പനമരം: നടവയല്‍ ആലുങ്ങത്താഴെ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടിടങ്ങളിലായി രണ്ടു പേര്‍ക്ക് പരിക്കേറ്റു. വെളുപ്പിന് ആറ് മണിയോടെയാണ് കാട്ടിനയിറങ്ങി പരിഭ്രാന്തി പടര്‍ത്തിയത്. ആനയുടെ ചവിട്ടേറ്റ് കായക്കുന്ന് ക്ഷീരോത്പാദക സഹകരണ സംഘം ജീവനക്കാരനായ ജോര്‍ജ്ജ് ഐമനക്കര (55), കാട്ടാനയെ കണ്ട് ഭയന്നോടിയ തൊട്ടാനിക്കല് ഏലിയാമ്മ (60) എന്നിവര്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ നടവയലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോര്‍ജ്ജ് കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത് അത്ഭുതകരമായാണ്. ഇന്നലെ രാവിലെ ആറ് മണിയോടെയാണ് സംഭവം. നെയ്ക്കുപ്പ വനമേഖലയോട് ചേര്‍ന്നാണ് നടവയല്‍ ആലുങ്കത്താഴെ പ്രദേശം. ഫോറസ്റ്റിനോട് ചേര്‍ന്ന് അഞ്ച് കിലോമീറ്റര്‍ ദൂരം മാത്രമാണ് ഈ പ്രദേശവുമായുള്ളത്. രണ്ട് സ്ഥലങ്ങളിലായാണ് ആനകളുടെ ആക്രമണമുണ്ടായത്. കാലത്ത് പാല് അളക്കാന്‍ വേണ്ടിയാണ് ജോര്‍ജ്ജ് ആലുങ്ങത്താഴെ ബസ്റ്റോപ്പിലെത്തിയത്. ഈ സമയം ആന ബസ്റ്റോപ്പിന് പിറകില്‍ നില്‍ക്കുന്നത് ജോര്‍ജ്ജിന്റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ജോര്‍ജ്ജിന് നേരെ ആന ചീറിയടുക്കുകയായിരുന്നു. പ്രാണനും കൊണ്ടോടിയ ജോര്‍ജ്ജിന് പിറകെ തന്നെ ആനയും ഓടി. ഓടുന്നതിനിടെ തൊട്ടടുത്ത റബ്ബര്‍ത്തോട്ടത്തിലെ മണ്തട്ടയില് ജോര്‍ജ്ജ് വീണതോടെ ആന കൊമ്പ് കൊണ്ട് കുത്താന്‍ ശ്രമിച്ചു. എന്നാല്‍ റബ്ബര്മരത്തിനാണ് കുത്തേറ്റത്. തുടര്‍ന്ന് ആന വേദനയോടെ തിരിഞ്ഞോടുകയായിരുന്നു. ഇതിനിടയിലാണ് ജോര്‍ജ്ജിന് നേരിയ രീതിയില്‍ ആനയുടെ ചവിട്ടേറ്റത്. ഈ സമയം തന്നെ കൂട്ടം തെറ്റിയ മറ്റൊരാന നടവയല്‍ പള്ളിയിറക്കത്തില് കള്ളുഷാപ്പിന് പിറകുവശത്ത് നിന്നും പള്ളിയിലേക്ക് വരികയായിരുന്നു തൊട്ടാനിക്കല് ഏലിക്കുട്ടിയുടെ നേരെ തിരിഞ്ഞത്. ആനയെ കണ്ട ഏലിക്കുട്ടി ഓടുന്നതിനിടെ കമ്പിവേലിയില്‍ തടഞ്ഞുവീണ് പരിക്കേല്‍ക്കുകയായിരുന്നു. സൊസൈറ്റിയില്‍ പാല് അളക്കാന്‍ വേണ്ടി ഇതിലൂടെ വരികയായിരുന്നവരുടെ ബഹളത്തെ തുടര്‍ന്ന് ആനകള്‍ തൊട്ടടുത്ത തോട്ടത്തിലേക്ക് മറയുകയായിരുന്നു. ചക്കിട്ട, പാതിരിയമ്പം എന്നീ വനമേഖലയില്‍ നിന്നാണ് ആനകള്‍ നടവയല്‍ ടൗണ്‍ വഴി ആലുങ്ങത്താഴെ എത്തിയത്. മാസങ്ങള്‍ക്ക് ശേഷം പ്രദേശത്ത് കാട്ടാനകളുടെ ശല്യം രൂക്ഷമായിട്ടുണ്ട്. റെയ്ഞ്ചര്‍ ഓഫീസര്‍ രഞ്ജിത്ത്, ഫോറസ്റ്റര്‍ മുസ്തഫ എന്നിവരുടെ നേതൃത്വത്തില്‍ ഫോറസ്റ്റ് അധികൃതര്‍ സ്ഥലത്തെത്തി ആനയെ കാട്ടിലേക്ക് തുരത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: