡ് ബി റബഡ 31, സുരേഷ് റെയ്ന സി ഡുമിനി ബി ഇമ്രാന് താഹിര്‍ 3, സ്റ്റുവര്‍ട്ട് ബിന്നി സി അംല ബി റബഡ 2, ഭുവനേശ്വര്‍ കുമാര്‍ നോട്ടൗട്ട് 1, അമിത് മിശ്ര നോട്ടൗട്ട് 0, എക്സ്ട്രാസ് 17, ആകെ 50 ഓവറില്‍ ഏഴു വിക്കറ്റിന് 298.
വിക്കറ്റ് വീഴ്ച: 1-42, 2-191, 3-214, 4-269, 5-273, 6-297, 7-297.
ബൗളിങ്: ഡെയ്ല്‍ സ്റ്റെയ്ന് 10-0-54-1, കാഗിസോ റബഡ 10-0-58-2, ഫര്ഹാന് ബെഹര്‍ദെയ്ന്‍ 6-0-38-1, മോണി മോര്‍ക്കല്‍ 10-0-51-1, ജെ.പി. ഡുമിനി 4-0-36-0, ഇമ്രാന് താഹിര്‍ 10-0-57-2.
പ്രതികരിക്കാൻ ഇവിടെ എഴുതുക: