.മാനന്തവാടി : തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിലെ ഘടക കക്ഷികളുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകളില്‍ തലവേദന ഒഴിയാതെ കോണ്‍ഗ്രസ്. ത്രിതല പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും ജനവിധി തേടുന്നതിനു മുന്നണിയിലെ ചെറുകക്ഷികള്‍ കൂടുതല്‍ സീറ്റ് ആവശ്യപ്പെടുന്നതാണ് പ്രദേശികതലത്തിലടക്കം കോണ്‍ഗ്രസിനെ അലട്ടുന്നത്. മുന്നണിക്കകത്ത് യോജിച്ചുപ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച സി.എം.പിയും ആര്.എസ്.പിയും ജില്ലാ പഞ്ചായത്തിലേക്കും മത്സരിക്കുന്നതിനും സീറ്റ് വേണമെന്ന ശാഠ്യത്തിലാണ്. കേരള കോണ്‍ഗ്രസ് ജേക്കബ്ബ് വിഭാഗവും പിടിവാശിയിലാണ്.
കേരള കോണ്‍ഗ്രസ്-ബിയില്‍നിന്നു രാജിവെച്ചവര്‍ കേരള കോണ്‍ഗ്രസ്-ജേക്കബ്ബില്‍ ചേരാന്‍ തീരുമാനിച്ചിച്ചുണ്ട്. ഇത് കണക്കിലെടുത്ത് സീറ്റ് വിഭജനം നടത്തണമെന്നാണ് ജേക്കബ്ബ് വിഭാഗത്തിന്റെ ആവശ്യം. മാനന്തവാടി മുന്‍സിപ്പാലിറ്റി സീറ്റ് വിഭജനത്തില്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം ഉടക്കിലാണ്. ഒരു വനിതാസീറ്റേ നല്‍കൂ എന്ന കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ച കേരള കോണ്‍ഗ്രസ്(എം) മുഴുവന്‍ വാര്‍ഡുകളിലും തനിച്ചു മത്സരിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 36 വാര്‍ഡുകളാണ് മുന്‍സിപ്പാലിറ്റിയില്‍. ഇവിടെ സീറ്റ് വിഭജന വിഷയത്തില്‍ മുസ്ലിം ലീഗും കോണ്‍ഗ്രസുമായി ഇടഞ്ഞുനില്‍ക്കുകയാണ്. ഒന്‍പത് സീറ്റുകളാണ് ലീഗ് ചോദിക്കുന്നത്. നാലില്‍ കൂടുതല്‍ നല്‍കില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. കഴിഞ്ഞ തവണ മാനന്തവാടി പഞ്ചായത്തിലേക്ക് നടന്ന തെരഞ്ഞുടുപ്പില്‍ രണ്ട് വാര്‍ഡുകളിലാണ് മുസ്ലിം ലീഗ് മത്സരിച്ചത്.
2010ലേതുപോലെ സീറ്റ് വിഭജനം നടത്താനാണ് യു.ഡി.എഫ് സംസ്ഥാന നേതൃത്വം ജില്ലാ നേതൃത്വത്തിനു നല്കിയ നിര്‍ദേശം. ത്രിതല പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും യു.ഡി.എഫ് സീറ്റ് വിഭജനം രണ്ട് ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്ന് നേതാക്കളില്‍ ഒരാളായ എ.പി.ശ്രീകുമാര്‍ പറഞ്ഞു. സീറ്റുകളെ ചൊല്ലി മുന്നണിയില്‍ ഒറ്റപ്പെട്ട തര്‍ക്കങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നതെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇടതു മുന്നണിയിലും സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗതിയിലാണ്. സീറ്റ് വിഭജന ചര്‍ച്ച ഏറെക്കുറെ പൂര്‍ത്തിയാക്കിയ മുന്നണിയിലെ ഘടകകക്ഷികള്‍ സ്ഥാനാര്‍ഥി നിര്‍ണയം നടത്തിവരികയാണെന്ന് കണ്‍വീനര്‍ കെ.വി.മോഹനന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: