പ്രശാന്ത് ആര്യ
തിരുവനന്തപുരം: രാജഭരണത്തിന്റെ തിരശേഷിപ്പുകളാല് സമൃദ്ധമാണ് കമ്പ്യൂട്ടര്‍ യുഗത്തിലും തിരുവനന്തപുരം. നഗരവികസനം ജനായത്ത ഭരണത്തിന്‍കീഴില്‍ വളര്‍ന്നത് പടവലങ്ങ പോലെയാണെന്ന് നഗരവാസികള്‍ ആക്ഷേപിച്ചാല്‍ തെറ്റു പറയാനാകില്ല. രാജഭരണകാലത്തെ അനന്തപുരിയുടെ പ്രൗഢിയും പൊലിമയും പഴമക്കാര്‍ ഇപ്പോഴും അയവിറക്കുന്നു. തിരുവിതാംകൂര്‍ രാജാക്കന്മാരില് നിന്ന് ഭരണത്തിന്റെ ചെങ്കോല്‍ ജനാധിപത്യത്തിലൂടെ ജനനായകരില്‍ എത്തിയിട്ട് ഏഴുപതിറ്റാണ്ടു തികയുന്നു. എന്നാല്‍ തലസ്ഥാന നഗരത്തിന്റെ മനോഹാരിതയും സൗകര്യങ്ങളും തിരുവനന്തപുരത്തിനുണ്ടോ എന്ന ചോദ്യത്തിന് മൗനം മാത്രമാണ് ഉത്തരം.
അഭിമാനിക്കാവുന്ന ഒട്ടേറെ പൈതൃക സമ്പത്തുകളാല്‍ സമ്പന്നമാണ് ഈ രാജനഗരം. മനോഹരമായ രാജവീഥികളാലും അനുയോജ്യമായ കാലാവസ്ഥയാലും വിശാലമായ സ്ഥലസൗകര്യത്താലും ഒക്കെ അനുഗൃഹീതമാണ് അനന്തപുരി. രാജ്യത്തിന് സ്വാതന്ത്ര്യംലഭിക്കും മുമ്പ് സ്ഥാപിതമായ ബ്രിട്ടീഷ് മോഡല്‍ സ്വീവേജ് സംവിധാനവും ജല-വൈദ്യുതി വിതരണവും മാലിന്യനിര്‍മാര്‍ജനവും അടുത്തകാലം വരെ മികവുറ്റ രീതിയില്‍ തന്നെ പ്രവര്‍ത്തിച്ചുവന്നു. എന്നാല്‍ ജനസംഖ്യാവര്‍ധനവും നഗരവികസനവും വാഹനപ്പെരുപ്പവും വീടുകളുടെ എണ്ണം വര്‍ധിച്ചതും ഇന്ന് നഗരത്തെ വീര്‍പ്പുമുട്ടിക്കുന്നു. നഗരം മാറിമാറി ഭരിച്ച ഇടതു-വലത് മുന്നണികള്‍ക്ക് കാലോചിതമായ പരിഷ്കാരങ്ങളോ അടിസ്ഥാനസൗകര്യവികസനമോ നഗരത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞില്ല. വീടുകളുടെ എണ്ണത്തിനനുസരിച്ച് സ്വീവേജ് ഏര്‍പ്പെടുത്താനോ കുടിവെള്ളം വിതരണ സംവിധാനം തടസ്സമില്ലാതെ ലഭ്യമാക്കാനോ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. കുറ്റമറ്റ വൈദ്യുതിലഭ്യത ഇപ്പോഴും തലസ്ഥാനത്തിന് അന്യമാണ്. സംസ്ഥാന സര്‍ക്കാരും നഗരസഭയും വിവിധവകുപ്പുകളും ഏകോപിച്ച് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഒരുപരിധിവരെ ഇക്കാര്യങ്ങളിലുണ്ടാകുന്ന പരാതികള്‍ പരിഹരിക്കാമായിരുന്നു.
ഇതിനെല്ലാം അപ്പുറത്ത് പൈതൃകനഗരമെന്ന അപൂര്‍വ ബഹുമതി തിരുവനന്തപുരത്തിന് ഇന്ന് അവകാശവാദം മാത്രമാണ്. പൈതൃകസ്വത്തുക്കള്‍ സംരക്ഷിക്കുന്നതില്‍ കാലാകാലങ്ങളില്‍ നഗരസഭാ ഭരണകര്‍ത്താക്കള്‍ വന്‍വീഴ്ചയാണ് വരുത്തിയത്. നിരവധി ചെറുതും വലുതുമായ കൊട്ടാരങ്ങള്‍ സ്ഥിതി ചെയ്യുന്ന നഗരം കൂടിയാണിത്. എന്നാല്‍ ഇവയെ വേണ്ടവിധം പരിപാലിക്കാനും സംരക്ഷിക്കാനും ഇതുവരെ നഗരസഭ കാര്യമായ ഒരുനടപടിയും സ്വീകരിച്ചിട്ടില്ല. മറിച്ച് ഫഌറ്റ് മാഫിയകള്‍ക്കും ഭൂമി കച്ചവടക്കാര്‍ക്കും അനുകൂലമായ നിലപാടുകള്‍ സ്വീകരിച്ചു. ഫലമോ, നഗരത്തിനുള്ളിലും അതിര്‍ത്തി പ്രദേശങ്ങളിലും അനധികൃതമായ നിര്മാണങ്ങളുയര്ന്നു. വ്യാപകമായ ഭൂമി കയ്യേറ്റവും ഓടനികത്തലും കുളം നശിപ്പിക്കലും ഉണ്ടായി. ഒരുകാലത്ത് കൊതുകുശല്യം കേട്ടുകേള്‍വി മാത്രമായിരുന്ന നഗരം ഇന്ന് കൊതുകുജന്യ രോഗങ്ങളുടെ പിടിയിലാണ്. മൂക്കുപൊത്താതെ നഗരയാത്ര ദുസ്സാധ്യമായി. വിനോദസഞ്ചാര ഭൂപടത്തില്‍ ഏറ്റവും വൃത്തിയുണ്ടായിരുന്ന നഗരമെന്ന് പേര് ചരിത്രത്തില്‍ മാത്രമായി.
നഗരജീവിതം ഏറ്റവും പ്രതികൂല സാഹചര്യത്തില്‍ എത്തി നില്‍ക്കുമ്പോഴാണ് നഗരസഭാ കൗണ്‍സിലിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഭരിച്ചു മുടിച്ച മുന്നണികള്‍ക്ക് പ്രത്യേകിച്ചൊന്നും ജനങ്ങളോട് പറയാനില്ല. വാഗ്ദാനങ്ങള്‍ മാത്രം കേട്ടുമടുത്ത ജനം അര്‍ഥപൂര്‍ണമായ വികസനത്തിന് കാത്തിരിക്കുകയാണ്. മണ്ണും വെള്ളവും വായുവും സംരക്ഷിച്ച് നഗരസൗന്ദര്യം നഷ്ടപ്പെടുത്താതെ അനന്തപുരിയെന്ന പൈതൃകനഗരത്തെ ആധുനിക മെട്രോസിറ്റിയാക്കുകയാണ് വേണ്ടത്. ദിനംപ്രതി കോടികളുടെ വരുമാനം നികുതിയിലൂടെ ലഭിക്കുന്ന നഗരത്തിന് വേണ്ടത് ദീര്‍ഘദൃഷ്ടിയോടെ നടപ്പാക്കുന്ന വികസനപദ്ധതികളാണ്. അതിന് വ്യക്തമായ ദിശാബോധവും മികവുറ്റ ആസൂത്രണവും കൈമുതലായ ഭരണാധികാരി നഗരസഭയ്ക്കുണ്ടാകണം.
മൈസൂരിലും ബറോഡയിലും മുംബൈയിലും അഹമ്മദാബാദിലും ചെന്നൈയിലും മധുരയിലും ഒക്കെ കഴിഞ്ഞ ഇരുപതുവര്ഷത്തിനിടയ്ക്കുണ്ടായ വികസനപ്രവര്‍ത്തനങ്ങള്‍ തിരുവനന്തപുരവും ആഗ്രഹിക്കുന്നു. പലയിടങ്ങളിലും മികച്ച ഭരണം കാഴ്ചവച്ച് ജനഹൃദയങ്ങള്‍ കീഴടക്കിയ ബിജെപി അനന്തപുരിയുടെ സമഗ്രവികസനമാണ് ജനങ്ങള്‍ക്കു മുന്നില്‍ വയ്ക്കുന്നത; ഒപ്പം പൈതൃകനഗരത്തിന്റെ വിശുദ്ധി എന്തുവിലകൊടുത്തും കാത്തുസൂക്ഷിക്കുമെന്ന ദൃഢപ്രതിജ്ഞയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: