തിരുവല്ല: തിരുവല്ലയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം കോണ്‍ഗ്രസ്സിന് കീറാമുട്ടിയാകുന്നു. എ-ഐ വിഭാഗങ്ങള്‍ തമ്മിലുള്ള ചേരിപ്പോര് രൂക്ഷമായതാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന് വിഘാതമാകുന്നത്. ഗ്രൂപ്പിന് അതീതമായി ഒറ്റക്കെട്ടായി മുന്നേറുമെന്ന കോണ്‍ഗ്രസ്സ് സംസ്ഥാന നേതൃത്വത്തിന്റെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് ഗ്രൂപ്പുയോഗങ്ങള്‍ അടക്കമുള്ള നടപടികളുമായി ഇരുപക്ഷവും മുന്നോട്ട് നീങ്ങുന്നത്.
ഗ്രാമപഞ്ചായത്ത് മുതല്‍ ജില്ലാപഞ്ചായത്ത് ഡിവിഷനുകളില്വരെ തര്‍ക്കങ്ങള്‍ ഉടലെടുത്തതോടെ ഒത്തുതീര്‍പ്പ് ചര്‍ച്ചകളുമായി നെട്ടോട്ടം ഓടുകയാണ് ജില്ലാനേതൃത്വം. കെപിസിസി തലം മുതല്‍ നിയോജകമണ്ഡലം ഭാരവാഹികള്‍ വരെയുള്ള പോഷകസംഘടനാ നേതാക്കളെ പങ്കെടുപ്പിച്ചുളള രഹസ്യ ഗ്രൂപ്പുയോഗങ്ങള്‍ വിളിച്ചുകൂട്ടുന്ന തിരക്കിലാണ് ഇരുഗ്രൂപ്പുകളും. സംസ്ഥാന നേതാക്കളുടെ അറിവോടെയാണ് യോഗങ്ങള്‍ ഏറെയും. ഐഗ്രൂപ്പിലെ ഒരു പ്രമുഖനേതാവിന്റെ വസതിയില്‍ ചേര്‍ന്ന രഹസ്യയോഗത്തില്‍ കെപിസിസി അംഗമടക്കമുള്ള മണ്ഡലത്തിലെ നേതാക്കള്‍ പങ്കെടുത്തിരുന്നു. സ്ഥാനാര്‍ത്ഥീ നിര്‍ണ്ണയത്തില്‍ തങ്ങളുടെ ഗ്രൂപ്പിന് ആധിപത്യം ഉറപ്പിക്കാനുള്ള പുതിയ തന്ത്രങ്ങള്‍ മെനയുന്നതിനാണ് യോഗം വിളിച്ചുചേര്‍ത്തത്.
മുന്നണിയില്‍ കോണ്‍ഗ്രസിന് ലഭിക്കുന്ന സീറ്റുകളില്‍ അമ്പതുശതമാനം ഐ ഗ്രൂപ്പിന് വേണമെന്നാണ് ഇവരുടെ ആവശ്യം. സ്ഥാനര്ത്ഥിനിര്ണ്ണയ സമിതികളില്‍ ഐ ഗ്രൂപ്പിന് വേണ്ടത്ര പ്രാതിനിധ്യം ലഭിച്ചില്ലെന്ന അഭിപ്രായവും യോഗത്തില്‍ ഉയര്‍ന്നുവന്നു. സമിതി എഗ്രൂപ്പ് കയ്യടക്കിയെന്നും ആക്ഷേപമുണ്ട്. ജില്ലാ പഞ്ചായത്തില്‍ പുളിക്കീഴ് ഡിവിഷനോ മല്ലപ്പളളിയോ ലഭിക്കണമെന്നാണ് ഇവരുടെ ആവശ്യം. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ ചാത്തങ്കരി, കൊമ്പങ്കേരി, പുളിക്കീഴ്, കുറ്റൂര്‍ എന്നീ ഡിവിഷനുകളും ആവശ്യപ്പെടുന്നുണ്ട്.
കടപ്ര, നെടുമ്പ്രം, പെരിങ്ങര, നിരണം പഞ്ചായത്തുകളിലെ നാല് സീറ്റുകള്‍ വിതം അവകാശവാദം ഉന്നയിക്കുന്നുണ്ട്.
കഴിഞ്ഞ തവണ തിരുവല്ല ബ്ലോക്ക് ഡിവിഷനില്‍ ഒരു സീറ്റുപോലും ഐ ഗ്രൂപ്പിന് ലഭിച്ചിരുന്നില്ല. എന്നാല്‍ ഗ്രൂപ്പിന് അതീതമായി വിജയസാധ്യത മാത്രമാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഉള്ളതെന്നാണ് തിരുവല്ല ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നിലപാട്.
ബുധനാഴ്ച്ച വിളിച്ചു ചേര്‍ത്ത രഹസ്യയോഗം സംബന്ധിച്ച് കെപിസിസിയുടെ നടപടി ഉണ്ടാകുമെന്ന് ബ്ലോക്ക് പ്രസിഡന്റ് രാജേഷ് ചാത്തങ്കരി മുന്നറിയിപ്പ് നല്കി.
നടപടി ഉറപ്പായതോടെ യൂത്ത് കോണ്‍ഗ്രസ് തിരുവല്ല ഈസ്റ്റ് മണ്ഡലം കണ്‍വെന്‍ഷനാണ് ബുധനാഴ്ച്ച നടത്തിയതെന്ന നിലപാടിലാണ് ഐ ഗ്രൂപ്പ് നേതാക്കള്‍. കെപിസിസി നിര്‍ദ്ദേശം അനുസരിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ സ്ഥാനര്‍ത്ഥി പട്ടിക തയാറാക്കുക മാത്രമായിരുന്നു യോഗത്തിന്റെ ലക്ഷ്യമെന്നും ഇവര്‍ പറയുന്നു. ബ്ലോക്ക് പ്രസിഡന്റിന്റെ സാന്നിദ്ധ്യത്തില്‍ എ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ തിങ്കളാഴ്ച്ച രാത്രി നഗരസഭാ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറിന്റെ വസതിയില്‍ ചേര്‍ന്ന രഹസ്യയോഗവും ബുധനാഴ്ച്ച ആനിക്കാട്ട് വിളിച്ചുചേര്‍ത്ത യോഗവും ഗ്രൂപ്പ് യോഗമായി കണക്കാക്കാന്‍ കെപിസിസി തയ്യാറാകണമെന്ന നിലപാടിലാണ് ഐ ഗ്രൂപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: