ആരേയും കാത്തു നില്‍ക്കാതെ കടന്നു പോകുന്ന കാലത്തെ, ചിലരെങ്കിലും പ്രതിഭകൊണ്ട് പിടിച്ചു നിര്‍ത്താറുണ്ട്. അങ്ങനെ സ്വന്തം പേരുകൊണ്ട് കാലത്തെ അടയാളപ്പെടുത്തി കടന്നുപോകുകയായിരുന്നു, ഭാരതീയ സിനിമയിലെ ഇതിഹാസമായ, ബഹുഭാഷാ നടി മനോരമ.
തമിഴ് നടിയായി അറിയപ്പെടുകയും മലയാളം,തെലുങ്ക്,ഹിന്ദി തുടങ്ങിയ വിവിധ ഭാഷകളില്‍ മിന്നുകയും ചെയ്ത മനോരമ താരം, നടി എന്നിങ്ങനെയുള്ള വ്യാഖ്യാനങ്ങള്‍ക്കപ്പുറം സ്വ വ്യക്തിത്വം സിനിമയില്‍ മുതല്ക്കൂട്ടിയവരാണ്. അതുകൊണ്ടു തന്നെ തുടര്‍ന്നു പോരുന്ന നമ്മുടെ സിനിമാ പാരമ്പര്യ സങ്കല്പങ്ങള്ക്കതീതമാണ് മനോരമയുടെ ഇടം. ആയിരത്തിലധികം സിനിമകളിലും ആയിരത്തിലേറെ നാടകങ്ങളിലും മുന്നൂറ് സീരിയലുകളിലുമായി നിറഞ്ഞുനിന്ന മനോരമയുടേത് ഇനിയുമാര്‍ക്കും തകര്‍ക്കാനാവാത്ത റെക്കോഡാണ്.
നാടകത്തിലെ ഇരുത്തം സിനിമയിലെ പക്വതയാക്കിയ തമിഴരുടെ ഈ ആച്ചി പതിനെട്ടാം വയസില്‍ മാലൈയിട്ട മങ്കയിലൂടെ സിനിമയിലെത്തിയതിനുശേഷം മരിക്കും വരെ തമിഴ് സിനിമയിലെ എക്കാലത്തേയും വലിയ മങ്കയായിരുന്നു. സിനിമാവേഷങ്ങളില്‍ നിന്നിറങ്ങി വരുമ്പോഴും തമിഴന് യഥാര്‍ഥ അമ്മയും മുത്തശിയും പെങ്ങളുമായിരുന്നു മനോരമ. വേഷം അഴിച്ചുവെക്കുമ്പോള്‍ അവര്‍ സര്‍വ സാധാരണക്കാരിയായൊരു സ്ത്രീയായി മാറുന്നതു കൊണ്ടാവണം ഇത്തരം സ്വത്വങ്ങള്‍ അവരില്‍ കാണാന്‍ തമിഴരെ പ്രേരിപ്പിച്ചിരുന്നത്.
ഹാസ്യ നടിയായി വന്ന് പ്രേക്ഷനെ മനോരമ ചിരിപ്പിക്കുമ്പോള്‍ നീന്തിക്കടന്ന വലിയൊരു സങ്കടക്കടല്‍ അതിനു പിന്നിലുണ്ടായിരുന്നെന്ന് ആദ്യം ആരും അറിഞ്ഞിരുന്നില്ല. വിവിധ കാരണങ്ങള്‍കൊണ്ടുണ്ടാകുന്ന നര്‍മ്മത്തിന്റെ വിഭിന്ന ഭാവങ്ങളെല്ലാംതന്നെ ആ മുഖത്ത് സുരക്ഷിതമായിരുന്നു. ചിരിയും കരച്ചിലും ഗൗരവവുമൊക്കയായി വേഷങ്ങളില്‍ നിന്നും വേഷങ്ങളിലേക്കു ചുവടു മാറുമ്പോള്‍ സ്വകാര്യ ജീവിതത്തിലെ വ്യസനസമുച്ചയങ്ങളുടെ ഒറ്റപ്പെട്ട മുനമ്പിലെ ഏകാന്തതയില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു അവര്‍. ജീവിതത്തില്‍ പങ്കപ്പാടുകള്‍ ആസ്തിയായുള്ളതു കൊണ്ടാവണം ചെയ്ത വേഷങ്ങളും സത്യസന്ധമായത്.
പട്ടിണി സഹിക്ക വയ്യാതെ പന്ത്രണ്ടാം വയസില്‍, തഞ്ചാവൂരില്‍ നിന്നും നാടകത്തിലഭിനയിക്കാന്‍ പള്ളാത്തൂരിലെത്തിയപ്പോള്‍ തമിഴകത്തിന്റെ ആച്ചിയായിത്തീരുമെന്ന് മനോരമ സ്വപ്നം കണ്ടുകാണില്ല. നാടകത്തിലും സിനിമയിലും പാടിയും അഭിനയിച്ചും ജീവിതം അരങ്ങാക്കി മാറ്റിയ അവര്‍ മരണം വരെ അഭിനയിക്കണമെന്നു പറഞ്ഞത് മറ്റൊന്നും അറിയാത്തതു കൊണ്ടായിരുന്നിരിക്കണം. സിനിമയില്ലെങ്കില്‍ നാടകത്തിലഭിനയിക്കുമെന്നും നാടകമില്ലങ്കില്‍ തെരുവില്‍ പാട്ടു പാടുമെന്നും പ്രഖ്യാപിച്ച അവരുടെകൂടെയായിരുന്നു എന്നും കല.
രമിപ്പിക്കാന്‍ മനസിലേക്കോടിയെത്തി പ്രേക്ഷകനില്‍ മനോരമയായിത്തീര്ന്ന അവര്‍ സിനിമാ ജീവിതത്തിന്റെ മാതൃകാ പാഠമായിരുന്നു. സിനിമയില്‍ ഒരുവേഷവും ജീവിതത്തില്‍ അഹങ്കാരത്തിന്റേയും പൊങ്ങച്ചത്തിന്റേയും മറ്റൊരു വേഷവും കെട്ടി നടക്കുന്ന നമ്മുടെ ചില സിനിമക്കാര്‍ക്ക് മനോരമ എന്നത് രണ്ടു നേരം ഭജിക്കാവുന്ന മന്ത്രമാണ്. മരണത്തോടെ ചിലര്‍ മാഞ്ഞുപോകുമ്പോള് മനസില്‍ നിന്നും മാറാതെ മരണത്തേയും തോല്‍പ്പിക്കുന്ന ചിലരുണ്ടാകും. അവരില്‍ ഒരാളായി ഇപ്പോള്‍ മനോരമയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: