ചെന്നൈ: പ്രമുഖ ചലച്ചിത്രതാരം മനോരമ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രി 11.30 ഓടെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 78 വയസ്സായിരുന്നു. ഇന്ന് ഉച്ചക്ക് ചെന്നൈയിലെ വസതിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും. വൈകിട്ട് ആറിന് ചെന്നൈ കണ്ണമ്മപ്പേട്ടില്‍ സംസ്കാരച്ചടങ്ങുകള്‍ നടക്കും.
1958 ലാണ് മനോരമ തമിഴ് സിനിമാ രംഗത്തേക്കു കടന്നു വരുന്നത്. മാലൈയിട്ട മങ്കൈ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ മനോരമ കൊഞ്ചം കുമരി (1963) എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായത്.
തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലായി ആയിരത്തിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് . നിരവധി നാടകങ്ങളിലും ടെലിവിഷന്‍ പരമ്പരകളിലും വേഷമിടുകയും 300ല്‍ അധികം ചിത്രങ്ങളില്‍ പിന്നണി പാടുകയും ചെയ്തിട്ടുണ്ട്്.
ആയിരത്തിലധികം ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയതോടെ ഗിന്നസ് ബുക്കിലും ഇടംപിടിച്ചു. തമിഴ്നാടിന്റെയും ആന്ധ്രപ്രദേശിന്റെയും അഞ്ച് മുഖ്യമന്ത്രിമാരുടെ കൂടെ മനോരമ വെള്ളിത്തിരയില്‍ എത്തിയിട്ടുണ്ട്. സിഎന്‍ അണ്ണാദുരൈ, എം കരുണാനിധി, എന്‍ടി രാമറാവു, എംജി രാമചന്ദ്രന് തുടങ്ങിയവരുടെ നായികയായി മികച്ച പ്രകടനം കാഴ്ച വെച്ചു. ജയലളിതയോടാപ്പവും അഭിനയിച്ചിട്ടുണ്ട്. ശിവാജി ഗണേശന്, രജനീകാന്ത്, കമാല്‍ഹാസന്‍ തുടങ്ങിയ പ്രമുഖരോടൊപ്പവും അഭിനയിച്ചിട്ടുണ്ട്. 2013ല്‍ പുറത്തിറങ്ങിയ സിങ്കം രണ്ട് ആണ് അവസാനമായി അഭിനയിച്ച ചിത്രം.
തമിഴിലായിരുന്നു കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചിരുന്നതെങ്കിലും മലയാളം, ഹിന്ദി, തെലുങ്ക് ഭാഷകളിലും മനോരമ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ആന വളര്‍ത്തിയ വാനമ്പാടി, വിദ്യാര്‍ത്ഥികളെ ഇതിലെ ഇതിലെ, ആണ്‍കിളിയുടെ താരാട്ട്, വീണ്ടും ലിസ, മില്ലേനിയം സ്റ്റാര്‍സ് തുടങ്ങിയവയാണ് ശ്രദ്ധേയമായ മലയാളം ചിത്രങ്ങള്‍.
ഗോപിശാന്ത എന്നായിരുന്നു മനോരമയുടെ യഥാര്‍ത്ഥ പേര്. തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ ജനനം. പന്ത്രണ്ടാം വയസ്സില്‍ അഭിനയരംഗത്തെത്തി. നാടകത്തിലൂടെയായിരുന്നു കലാജീവിതത്തിന്റെ തുടക്കം. 1958ല്‍ മാലയിട്ട മങ്കൈ എന്ന തമിഴ് ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി. 1968ലെ തില്ലാന മോഹനാംബാള്‍ എന്ന ചിത്രത്തിലെ പ്രകടനം കരിയറിലെ തന്നെ ഏറ്റവും മികച്ചതായി നിരൂപകര്‍ വാഴ്ത്തുന്നു.
1964ല്‍ നാടകട്രൂപ്പ് മാനേജരായിരുന്ന എസ്എം രാമനാഥനെ വിവാഹം കഴിച്ചു. എന്നാല്‍ രണ്ട് വര്‍ഷത്തിന് ശേഷം വിവാഹമോചിതയായി.നടനും ഗായകനുമായ ഭൂപതി മകനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: