മലപ്പുറം: ഗുരുവായൂര്‍ ദേവസ്വത്തിന് കീഴില്‍ വെങ്ങാട് പ്രവര്‍ത്തിക്കുന്ന ഗോകുലത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ അധികൃതര്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്ന് സാമൂഹ്യപ്രവര്‍ത്തകരും ഹൈന്ദവ സംഘടനാ നേതാക്കളും വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഗോകുലം വെറുമൊരു ഫാം മാത്രമായാണ് സര്‍ക്കാര്‍ കാണുന്നത്. എന്നാല്‍ വിശ്വാസികളെ സംബന്ധിച്ച് ഭഗവാന്റെ സാന്നിദ്ധ്യമുള്ള ഇടവും ഗോമാതാവ് പവിത്രവുമാണ്. അതുകൊണ്ട് തന്നെ ഗോരക്ഷാ എന്നത് പവിത്രവും സംസ്കാരവുമാണ്. പക്ഷേ ഇന്ന് വെങ്ങാട് ഗോകുലത്തില്‍ വിശ്വാസ സംബന്ധമായ അന്തരീക്ഷം നിലനില്‍ക്കുന്നില്ലെന്നതാണ് സത്യം. ഇത് വിശ്വാസികളോട് കാണിക്കുന്ന അനീതിയാണ്.
1200 ഓളം പശുക്കള്‍ നിലവില്‍ ഗോകുലത്തിലുണ്ട്. 100 ഏക്കറോളം വരുന്ന ഭൂമിയുടെ ഭൂരിഭാഗവും കാടുമൂടിയ നിലയിലാണ്. ഇത്രയും വലിയ ജൈവസമ്പത്ത് വേലികെട്ടി സംരക്ഷിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഒരു കാവല്‍ക്കാരനെ പോലും ഇവിടെ നിയമിച്ചിട്ടില്ല. സമീപകാലത്ത് ഇവിടുത്തെ ധാരാളം ചന്ദനമരങ്ങള്‍ കളവ് പോയിരുന്നു. സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാത്തത് വലിയ വെല്ലുവിളിയാകുന്നു. പ്രധാന ഓഫീസിന് സമീപത്തായി ചന്ദനമരം പകുതി മുറിച്ച് കാതല്‍ പരിശോധിച്ചിട്ടുണ്ട്. സാമൂഹ്യവിരുദ്ധരുടെയും മോഷ്ടാക്കളുടെയും കേന്ദ്രമായി ഗോകുലം മാറുകയാണ്. ഗോകുലത്തെ അവഗണിക്കുന്ന അധികൃതരുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് ഹൈന്ദവ സംഘടനാ നേതാക്കള്‍ പറഞ്ഞു. പശുക്കളെ കെട്ടുന്നതിനായി സൗകര്യമുള്ള ഒരു തൊഴുത്തുപോലുമില്ല. മഴയും വെയിലുമേറ്റ് നില്ക്കുന്ന ഇവയുടെ ആരോഗ്യത്തെയും ഇത് ബാധിക്കുന്നു.
പരിശുദ്ധമായി സംരക്ഷിക്കേണ്ട ഗോകുലത്തില്‍ കാര്യക്ഷമമായി ഒരു വികസന പ്രവര്‍ത്തനങ്ങളും നടത്താന്‍ ദേവസ്വം ബോര്‍ഡോ സര്‍ക്കാരോ തയ്യാറായിട്ടില്ല. ഇവിടുത്തെ ഭൂപ്രകൃതി കണക്കിലെടുക്കാതെയാണ് തൊഴുത്ത് നിര്‍മ്മിച്ചിരിക്കുന്നത്. മേല്‍ക്കൂര ആസ്ബറ്റോസ് ഷീറ്റ് ഉപയോഗിച്ച് മേഞ്ഞിരിക്കുന്നതിനാല്‍ കഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്. ഓലപ്പുരകളുണ്ടെങ്കിലും മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള സൗകര്യമില്ല. തരംതിരിച്ച് പശുക്കളെ പാര്‍പ്പിക്കുവാന്‍ കഴിയുന്നില്ല. ജലസ്രോതസ്സായി മൂന്ന് കുഴല്‍ കിണറുകളാണുള്ളത്. ശാസ്ത്രീയമായ രീതിയില്‍ നിര്‍മ്മിച്ച മഴവെള്ള സംഭരണികളില്ല.
പശുക്കളുടെ ആരോഗ്യം നോക്കാനായി ആകെ മൂന്ന് വെറ്ററിനറി ഡോക്ടര്‍മാരാണുള്ളത്. ആശുപത്രിയോ മറ്റ് സൗകര്യമോ ഇല്ലാത്തതിനാല്‍ മരുന്നുകളും മറ്റും ശാസ്ത്രീയമായി സംരക്ഷിക്കാന്‍ സാധിക്കുന്നില്ല. ഏഴ് ഏക്കര്‍ സ്ഥലത്ത് മൂന്നുതരം തീറ്റപ്പുല്ല് കൃഷി ചെയ്യുന്നുണ്ട്. 1200 പശുക്കള്‍ക്ക് നല്കാന് ചുരുങ്ങിയത് 25 ഏക്കറിലെങ്കിലും പുല്‍കൃഷി വേണം. ഇപ്പോള്‍ തമിഴ്നാട്ടില്‍ നിന്ന് കൊണ്ടുവരുന്ന പുല്ലാണ് പശുക്കള്‍ക്ക് നല്‍കുന്നത്. ആവശ്യത്തിന് ഉദ്യോഗസ്ഥരോ ജീവനക്കാരോ ഇല്ലാത്തതാണ് മറ്റൊരു പ്രശ്നം. കോടികളുടെ വരുമാനം സര്‍ക്കാര്‍ ഖജനാവിലേക്ക് നല്കുന്ന ഗുരുവായൂര്‍ ദേവസ്വത്തിന്റെ കീഴിലെ ഗോകുലം ഇത്തരത്തില്‍ അവഗണിക്കുന്നത് ഖേദകരമാണ്. വാര്‍ത്താസമ്മേളനത്തില്‍ സാമൂഹ്യപ്രവര്‍ത്തകന്‍ അഡ്വ.രാജേഷ്.വി.പട്ടാമ്പി, വിഎച്ച്പി ജില്ലാ സംഘടനാ സെക്രട്ടറി വി.പി.വാസു, ബിജെപി കുറ്റിപ്പുറം പഞ്ചായത്ത് കമ്മറ്റി വൈസ്പ്രസിഡന്റ് കെ.വി.സജിത്ത്കുമാര്‍, ഇ.ശശിധരന്, പി.ചന്ദ്രന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: