തിരുവനന്തപുരം: നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന് ഇനി അഞ്ചു നാള് അവശേഷിക്കെ സ്ഥാനാര്‍ത്ഥികളുടെ അങ്കക്കളം വ്യക്തമാക്കാനാകാതെ ഇടതു-വലതു മുന്നണിനേതൃത്വം പതറുന്നു. ജില്ലയില്‍ 94 പത്രികകള്‍ ഇന്നലെ സമര്‍പ്പിച്ചു. ഗ്രാമ പഞ്ചായത്ത് 89, ബ്ലോക്ക് പഞ്ചായത്ത് 3, നഗരസഭ 2 എന്നിങ്ങനെയാണ് പത്രികകള്‍ സമര്‍പ്പിച്ചത്.
ഗ്രാമപഞ്ചായത്തുകളില്‍ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ഏറെക്കുറെ ധാരണായായിട്ടുണ്ടെങ്കിലും തിരുവനന്തപുരം നഗരസഭ, മുനിസിപ്പാലിറ്റികള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പുരോഗതി ഉണ്ടാക്കാന്‍ ഇരുപക്ഷത്തിനുമാകുന്നില്ല. സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പ് ഏറെക്കുറെ ധാരണയായിരുന്നു. എന്നാല്‍ എസ്എന്‍ഡിപി യോഗത്തിന്റെ കടന്നുവരവോടെ രാഷ്ട്രീയ കാലാവസ്ഥ മാറിമറിഞ്ഞതുമൂലം സ്ഥാനാര്‍ത്ഥികളെ മാറ്റി നിശ്ചയിക്കേണ്ടി വന്നു. ഇത് മുന്നണികള്‍ക്ക് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ചവര്‍ കീ-വോട്ടര്‍മാരെ നേരില്‍കണ്ട് ഒരു വട്ടം വോട്ട് അഭ്യര്‍ത്ഥിച്ചു കഴിഞ്ഞപ്പോഴായിരുന്ന കളത്തില്‍ നിന്നു പിന്‍വാങ്ങാന്‍ നേതൃത്വത്തിന്റെ അറിയിപ്പ്. ഒന്നുകില്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥി അല്ലെങ്കില്‍ റിബല്‍ എന്ന നിലയിലാണ് ഇക്കൂട്ടരുടെ നിലപാട്. അനുനയ ശ്രമങ്ങള്‍ കൊണ്ടുപിടിച്ച് നടക്കുന്നുണ്ടെങ്കിലും ശ്രമം വിഫലമാകുന്നു.
തിരുവനന്തപുരം നഗരസഭയില്‍ എല്‍ഡിഎഫില്‍ ഉടലെടുത്ത തര്‍ക്കം പരിഹരിക്കാന്‍ സംസ്ഥാന നേതൃത്വം ഇടപെട്ടെങ്കിലും ചര്‍ച്ചകള്‍ വഴിമുട്ടി. മേയര്‍ സ്ഥാനാര്‍ത്ഥിയെ ചൊല്ലി ഉണ്ടായ തര്‍ക്കം വാര്‍ഡിലേക്കും മാറി. ജയന്‍ബാബുവിനെ ഏക പക്ഷീയമായി മേയര്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയതോടെയാണ് പാര്‍ട്ടിയില്‍ പടയൊരുക്കം തുടങ്ങിയത്. വോട്ടര്‍മാരുടെ അഭിപ്രായം അറിയാന്‍ വാര്‍ഡുകള്‍ തോറും സ്ഥാനാര്‍ത്ഥി നിര്‍ദ്ദേശപെട്ടി സ്ഥാപിച്ചതും പാര്‍ട്ടിക്ക് തലവേദന രൂക്ഷമാകാന്‍ കാരണമായി. സംസ്ഥാന നേതാക്കളുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങി ജില്ലാ നേതൃത്വം ചിലര്‍ക്ക് വാര്‍ഡുകള്‍ മാറി മത്സരിക്കാന്‍ ഇടം നല്‍കിയത് നിര്‍ദ്ദേശ പെട്ടിയില്‍ നിന്നുള്ള വ്യതിചലനമായി കീഴ്ഘടകങ്ങള്‍ ആരോപിക്കുന്നു. ഇടതു മുന്നണിയിലെ വല്യേട്ടനായ സിപിഎമ്മിന്റെ ഇഷ്ടക്കാരെ മാത്രമേ ഘടകക്ഷികള്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കാവൂ എന്ന നിര്‍ദ്ദേശം ഘടകകക്ഷികളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്.
യുഡിഎഫിലെ ചര്‍ച്ച പാര്‍ട്ടി ഓഫീസുകളില്‍ നിന്നു മാറി വഴിയോരങ്ങളിലായി. തലസ്ഥാന നഗരിയില്‍ മുസ്ലീംലീഗ് ജയസാധ്യതയുള്ള സീറ്റുകള്‍ക്കായി പിടിമുറുക്കിയതോടെ ജില്ലാ നേതൃത്വം വെട്ടിലായി. കെപിസിസി ഇടപെട്ടാലെ പ്രശ്നം പരിഹരിക്കാന്‍ സാധിക്കൂ എന്ന നിലയിലേക്ക് തലസ്ഥാനത്തെ സീറ്റു വിഭജനം നീങ്ങുകയാണ്. ആദ്യഘട്ട സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തിയ ബിജെപി ബാക്കി സ്ഥാനാര്‍ത്ഥികളെ ഇന്നു പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: