കൊച്ചി: രണ്ടു വര്‍ഷത്തിനകം കേരളം സമ്പൂര്‍ണ്ണ സ്മാര്‍ട്ട് ഫോണ്‍ സംസ്ഥാനമായി മാറുമെന്ന് ടെലികോം എന്‍ഫോഴ്സ്മെന്റ് റിസോഴ്സ് മോണിറ്ററിങ് സെല്‍ (ടോംസെല്) ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ വി. രഘുനന്ദന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്ലാ സേവന ദാതാക്കളും ചേര്‍ന്ന് ഫോര്‍ ജി ഉള്‍പ്പടെ 3.69കോടി മൊബൈല്‍ കണക്ക്ഷനുകള്‍ നല്‍കിക്കഴിഞ്ഞു. ഓരോ വര്‍ഷവും ശരാശരി 4.57ലക്ഷം അപേക്ഷകളാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്.
കേരളത്തില്‍ എല്ലാ സേവന ദാതാക്കള്‍ക്കും ഉള്‍പ്പടെ മൊത്തം 43438 ടവറുകളാണ് പ്രവര്‍ത്തിക്കുന്നത്. 800 മുതല്‍ 2300 മെഗാഹെര്‍ട്ട്സ് വരെയുള്ള ഫ്രീക്വന്‍സിയില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ സംവിധാനങ്ങള്‍ യാതൊരു വിധ ആരോഗ്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്നില്ല. നിലവിലുള്ള റേഡിയേഷന് പരിധിയില്‍ കൂടുതലായാല്‍ പിഴ 10ലക്ഷം രൂപയാണെന്നും അദ്ദേഹം പറഞ്ഞു.
ടെലികോം സര്‍വ്വീസ് ദാതാക്കളുടെ ലൈസന്‍സ് സംബന്ധിച്ചും മൊബൈല്‍ റേഡിയേഷന്, മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി തുടങ്ങിയ വിഷയങ്ങള്‍ സംബന്ധിച്ചും ഉള്ള പരാതികള്‍ ടേം സെല്ലിന്റെ പ്രവര്‍ത്തന പരിധിയില്‍ വരുന്നവയാണ്. എറണാകുളം ഗാന്ധിനഗറിലെ ബിഎസ്എന്‍എല്‍ ഓഫീസിലാണ് ടേം സെല്‍ പ്രവര്‍ത്തിക്കുന്നത്.
മൊബൈല്‍ ടവര്‍ റേഡിയേഷനെക്കുറിച്ചും ടെലികോം സേവന ദാതാക്കളെക്കുറിച്ചും മറ്റിതര ടെലികോം സംബന്ധിയായ വിഷയങ്ങളെക്കുറിച്ചും പൊതുജനങ്ങള്‍ക്കും വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇവിടെ പരാതി നല്‍കാം. ഫോണ്‍ : 1063, 0484-2207300.
ഡയറക്ടര്‍മാരായ ടി ശ്രീനിവാസന്, ഗീതാ ഗോഡ്വിന് എന്നിവരും ടി ആര് ഷാജിയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: